World
ഉപരോധങ്ങള്‍ക്ക് തിരിച്ചടിച്ച് റഷ്യ; വ്യോമാതിർത്തിയിൽ ബ്രിട്ടീഷ് വിമാനങ്ങൾക്ക് വിലക്ക്
World

ഉപരോധങ്ങള്‍ക്ക് തിരിച്ചടിച്ച് റഷ്യ; വ്യോമാതിർത്തിയിൽ ബ്രിട്ടീഷ് വിമാനങ്ങൾക്ക് വിലക്ക്

Web Desk
|
25 Feb 2022 1:50 PM GMT

ഇന്നലെ ബ്രിട്ടീഷ് വ്യോമയാന വിഭാഗം റഷ്യൻ വിമാനനങ്ങൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തിയിരുന്നു

റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ബ്രിട്ടീഷ് നടപടിക്ക് തിരിച്ചടി. ബ്രിട്ടനിൽനിന്നുള്ള മുഴുവൻ വിമാനങ്ങൾക്കും റഷ്യയിൽ വിലക്കേർപ്പെടുത്തി. വിമാനങ്ങൾക്ക് റഷ്യൻ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്നതിനും വിലക്കുണ്ട്.

റഷ്യയുടെ സിവിൽ ഏവിയേഷൻ വകുപ്പാണ് വിലക്ക് പ്രഖ്യാപിച്ചത്. ബ്രിട്ടനുമായി ബന്ധമുള്ള വ്യക്തികളുടെ നിയന്ത്രണത്തിലുള്ളതോ നിയന്ത്രിക്കുന്നതോ ആയ എല്ലാ വിമാനങ്ങൾക്കും റഷ്യൻ വ്യോമാതിർത്തിയിൽ നിരോധനമേർപ്പെടുത്തി. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങളെയും തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബ്രിട്ടീഷ് വ്യോമയാന വിഭാഗമാണ് റഷ്യൻ വിമാനനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. യുക്രൈനിലെ റഷ്യൻ സൈനിക നടപടിക്കു പിന്നാലെ ബ്രിട്ടീഷ് ഭരണകൂടം പ്രഖ്യാപിച്ച ഉപരോധ നടപടികളുടെ ഭാഗമായായിരുന്നു വിമാനവിലക്കും. ''പുടിന്റെ നീചമായ നടപടികളെ അവഗണിക്കുമെന്ന് കരുതേണ്ട. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നവരെ പൊറുപ്പിക്കില്ല..'' വിമാനവിലക്ക് ഏർപ്പെടുത്തിയ വിവരമറിയിച്ച് ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ട്വീറ്റ് ചെയ്തു.

അതേസമയം, റഷ്യ തിരിച്ചടി പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ ബ്രിട്ടീഷ് എയർവേസ് ഉടമകളായ ഇന്റർനാഷനൽ എയർലൈൻസ് ഗ്രൂപ്പ് റഷ്യൻ വ്യോമാതിർത്തിയിലൂടെയുള്ള യാത്രകൾ ഒഴിവാക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഏഷ്യയിലേക്ക് വളരെ കുറച്ച് സർവീസുകൾ മാത്രമാണ് നടത്തുന്നതെന്നതിനാൽ നടപടി തങ്ങളെ വലിയ തോതിൽ ബാധിക്കില്ലെന്നും ഈ സർവീസുകൾ വേറെ രാജ്യങ്ങളിലൂടെ തിരിച്ചുവിടാനാകുമെന്നും ഇന്റർനാഷനൽ എയർലൈൻസ് ഗ്രൂപ്പ് സി.ഇ.ഒ ലൂയിസ് ഗാലെഗോ വ്യക്തമാക്കി.

യുക്രൈൻ ജനതയ്ക്കൊപ്പമുണ്ടെന്ന് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. യുക്രൈനിൽ റഷ്യ നടപ്പാക്കുന്ന കാടൻ നടപടികൾ അവസാനിപ്പിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. റഷ്യക്കുമേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും റഷ്യയുടെ അധിനിവേശത്തെ ലോകം അപലപിച്ചു കഴിഞ്ഞെന്നും ബ്രിട്ടീഷ് പാർലമെന്റിൽ ബോറിസ് ജോൺസൺ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

Summary: Russia has banned all UK airplanes from landing or crossing into its airspace, a day after the British government barred Russian carriers from entering the UK.

Similar Posts