World
Vladimir Putin and the North Korean leader, Kim Jong-un
World

വിദേശ ആക്രമണം; പരസ്പരം സഹായിക്കാൻ ധാരണയിലെത്തി റഷ്യയും ഉത്തരകൊറിയയും

Web Desk
|
20 Jun 2024 1:19 AM GMT

മറ്റു മേഖലകളിലും സഹകരണം ശക്തമാക്കാൻ ധാരണ

മോസ്കോ: വിദേശ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ പരസ്പരം സഹായിക്കാൻ ധാരണയിലെത്തി റഷ്യയും ഉത്തരകൊറിയയും . റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ഉത്തരകൊറിയ സന്ദർശനത്തിലാണ് തീരുമാനം. മറ്റു മേഖലകളിലും സഹകരണം ശക്തമാക്കാൻ ധാരണ.

സുരക്ഷാ, വാണിജ്യം, സാമ്പത്തികം ,ടൂറിസം സാംസ്കാരികം എന്നിങ്ങനെ സർവമേഖലയിലും സഹകരിക്കാനുള്ള തന്ത്ര പങ്കാളിത്ത കരാറിലാണ് പുടിനും ഉത്തരകൊറിയ പ്രസിഡന്‍റ് കിം ജോങ് ഉന്നും ഒപ്പുവെച്ചത്. ഇതിലെ ഏറ്റവും നിർണായക കരാറാണ് വിദേശ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ സഹായിക്കാനുള്ള പരസ്പര ധാരണ .

പാശ്ചാത്യ ആക്രമണങ്ങളെ നേരിടാനും പരമാധികാരം ഉറപ്പാക്കാനും ഉത്തരകൊറിയ നടത്തുന്ന നീക്കങ്ങളെ റഷ്യ പിന്തുണയ്ക്കുമെന്ന് പുടിൻ പറഞ്ഞു. റഷ്യയെ ആക്രമിക്കാൻ വിവിധ പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്ന് ആയുധങ്ങൾ നൽകുന്നുവെന്നും ഇത്തരം സാഹചര്യത്തിൽ ഉത്തരകൊറിയയുമായി സൈനിക സഹകരണം വരെ ഉണ്ടാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

യുക്രൈനില്‍ റഷ്യ നടത്തുന്ന നീക്കങ്ങളെ പൂർണമായി പിന്തുണയ്ക്കുമെന്ന് കിം ജോങ് ഉൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തമാണെന്നും പുതിയ കരാർ സമാധാനത്തിനും പ്രതിരോധത്തിനും വേണ്ടിയാണെന്നും ഉൻ പ്രതികരിച്ചു. ആയുധ കൈമാറ്റം നടന്നെന്ന ആരോപണത്തെ ഇരു രാജ്യങ്ങളും തള്ളിക്കളഞ്ഞു. ഉത്തര കൊറിയയുമായുള്ള ആയുധ കൈമാറ്റത്തിന് ഐക്യരാഷ്ട്ര സഭയുടെ വിലക്കുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ വലിയ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.

Similar Posts