എയര്‍ സൈറണുകള്‍ക്കിടെ അവര്‍ വിവാഹിതരായി; വിവാഹവേദിയില്‍ നിന്നും നേരെ പോയത് യുദ്ധമുഖത്തേക്ക്
|കിയവിലെ ഡൈനിപ്പർ നദിക്കരിക്കിലെ റസ്റ്റോറന്‍റിലെ മട്ടുപ്പാവില്‍ വച്ച് പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഒരു വിവാഹമായിരുന്നു അവരുടെ സ്വപ്നം
യാരിന അരിയേവയും പങ്കാളി സ്വ്യാറ്റോസ്ലാവ് ഫർസിനും സ്വപ്നം കണ്ടൊരു വിവാഹം ഇങ്ങനെയായിരുന്നില്ല. കിയവിലെ ഡൈനിപ്പർ നദിക്കരിക്കിലെ റസ്റ്റോറന്‍റിലെ മട്ടുപ്പാവില്‍ വച്ച് പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഒരു വിവാഹമായിരുന്നു അവരുടെ സ്വപ്നം. എന്നാല്‍ അവരുടെ സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടായിരുന്നു യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
ശാന്തമായ നദിയും അരികിൽ മനോഹരമായ അലങ്കാര വിളക്കുകളും ഉണ്ടായിരിക്കണമെന്ന അവരുടെ ആഗ്രഹം ചുറ്റും മുഴങ്ങിക്കൊണ്ടിരിക്കുന്ന എയർ റെയ്ഡ് സൈറണുകളുടെ ഭയപ്പെടുത്തുന്ന ശബ്ദത്താല്‍ മാറ്റിവയ്ക്കേണ്ടി വന്നു. തുടര്‍ന്ന് ഒരു ക്രിസ്ത്യന്‍ ആശ്രമത്തില്‍ വച്ച് പെട്ടെന്ന് തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു.
മുന്നോട്ടു ജീവിതം എങ്ങനെയായിരിക്കുമെന്ന് അവര്‍ക്കൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എങ്കിലും ഒരുമിച്ച് ജീവിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. യുദ്ധത്തെക്കുറിച്ചുള്ള ഭീതി ആഴ്ചകള്‍ക്കു മുന്‍പേ അവര്‍ക്കിടയിലുണ്ടായിരുന്നു. ഒടുവില്‍ ഭയപ്പെട്ടതു തന്നെ സംഭവിക്കുകയും ചെയ്തു. അതിര്‍ത്തികളില്‍ കണ്ട റഷ്യന്‍ സൈന്യത്തെ തൊട്ടടുത്ത ദിവസങ്ങളില്‍ അടുത്തു കാണാന്‍ തുടങ്ങി. മിസൈലുകള്‍ പെയ്തു. ഉത്കണ്ഠ ഭയത്തിന് വഴിമാറി.യുക്രേനിയക്കാർ സുരക്ഷിത സ്ഥലങ്ങള്‍ തേടിപ്പോകാന്‍ തുടങ്ങി. റോഡുകളും സബ്‌വേകളും ശ്വാസം മുട്ടി. നഗരങ്ങൾ വിട്ടുപോകാൻ കഴിയാത്തവർ അഭയകേന്ദ്രങ്ങൾ തേടി. ഇക്കാരണങ്ങളാണ് പെട്ടെന്ന് വിവാഹിതരാകാന്‍ ദമ്പതികളെ പ്രേരിപ്പിച്ചത്.
കൈവ് സിറ്റി കൗൺസിലിലെ ഉദ്യോഗസ്ഥയാണ് 21കാരിയായ അരിയേവ. സോഫ്റ്റ്‍വെയര്‍ എഞ്ചിനിയറാണ് ഫര്‍സിന്‍(24). കിയവിലെ സെന്‍റ്.മൈക്കിള്‍ ആശ്രമത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. 2019ല്‍ കിയവില്‍ നടന്ന ഒരു പ്രതിഷേധത്തിനിടയിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് പ്രണയത്തിലാവുകയായിരുന്നു.
''എയർ റെയ്ഡ് സൈറണുകളുടെ ശബ്ദങ്ങൾ ഭയപ്പെടുത്തുന്നതായിരുന്നു. എങ്കിലും നമ്മുടെ ഭൂമിക്ക് വേണ്ടി പോരാടാൻ ഞങ്ങള്‍ തീരുമാനിച്ചു, ഈ പോരാട്ടത്തില്‍ മരിക്കാനിടയുണ്ട്, എന്നാൽ അതിനെല്ലാം മുമ്പ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചു". അരിയേവയുടെ വാക്കുകളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹത്തിനു ശേഷം രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിന്‍റെ ഭാഗമാകാന്‍ പ്രദേശിക പ്രതിരോധ കേന്ദ്രത്തിലേക്ക് പോകാൻ ദമ്പതികള്‍ തയ്യാറായി. "നമ്മൾ സ്നേഹിക്കുന്ന ആളുകളെയും നമ്മൾ ജീവിക്കുന്ന ഭൂമിയെയും സംരക്ഷിക്കേണ്ടതുണ്ട്,"അരിയേവ പറഞ്ഞു. യുദ്ധഭീതി അകലുന്ന ഒരു ദിവസം വരുമെന്നും അന്ന് തങ്ങളുടെ വിവാഹം ആഘോഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫര്‍സിന്‍.