യുഎൻ രക്ഷാസമിതിയിൽ അമേരിക്കയുടെ പ്രമേയം വീറ്റോ ചെയ്ത് റഷ്യയും ചൈനയും; വെടിനിർത്തലിന് ആഹ്വാനം ചെയ്യാത്ത പ്രമേയമെന്ന് ഹമാസ്
|രക്ഷാസമിതിയിൽ പ്രമേയം വീറ്റോ ചെയ്ത റഷ്യയുടേയും ചൈനയുടേയും നടപടിയെ അമേരിക്ക വിമർശിച്ചു
ജനീവ: ഇസ്രായേലിന്റെ വംശഹത്യാ നടപടികൾക്ക് ന്യായീകരണം ചമക്കുമാറ് അമേരിക്ക യു.എൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയം പരാജയപ്പെടുത്തിയ ചൈനക്കും റഷ്യക്കും നന്ദി പറഞ്ഞ് ഹമാസ്. അടിയന്തര വെടിനിർത്തലിന് കൃത്യമായ ആഹ്വാനം ചെയ്യാത്ത പ്രമേയമാണിതെന്നും പ്രസ്താവനയിൽ ഹമാസ് വ്യക്തമാക്കി. രക്ഷാസമിതിയിൽ പ്രമേയം വീറ്റോ ചെയ്ത റഷ്യയുടേയും ചൈനയുടേയും
നടപടിയെ അമേരിക്ക വിമർശിച്ചു. അൽ-ശിഫ ആശുപത്രിയിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇസ്രായേൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. റഫ ആക്രമണത്തിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് ആവശ്യപ്പെട്ടു. അതേസമയം ഗസ്സയിൽ മരണം 32,000 കടന്നു.
ഗസ്സയിൽ അടിയന്തര വെടിനിർത്തലും ബന്ദിമോചനവും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തത് നിർഭാഗ്യകരമെന്ന് അമേരിക്ക വ്യക്തമാക്കി. ഗസ്സയിൽ സഹായം എത്തിക്കാനും ബന്ദിമോചനവും ലക്ഷ്യമിട്ട് കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടത് ദുഃഖകരമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. എന്നാൽ ഇസ്രായേലിനെ ന്യായീകരിക്കുകയും അടിയന്തര വെടിനിർത്തലിന് കൃത്യമായ നിലപാട് സ്വീകരിക്കാതിരിക്കുകയും ചെയ്ത പ്രമേയം പരാജയപ്പെടേണ്ടതു തന്നെയെന്ന് ഹമാസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വൻതോതിൽ ആയുധങ്ങൾ നൽകി ഫലസ്തീൻ ജനതയുടെ വംശഹത്യ ഉറപ്പാക്കാൻ ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കയുടെ നിക്ഷിപ്ത താൽപര്യങ്ങൾ ലോകം തിരിച്ചറിയുന്നതായും പ്രസ്താവനയിൽ ഹമാസ് വ്യക്തമാക്കി.
15 അംഗ സമിതിയിൽ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചും മൂന്ന് രാജ്യങ്ങൾ എതിർത്തും വോട്ടുചെയ്തു. ഗയാന വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ചൈന, റഷ്യ എന്നീ സ്ഥിരാംഗങ്ങളെ കൂടാതെ അൽജീരിയയും എതിർത്ത് വോട്ട് ചെയ്തു. റഫയിൽ സൈനിക നടപടിക്ക് ഇസ്രായേലിന് പച്ചക്കൊടി കാട്ടുന്ന കപടമായ പ്രമേയമാണ് യു.എസ് അവതരിപ്പിച്ചതെന്നാണ് റഷ്യയുടെയും ചൈനയുടെയും കുറ്റപ്പെടുത്തൽ. ഗസ്സയിൽ മുമ്പ് പല തവണ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയങ്ങള അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു. അടിയന്തര വെടിനിർത്തൽ വൈകിയാൽ വലിയ ദുരന്തമാകും കാത്തിരിക്കുന്നതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്കി . എത്രയും പെട്ടെന്ന് പുതിയൊരു പ്രമേയം രക്ഷാസമിതിക്കു മുമ്പാകെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു.
ഗസ്സ സിറ്റിയിലെ അൽ-ശിഫ ആശുപത്രിയിൽ ഇസ്രായേൽ അതിക്രമം അഞ്ചാം ദിവസമായ ഇന്നലെയും തുടർന്നു. സൈന്യം നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായി ദൃക്സാക്ഷികൾ അറിയിച്ചു. അൽ-ശിഫയിൽ പോരാളികളെ വധിച്ചതായ ഇസ്രായേൽ അവകാശവാദം ഹമാസ് തള്ളി. ആരോഗ്യപ്രവർത്തകരെയും രോഗികളെയും കൂട്ടിരിക്കുന്നവരെയും അഭയാർഥികളെയുമാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തുന്നതെന്നും ഹമാസ്. ഗസ്സയിൽ പിന്നിട്ട 24 മണിക്കൂറിനിടെ 82 പേർ കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 32,070 ആയി. റഫ ആക്രമണത്തിൽ നിന്ന് പിൻമാറാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് ഇസ്രായേലിനോട് വീണ്ടും ആവശ്യപ്പെട്ടു. കരയുദ്ധം ഒഴിവാക്കി ഹമാസിനെ അമർച്ച ചെയ്യാനുള്ള തന്ത്രം ചർച്ച ചെയ്യാൻ കൂടിയാണ് ഇസ്രായേൽ സംഘത്തെ അമേരിക്കയിലേക്ക് ക്ഷണിച്ചതെന്ന് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.