![യുക്രൈനിൽ രണ്ടു ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ യുക്രൈനിൽ രണ്ടു ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ](https://www.mediaoneonline.com/h-upload/2023/01/05/1343953-untitled-1.webp)
യുക്രൈനിൽ രണ്ടു ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
![](/images/authorplaceholder.jpg?type=1&v=2)
റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് തീരുമാനം.
മോസ്‌കോ: യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. അടുത്ത രണ്ടുദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ തീരുമാനം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് റഷ്യ യുക്രൈനിൽ സമ്പൂർണ വെടിനിർത്തൽ ഏർപ്പെടുത്തുന്നത്.മതപരമായ അവധിക്കാലത്ത് വെടിനിർത്തലിനുള്ള റഷ്യയിലെ 76 കാരനായ ഓർത്തഡോക്സ് നേതാവ് പാത്രിയാർക്കീസ് കിറിലിന്റെ അഭ്യർത്ഥനയെ തുടർന്നാണ് പ്രഖ്യാപനം.
""2023 ജനുവരി 6-ന് 12:00 (0900 GMT) മുതൽ 2023 ജനുവരി 7-ന് 24:00 (2100 GMT) വരെ ഇരുരാജ്യങ്ങളും തമ്മിലുള്ള മുഴുവൻ സമ്പർക്ക നിരയിലും വെടിനിർത്തൽ ഏർപ്പെടുത്താൻ ഞാൻ റഷ്യൻ ഫെഡറേഷന്റെ പ്രതിരോധ മന്ത്രിയോട് നിർദ്ദേശിക്കുന്നു;" റഷ്യ പ്രസ്താവനയിൽ അറിയിച്ചു. യാഥാസ്ഥിതികത അവകാശപ്പെടുന്ന ധാരാളം പൗരന്മാർ യുദ്ധമേഖലകളിൽ താമസിക്കുന്നു എന്ന വസ്തുത കണക്കിലെടുത്ത്, വെടിനിർത്തൽ പ്രഖ്യാപിക്കാനും ക്രിസ്മസ് രാവിൽ പള്ളിയിൽ പങ്കെടുക്കാനുള്ള അവസരം നൽകാനും യുക്രൈനോട് ആവശ്യപ്പെടുന്നതായും റഷ്യ കൂട്ടിച്ചേർത്തു.
അതേസമയം, ഡൊനെറ്റ്സ്‌കിലെ സൈനികകേന്ദ്രത്തിൽ കഴിഞ്ഞദിവസം യുക്രൈൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 63 സൈനികർ കൊല്ലപ്പെട്ടതായി റഷ്യ അറിയിച്ചിരുന്നു. റഷ്യൻ നിയന്ത്രണത്തിലുള്ള മാക് വ്ക നഗരത്തിലാണ് നഗരത്തിലായിരുന്നു റോക്കറ്റാക്രമണം നടന്നത്.റഷ്യൻ സൈനികർ താമസിക്കുന്ന കെട്ടിടത്തിന് നേരെ യുക്രേനിയൻ സേന ആറ് റോക്കറ്റുകൾ തൊടുത്തുവിട്ടതായി തിങ്കളാഴ്ച റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇതിൽ രണ്ട് മിസൈലുകൾ വെടിവച്ച് വീഴ്ത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.വ്യോമപ്രതിരോധ സംവിധാനം യുക്രെയ്ൻ ആക്രമണത്തിൽ തകർന്നെന്നും മൂന്ന് റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിച്ചെന്നും റഷ്യൻ പ്രതിരോധ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
10 മാസത്തിന് മുമ്പ് യുദ്ധം ആരംഭിച്ച ശേഷം യുക്രൈൻ നടത്തുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് കഴിഞ്ഞദിവസം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുഎസ് സാങ്കേതിക വിദ്യയോട് കൂടിയ ആയുധങ്ങൾ യുക്രൈന് ലഭ്യമായിട്ടുണ്ട്. ഈ ആയുധങ്ങൾ ഉപയോഗിച്ചാണ് യുക്രൈൻ റഷ്യക്കെതിരെ തിരിച്ചടി തുടങ്ങിയത്. അതേസമയം,ആക്രമണത്തിൽ പ്രദേശവാസികൾക്കും പരിക്കേൽക്കുകയും ചിലർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.