World
പ്രശംസനീയം; യുക്രൈൻ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പുകഴ്ത്തി റഷ്യ
World

'പ്രശംസനീയം'; യുക്രൈൻ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പുകഴ്ത്തി റഷ്യ

Web Desk
|
27 Feb 2022 12:13 PM GMT

മോസ്‌കോയുമായും പടിഞ്ഞാറൻ സഖ്യരാഷ്ട്രങ്ങളുമായും സന്തുലിതമായ ബന്ധം നിലനിർത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. 'ക്വാഡ്' സഖ്യത്തിൽ യുക്രൈൻ അധിനിവേശത്തെ അപലപിക്കാത്ത ഏക രാജ്യവും ഇന്ത്യയാണ്.

യുക്രൈൻ അധിനിവേശത്തിനെതിരെ യു.എൻ രക്ഷാസമിതിയിൽ യു.എസ് അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ഇന്ത്യയെ പുകഴ്ത്തി റഷ്യ. യുക്രൈൻ അധിനിവേശത്തിൽ നിന്ന് എത്രയും വേഗം റഷ്യ പിൻമാറണമെന്ന് ആവശ്യപ്പെട്ട് യു.എസും അൽബേനിയയും ചേർന്നാണ് ഫെബ്രുവരി 25ന് പ്രമേയം അവതരിപ്പിച്ചത്. 15 രക്ഷാസമിതി അംഗങ്ങളിൽ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ ഇന്ത്യയും ചൈനയും യു.എ.ഇയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഭൂരിപക്ഷവും പിന്തുണച്ചെങ്കിലും രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതിനാൽ പ്രമേയം പാസാക്കാനായില്ല.

ഇന്ത്യൻ നിലപാടിനെ പുകഴ്ത്തി റഷ്യൻ എംബസി ട്വീറ്റ് ചെയ്തു. യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ സ്വീകരിച്ച സ്വതന്ത്രവും സന്തുലിതവുമായ നിലപാട് വളരെയധികം പ്രശംസനീയമാണെന്ന് എംബസി പ്രസ്താവനയിൽ പറഞ്ഞു.

''യു.എൻ രക്ഷാസമിതിയിലെ വോട്ടെടുപ്പിൽ ഇന്ത്യ സ്വീകരിച്ച സ്വതന്ത്രവും സന്തുലിതവുമായ നിലപാട് വളരെയധികം പ്രശംസനീയമാണ്. സവിശേഷവും തന്ത്രപ്രധാനവുമായ പങ്കാളിത്തത്തിന്റെ ഭാഗമായി യുക്രൈനുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സംബന്ധിച്ച് ഇന്ത്യയുമായി തുറന്ന സംഭാഷണത്തിന് റഷ്യ പ്രതിജ്ഞാബദ്ധമാണ്''-എംബസി ട്വീറ്റ് ചെയ്തു.

മോസ്‌കോയുമായും പടിഞ്ഞാറൻ സഖ്യരാഷ്ട്രങ്ങളുമായും സന്തുലിതമായ ബന്ധം നിലനിർത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. 'ക്വാഡ്' സഖ്യത്തിൽ യുക്രൈൻ അധിനിവേശത്തെ അപലപിക്കാത്ത ഏക രാജ്യവും ഇന്ത്യയാണ്. ക്വാഡിലെ മറ്റ് അംഗരാജ്യങ്ങളായ യു.എസും ആസ്‌ത്രേലിയയും ജപ്പാനും യു.എൻ രക്ഷാസമിതിയിൽ റഷ്യക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നു.

ശീതയുദ്ധകാലം മുതൽ റഷ്യയുമായി അടുത്ത ബന്ധമാണ് ഇന്ത്യക്കുള്ളത്. സോവിയറ്റ് യൂണിയൻ നിലനിന്ന കാലത്തും തുടർന്നും ഇന്ത്യയുടെ ഏറ്റവും കൂടുതൽ ആയുധ ഇടപാട് നടത്തുന്ന രാജ്യമാണ് റഷ്യ. അവരെ പിണക്കിയാൽ റഷ്യ-ചൈന സഖ്യം രൂപപ്പെടാനുള്ള സാധ്യതയും ഇന്ത്യ മുൻകൂട്ടി കാണുന്നുണ്ട്. ഇതിനെ തടയാൻ കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നത്.

Related Tags :
Similar Posts