അധിനിവേശം തുടരുന്നു; സാപ്രോഷ്യ ആണവനിലയം പിടിച്ചടുത്ത് റഷ്യ
|ഷെല്ലൊക്രമണത്തിന് പിന്നാലെയാണ് റഷ്യ ആണവനിലയം പിടിച്ചെടുത്തത്
യുക്രൈനിലെ സാപ്രോഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തു. പിടിച്ചെടുത്തത് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം. ഷെല്ലൊക്രമണത്തിന് പിന്നാലെയാണ് റഷ്യ ആണവനിലയം പിടിച്ചെടുത്തത്. ആണവനിലയത്തിൽ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
സാപ്രോഷ്യയിലെ ആണവനിലയം പൊട്ടിത്തെറിച്ചാൽ അത് ചെർണോബിലിനേക്കാൾ 10 മടങ്ങ് വലിയ ആണവ ദുരന്തമാകുമെന്നും റഷ്യക്കാർ ഉടൻ തന്നെ ആക്രമണം അവസാനിപ്പിക്കണമെന്നും വിദേശകാര്യമന്ത്രി ദിമിത്രെ കുലെബ ആവശ്യപ്പെട്ടിരുന്നു.
സാപ്രോഷ്യയിലെ ആണവനിലയത്തിൽ നിന്നാണ് യുക്രൈന് ആവശ്യമായ ആണവോർജത്തിന്റെ 40 ശതമാനവും ലഭിക്കുന്നത്. ആണവ നിലയത്തിലേക്കുള്ള ആക്രമണം വലിയ ദുരന്തത്തിൽ കലാശിക്കുമെന്ന് കുലെബ മുന്നറിയിപ്പ് നൽകിയരുന്നു. 1986ലെ ചെർണോബിൽ ആണവ ദുരന്തത്തേക്കാൾ വലിയ ദുരന്തമാണ് ഉണ്ടാവുക. സപ്രോഷ്യയിലെ ആറ് റിയാക്ടറുകൾക്ക് നേരെ മനപൂർവ്വം വെടിയുതിർക്കുകയായിരുന്നുവെന്നായിരുന്നു യുക്രൈൻറെ പരാതി.
നേരത്തെ ചെർണോബിലിൻറെ നിയന്ത്രണവും റഷ്യ ഏറ്റെടുത്തിരുന്നു. ചെർണോബിൽ ഉൾപ്പെടെ യുക്രൈനിലെ ആണവ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ നടപടികളും അവസാനിപ്പിക്കാൻ യുഎൻ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങളെല്ലാം നിഷേധിച്ചുകൊണ്ടുള്ള നടപടിയാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.