യുക്രൈനിലെ ഖേർസൻ നഗരം കീഴടക്കിയെന്ന് റഷ്യ; ഏറ്റവും പുതിയ വിവരങ്ങൾ
|അടുത്ത മൂന്നു ദിവസങ്ങളിലായി യുക്രൈനിലുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ 26 വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
യുക്രൈനിന്റെ ദക്ഷിണ ഭാഗത്തെ ഖേർസൻ നഗരം കീഴടക്കിയെന്ന് റഷ്യ. പ്രാദേശിക ഭരണകൂടം ഇത് നിഷേധിക്കുന്നുണ്ടെങ്കിലും റഷ്യൻ സൈന്യം നഗരത്തിന് ചുറ്റുമെത്തിയതായി അവർ സമ്മതിക്കുന്നുണ്ട്. അതേസമയം, റഷ്യ ആക്രമണം കനപ്പിക്കുന്നതിനാൽ യുക്രൈൻ തലസ്ഥാനമായ കിയവ്, വടക്കുകിഴക്കൻ നഗരമായ ഖാർകീവ് എന്നിവിടങ്ങളിൽ മരണസംഖ്യ വർധിക്കുകയാണ്.
- അധിനിവേശത്തിന് റഷ്യൻ പ്രസിഡൻറ് വ്‌ളാഡ്മിർ പുടിൻ വലിയ വില നൽകേണ്ടി വരുമെന്നാണ് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പറയുന്നത്. ഏറ്റവും പെട്ടെന്ന് അധിനിവേശകരെ തുരത്താൻ സഹായിക്കണമെന്ന് യുക്രൈൻ പ്രസിഡൻറ് സെലൻസ്‌കി ബൈഡനോട് അപേക്ഷിച്ചിട്ടുമുണ്ട്. അതേസമയം, ഒട്ടനവധി സൈനികരടങ്ങുന്ന റഷ്യൻ പട കിയവിൽ മുന്നേറ്റം തുടരുകയാണ്. യുക്രൈനെ തുടച്ചു നീക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് സെലൻസ്‌കി കുറ്റപ്പെടുത്തുന്നത്.
- യുഎസ് വ്യോമമേഖലയിൽ റഷ്യൻ വിമാനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതായി ജോ ബൈഡൻ അറിയിച്ചു. കാനഡയടക്കം നിരവധി യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ വ്യോമമേഖലയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
- അധിനിവേശം തുടങ്ങി ആറു ദിവസം കഴിഞ്ഞിട്ടും രാജ്യം അധീനതയിലാക്കാൻ കഴിയാത്തതിനാൽ ഭരണകൂട കേന്ദ്രങ്ങളെയും ജനങ്ങളെയും ലക്ഷ്യമിടുന്നതായാണ് വാർത്തകൾ. കിയവിന് പുറത്ത് 64 കിലോമീറ്ററോളം റഷ്യൻ സൈനിക സാന്നിധ്യമുണ്ടെന്നാണ് സാറ്റലൈറ്റ് ഇമേജുകൾ വ്യക്തമാക്കുന്നത്. ജനങ്ങളോട് പലായനം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
- അടുത്ത മൂന്നു ദിവസങ്ങളിലായി യുക്രൈനിലുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ 26 വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റൊമനായയിലെ ബുഷാറെസ്റ്റ്, ഹംഗറിയിലെ ബുഡാപെസ്റ്റ് എന്നിവിടങ്ങളിലേതിന് പുറമേ, പോളണ്ടിലെയും സ്‌ലോവാക് റിപബ്ലികിലെയും വിമാനത്താവളങ്ങളും ഉപയോഗപ്പെടുത്തിയാകും രക്ഷാപ്രവർത്തനം നടക്കുക.
- റഷ്യൻ ഗവൺമെൻറിന്റെ മാധ്യമ സംരഭങ്ങളായ ആർ.ടി, സ്പുട്‌നിക് എന്നിവയെ യൂറോപ്യൻ യൂനിയൻ നിരോധിച്ചിരിക്കുകയാണ്. സിഫ്റ്റ് ബാങ്ക് മെസേജിങ് സംവിധാനത്തിൽ നിന്ന് ചില റഷ്യൻ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്.
- യുഎൻ അന്താരാഷ്ട്രാ കോടതി മാർച്ച് ഏഴ്, എട്ട് ദിവസങ്ങളിൽ റഷ്യ തങ്ങളുടെ നാട്ടിൽ വംശഹത്യ നടത്തുന്നുവെന്ന യുക്രൈൻ പരാതിയിൽ വാദം കേൾക്കും.
- റഷ്യ അധിനവേശം തുടങ്ങിയ ശേഷം 67,7000 ത്തിലേറെ പേർ യുക്രൈൻ വിട്ടതായി യുഎൻ റെഫ്യൂജീ ഏജൻസി അറിയിച്ചു.
വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പുടിന് വ്യക്തതയില്ല: ജോ ബൈഡൻ
വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് വ്യക്തതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശം. മുന്നറിയിപ്പുകളെയൊന്നും വകവയ്ക്കാതെ റഷ്യ യുക്രൈനിൽ കനത്ത ആക്രമണം തുടരുകയാണ്. റഷ്യൻ ആക്രമണത്തെ തുടർന്ന് നിരവധിയാളുകളാണ് യുക്രൈനിൽ നിന്നും പലായനം ചെയ്തത്. റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കിയവ് ആക്രമിച്ചു കീഴടക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്ന വാർത്തയും പുറത്തുവരുന്നു. 2014-ൽ റഷ്യ പിടിച്ചെടുത്ത ഉപദ്വീപായ ക്രിമിയയുടെ വടക്ക് ഭാഗത്തുള്ള കെർസണിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.'യുദ്ധഭൂമിയിൽ റഷ്യയ്ക്കു നേട്ടമുണ്ടാക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ പുടിന് വലിയ വില നൽകേണ്ടിവരും,' ബൈഡൻ തന്റെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ പറഞ്ഞു. എന്താണ് വരാൻ പോകുന്നതെന്ന് അയാൾക്ക് അറിയില്ലെന്നും അദ്ദേഹം വിശദമാക്കി.
ബൈഡന്റെ പ്രസംഗത്തെ നിറഞ്ഞ കയ്യടികളോടെയാണ് സഭാംഗങ്ങൾ ഏറ്റെടുത്തത്. അവരിൽ പലരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യുക്രേനിയൻ പതാക വീശി. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ദൗർലഭ്യം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കാരണം കിയവ് ആക്രമിച്ചു കീഴടക്കുകയെന്ന റഷ്യൻ സേനയുടെ ലക്ഷ്യം സ്തംഭനാവസ്ഥയിലാണെന്ന് മുതിർന്ന യു.എസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം സാധാരണ ജനങ്ങളെ ബോംബെറിഞ്ഞു കൊല്ലുന്നത് നിർത്തി രണ്ടാം ഘട്ട സമാധാന ചർച്ചയ്ക്ക് റഷ്യ തയ്യാറാകണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു. 450,000-ത്തിലധികം ആളുകൾ യുക്രൈനിൽ നിന്ന് പോളണ്ടിലേക്കും 113,000 പേർ റൊമാനിയയിലേക്കും പലായനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്നും യക്രൈനിൽ നിന്നും സൈന്യത്തെ പിൻവലിക്കണമെന്നും യു.എൻ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ലോകരാജ്യങ്ങൾ യുഎന്നിൽ ഉന്നയിച്ചത്.
റഷ്യയുടെ അതിർത്തിക്കടുത്തുള്ള യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിന് ചുറ്റുമാണ് ഏറ്റവും ശക്തമായ ബോംബാക്രമണം നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവർണർ ഒലെഗ് സിനെഗുബോവ് പറഞ്ഞു. കിയവിനു പടിഞ്ഞാറ്, ഷൈറ്റോമിർ നഗരത്തിൽ, ഒരു കുട്ടി ഉൾപ്പെടെ നാല് പേർ ചൊവ്വാഴ്ച റഷ്യൻ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രേനിയൻ ഉദ്യോഗസ്ഥരും വ്യക്തമാക്കി. ആക്രമണത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സാധാരണക്കാരുടെ എണ്ണത്തിൽ വ്യക്തതയില്ലെന്നാണ് വിവരം. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ വലുതായിരിക്കുമെന്ന് തന്നെയാണ് യു.എന്നിന്റെയും വിലയിരുത്തൽ.
റഷ്യയ്ക്ക് യുക്രൈനിൽ എന്താണ് കാര്യം?
യുഎസ് നേതൃത്വം നൽകുന്ന മുപ്പത് പാശ്ചാത്യൻ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയിൽ അംഗത്വമെടുക്കാനുള്ള യുക്രൈന്റെ ശ്രമങ്ങളാണ് റഷ്യയെ ചൊടിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് യുക്രൈൻ നാറ്റോയിൽ അംഗത്വം ആവശ്യപ്പെട്ടത്. അതിർത്തി രാഷ്ട്രത്തിൽ നാറ്റോ സഖ്യസേനയ്ക്ക് താവളമൊരുങ്ങുന്നത് റഷ്യ ആശങ്കയോടെയാണ് കാണുന്നത്. ശീതയുദ്ധ കാലത്തെ അനുഭവങ്ങൾ റഷ്യയെ ഭയപ്പെടുത്തുകയും ചെയ്യുന്നു. നാറ്റോയ്ക്കും തങ്ങൾക്കുമിടയിലെ 'നോ മാൻസ് ലാൻഡ്' ആയാണ് റഷ്യ യുക്രൈനെ കാണുന്നത്. നാറ്റോയിൽ അംഗത്വമെടുക്കുന്ന നിലപാടുമായി മുമ്പോട്ടു പോയാൽ കടുത്ത നടപടികൾക്കു വിധേയമാകുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു.
എന്നാൽ തങ്ങൾ പരമാധികാര രാഷ്ട്രമാണ് എന്നും സ്വന്തം തീരുമാനവുമായി മുമ്പോട്ടുപോകുമെന്നും യുക്രൈൻ പ്രസിഡണ്ട് വ്‌ളോദിമിർ സെലൻസ്‌കി നിലപാടെടുത്തു. നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാഷ്ട്രങ്ങൾക്ക് നാറ്റോ അംഗത്വം നൽകിയതാണ് സെലൻസ്‌കിയെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഇതോടെ യുക്രൈയൻ അതിർത്തികളിലും സഖ്യരാഷ്ട്രമായ ബെലറൂസിലും റഷ്യ സേനയെ വിന്യസിച്ചു. രണ്ടു ലക്ഷത്തിലേറെ സൈനികരാണ് അതിർത്തിയിൽ ഉണ്ടായിരുന്നത്. നാറ്റോയിൽ ചേരില്ലെന്ന ഉറപ്പ് യുക്രൈനിൽ നിന്നും പാശ്ചാത്യൻ രാജ്യങ്ങളിൽ നിന്നും ലഭിക്കണമെന്നാണ് പുടിന്റെ നിലപാട്.
മാറി നിൽക്കുന്ന യുഎസ്
യുദ്ധ ഭീഷണി ഉയർന്ന വേളയിൽ യുക്രൈനു വേണ്ടി നിലകൊണ്ട രാഷ്ട്രമാണ് യുഎസ്. ആവശ്യമെങ്കിൽ സൈനിക സഹായം നൽകുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയതിന് ശേഷം, സൈനിക നടപടികളിൽ നിന്നു വിട്ടു നിൽക്കുകയാണ് അമേരിക്ക. പകരം ഉപരോധം കടുപ്പിക്കുകയാണ് ചെയ്തത്. യുഎസിലുള്ള എല്ലാ സമ്പത്തും മരവിപ്പിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസിന് പുറമേ, യൂറോപ്പും റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഉപരോധം റഷ്യമായി കാര്യമായി അലട്ടില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എണ്ണ, പ്രകൃതിവാതക കയറ്റുമതിയാണ് പ്രധാനമായും യൂറോപ്പുമായി റഷ്യക്കുള്ളത്. ഏത് ഉപരോധത്തിനിടയിലും അവ സുരക്ഷിതമായി കയറ്റി അയക്കപ്പെടും. കാരണം, അത് യൂറോപ്പിന്റെ കൂടി ആവശ്യമാണ്. എന്നാൽ നോർട് സ്ട്രീം-2 പൈപ്പ് ലൈൻ പദ്ധതി നിർത്തിവയ്ക്കാനുള്ള ജർമനിയുടെ തീരുമാനം റഷ്യക്ക് തിരിച്ചടിയാണ്. റഷ്യയിൽ നിന്ന് ജർമനി വരെ നീളുന്ന പ്രകൃതിവാതക പൈപ്പ്‌ലൈനാണ് നോർഡ് സ്ട്രീം 2. ചൈന നൽകുന്ന പിന്തുണയും റഷ്യക്ക് ബലമേകുന്നു. യുക്രൈനിൽ റഷ്യ നടത്തിയത് അധിനിവേശമല്ല എന്ന നിലപാടാണ് ചൈനയുടേത്.
മൂന്നാം ലോകയുദ്ധമോ?
റഷ്യ-യുക്രൈൻ യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമോ എന്ന് ലോകം ആശങ്കപ്പെടുന്നു. ആക്രമണം നീണ്ടു പോയാൽ ഇതോട് യുഎസും നാറ്റോയും എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമിത്. എന്നാൽ ലോകമഹായുദ്ധമല്ല, രണ്ടാം ശീതയുദ്ധത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളതെന്ന് ചില വിദഗ്ധർ പറയുന്നു.
യുക്രൈനിൽ സർവാധിപത്യം സ്ഥാപിക്കാനായാൽ മധ്യയൂറോപ്പിൽ റഷ്യക്ക് കൂടുതൽ സ്വാധീനം ഉണ്ടാക്കാനാകും. യുക്രൈൻ അധീനതയിലായാൽ നാറ്റോ അംഗ രാജ്യങ്ങളായ പോളണ്ടിന്റെ കിഴക്കൻ അതിർത്തിയിലേക്കും സ്ലൊവാക്യ, ഹംഗറി, റൊമാനിയ രാജ്യങ്ങളുടെ വടക്കൻ അതിർത്തിയിലേക്കും റഷ്യക്ക് എളുപ്പത്തിൽ എത്താനാകും. അയൽരാജ്യമായ ബെലറൂസ് ഇപ്പോൾ തന്നെ റഷ്യൻ സഖ്യരാഷ്ട്രമാണ്. ഭൂമിശാസ്ത്രപരമായി റഷ്യയ്ക്ക് ലഭിക്കുന്ന ഈ മേധാവിത്വം എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ ബാൾട്ടിക് രാഷ്ട്രങ്ങളും ഭീഷണിയാകും.
സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കും
കോവിഡ് മഹാമാരിയിൽ ഉലഞ്ഞ ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നതായിരിക്കും യുദ്ധം. യുദ്ധം ആരംഭിച്ച ആദ്യദിനം തന്നെ ക്രൂഡ് ഓയിൽ വിലയും സ്വർണവിലയും വർധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുക. എണ്ണ വില വർധിക്കുന്നതോടെ വിലപ്പെരുപ്പവും ഗണ്യമായ രീതിയിൽ വർധിക്കും.
വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശനിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റഴിക്കുന്ന സാഹചര്യവുമുണ്ടാകും. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് ഒലിച്ചു പോയത് 13 ലക്ഷം കോടിയിലേറെ രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണം കൂടുതൽ വാങ്ങിക്കൂട്ടുന്നത് മഞ്ഞലോഹത്തിന്റെ വില വർധിക്കാനും കാരണമാകും.
Russia says it has captured Kherson, the southern city of Ukraine