World
യുക്രൈനില്‍ 7000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക
World

യുക്രൈനില്‍ 7000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക

Web Desk
|
18 March 2022 1:43 AM GMT

മൂന്നാഴ്ച പിന്നിടുമ്പോഴും യുക്രൈന്‍ നഗരങ്ങളിൽ റഷ്യ ആക്രമണം തുടരുകയാണ്

യുക്രൈനിലെ റഷ്യൻ ആക്രമണം 23ആം ദിവസവും തുടരുന്നു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേർന്നു.

മൂന്നാഴ്ച പിന്നിടുമ്പോഴും യുക്രൈന്‍ നഗരങ്ങളിൽ റഷ്യൻ ആക്രമണം തുടരുകയാണ്. മരിയുപോളടക്കമുള്ള നഗരങ്ങൾ വ്യോമാക്രമണങ്ങളിൽ തകർന്നു. യുക്രൈൻ നഗരങ്ങളിൽ നിന്ന് മനുഷ്യ ഇടനാഴിയിലൂടെ കഴിഞ്ഞ ദിവസം 3810 പേരെ ഒഴിപ്പിച്ചു. റഷ്യൻ ആക്രമണം തുടങ്ങിയതിന് ശേഷം 52 കുട്ടികളടക്കം 700ലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി യുഎൻ രാഷ്ട്രീയകാര്യ മേധാവി റോസ്മേരി ഡികാർലോ പറഞ്ഞു.

റഷ്യ യുദ്ധക്കുറ്റങ്ങൾ ചെയ്തതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ആരോപിച്ചു. 7000 റഷ്യൻ സൈനികരെ യുക്രൈൻ വധിച്ചെന്ന് യുഎസ് വ്യക്തമാക്കി. അതിനിടെ യുക്രൈനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യുഎൻ സുരക്ഷാ കൗൺസിൽ ചേർന്നു. നഗരങ്ങളെയും പൗരന്മാരെയും റഷ്യ ലക്ഷ്യമിടുന്നതായി അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു. പുടിന്റെ അധിനിവേശം അവസാനിപ്പിക്കാൻ ചൈനയ്ക്കെതിരായ പരസ്യസമ്മർദം ശക്തമാക്കുകയാണ് അമേരിക്ക. ഇന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ ഫോണിൽ വിളിച്ച് സംസാരിക്കും. റഷ്യയ്ക്ക് ചൈന സൈനിക സഹായം നൽകിയാൽ ഷി ജിന്‍ പിങ്ങിന് തിരിച്ചടി നൽകുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകും.

റഷ്യൻ ഇറക്കുമതിയിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുകയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍. റഷ്യൻ യുറേനിയം ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള ബിൽ റിപബ്ലിക്കൻ യുഎസ് സെനറ്റർമാർ ഇന്നലെ അവതരിപ്പിച്ചു.

Related Tags :
Similar Posts