World
റഷ്യ- യുക്രൈൻ യുദ്ധം; ട്രാവൽ, ടൂറിസം മേഖലക്ക് വൻതിരിച്ചടി
World

റഷ്യ- യുക്രൈൻ യുദ്ധം; ട്രാവൽ, ടൂറിസം മേഖലക്ക് വൻതിരിച്ചടി

Web Desk
|
27 Feb 2022 1:48 AM GMT

ഇന്ധനവില വർധന വിമാന യാത്ര കൂടുതൽ ചെലവേറിയതാക്കും

റഷ്യ- യുക്രൈൻ യുദ്ധം ട്രാവൽ, ടൂറിസം മേഖലക്കും വൻതിരിച്ചടിയുണ്ടാക്കി. ഇന്ധനവില ഉയർന്നതോടെ വിമാന ടിക്കറ്റ്​ നിരക്കുകളും വർധിച്ചേക്കും. എണ്ണയുടെ കരു​തൽശേഖരം വിപണിയിൽ ഇറക്കി വില കുറച്ചു കൊണ്ടുവരാൻ ഇന്ത്യ ഉൾപ്പെടെ പല ഇറക്കുമതി രാജ്യങ്ങളും നീക്കമാരംഭിച്ചു.

കോവിഡ്​ വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഗൾഫ്​ ഉ​ൾപ്പെടെ ലോക രാജ്യങ്ങൾ നടപടി സ്വീകരിച്ചു വരികയായിരുന്നു​. ഇത്​ ​ട്രാവൽ, ടൂറിസം മേഖലയിൽ വലിയ ഉണർവ്​ രൂപ​പ്പെടുത്തിയിരുന്നു. വിമാന യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വർധനയും പ്രകടമാണ്​. എന്നാൽ റഷ്യയുടെ യുക്രൈൻ യുദ്ധം ട്രാവൽ, ടൂറിസം മേഖലയെ വീണ്ടും തളർത്തി​.

ലോകത്തുടനീളം വിമാന യാത്രാ നിരക്കിൽ വർധന ഉണ്ടാകുമെന്ന സൂചനയാണ്​ വ്യോമയാന വിദഗ്​ധരും സ്​ഥാപനങ്ങളും നൽകുന്നത്​. എണ്ണവില വർധന തുടർന്നാൽ കരുതൽ ശേഖരം പ്രയോജനപ്പെടുത്തേണ്ടി വരുമെന്ന്​ ഇന്ത്യയും വ്യക്​തമാക്കി. യുക്രൈൻ യുദ്ധ സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ ഊർജ മന്ത്രിമാരുടെ യോഗം തിങ്കളാഴ്​ച നടക്കും. യുദ്ധം തുടർന്നാൽ ഊർജലഭ്യത ഉറപ്പു വരുത്താനുള്ള ബദൽ നടപടികൾ യോഗം ചർച്ച ചെയ്യും. ഒപെക്​ നേതൃയോഗവും മാർച്ച്​ ആദ്യവാരം ചേരാനിരിക്കുകയാണ്​.

ടൂറിസം മേഖലയിലെ പ്രതീക്ഷകൾക്കും യുദ്ധം മങ്ങൽ ഏൽപ്പിച്ചു. യൂറോപ്പിൽ നിന്നുള്ള ടൂറിസ്​റ്റുകളും മറ്റും​ യാത്ര മാറ്റിവെക്കുന്ന പ്രവണതയാണുള്ളത്​. ഏഷ്യൻ മേഖലയിൽ നിന്ന്​ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണവും കുറയും. അതേ സമയം യുക്രൈൻ യുദ്ധം കൂടുതൽ നീളില്ലെന്ന പ്രതീക്ഷയിലാണ്​ ട്രാവൽ, ടൂറിസം മേഖലയിലെ എണ്ണമറ്റ സ്​ഥാപനങ്ങളും ലക്ഷക്കണക്കിന്​ ജീവനക്കാരും.

Related Tags :
Similar Posts