World
ബൈഡനെയും കുടുംബത്തെയും 23 അമേരിക്കക്കാരെയും വിലക്കിയതായി റഷ്യ
World

ബൈഡനെയും കുടുംബത്തെയും 23 അമേരിക്കക്കാരെയും വിലക്കിയതായി റഷ്യ

Web Desk
|
28 Jun 2022 9:49 AM GMT

നിരവധി യൂണിവേഴ്സിറ്റി പ്രൊഫസർമാർക്കും ഗവേഷകർക്കും മുൻ യുഎസ് ഉദ്യോഗസ്ഥർക്കും റഷ്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്

മോസ്‌കോ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും ഭാര്യയെയും മകളെയും മറ്റു 23 അമേരിക്കക്കാരെയും വിലക്കിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക റഷ്യക്കു മേൽ കടുത്ത ഉപരോധമാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിനു പിന്നാലെയാണ് റഷ്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രതികാര നടപടി.

അമേരിക്കൻ പ്രസിഡന്റ് അടക്കം 25 പേരെ സ്‌റ്റോപ്പ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും റഷ്യ വ്യക്തമാക്കി. മൈനിലെ സൂസൻ കോളിൻസ്, കെന്റക്കിയിലെ മിച്ച് മക്കോണൽ, അയോവയിലെ ചാൾസ് ഗ്രാസ്ലി, ന്യൂയോർക്കിലെ കിർസ്റ്റൺ ഗില്ലിബ്രാൻഡ് എന്നിവരുൾപ്പെടെ നിരവധി യുഎസ് സെനറ്റർമാരാണ് പട്ടികയിൽ ഇടംപിടിച്ചത്. നിരവധി യൂണിവേഴ്‌സിറ്റി പ്രൊഫസർമാരും ഗവേഷകരും മുൻ യുഎസ് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം യുക്രൈൻ നഗരമായ ക്രിമെൻചുക്കിലെ ഷോപ്പിംഗ് മാളിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 16 പേർ മരിച്ചു. 56 പേർക്ക് പരിക്കേറ്റതായും യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും തീ കൂടുതൽ പടരാതിരിക്കാൻ സാധനങ്ങൾ മാറ്റുന്നതായും അധികൃതർ വ്യക്തമാക്കി. മിസൈലുകൾ പതിക്കുമ്പോൾ ആയിരത്തിലധികം ആളുകൾ മാളിൽ ഉണ്ടായിരുന്നതായി യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു.

മാൾ പൂർണമായും കത്തിനശിച്ചെന്നും മരണ സംഖ്യ കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മാളിൽ തീ പടരുന്നതിന്റേയും രക്ഷാ പ്രവർത്തനത്തിന്റേയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കപ്പൽവേധ മിസൈലുകളായ കെ.എച്ച്-22 ആണ് പതിച്ചതെന്നും തെക്കൻ റഷ്യയിലെ കീസ്‌ക്കിൽ നിന്നുമാണ് അക്രമം നടന്നതെന്നുമാണ് യുക്രൈൻ വ്യോമായന മന്ത്രാലയം വ്യക്തമാക്കിയത്. റഷ്യ മനുഷ്യത്വത്തിന് വില കൽപ്പിക്കുന്നില്ലെന്നും അക്രമത്തിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു.

Similar Posts