ഇന്ത്യക്കാരെ രക്ഷിക്കാൻ തീവ്രശ്രമം; കിയവിൽ നിന്ന് ലിവൈവിലേക്ക് ട്രെയിൻ സർവീസ്
|ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന നിലയ്ക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് പോകാൻ യുക്രൈൻ ട്രെയിൻ സർവീസ് നടത്തുമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ അറിയിച്ചിട്ടുണ്ട്.
ഏറ്റുമുട്ടൽ രൂക്ഷമായ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. യുക്രൈൻ തലസ്ഥാനമായ കിയവിൽ നിന്ന് ലിവൈവ് മേഖലയിലേക്ക് ട്രെയിൻ സർവീസ് ഒരുക്കി. കിയവിൽ നിന്ന് യുക്രൈനിന്റെ പടിഞ്ഞാറൻ ഭാഗത്ത് കൂടുതൽ സുരക്ഷിതമായ സ്ഥാനത്തേക്ക് ഇന്ത്യക്കാരെ മാറ്റാനാണ് ശ്രമം നടക്കുന്നത്.
ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന നിലയ്ക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് പോകാൻ യുക്രൈൻ ട്രെയിൻ സർവീസ് നടത്തുമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ അറിയിച്ചിട്ടുണ്ട്.
തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ ആവശ്യമില്ലെന്ന് പോളണ്ട് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തിയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് പോളണ്ടിലേക്ക് കടക്കാൻ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് അനുകൂലമായ ഇടപെടലുമായി പോളണ്ട് രംഗത്തെത്തിയത്.
അതിനിടെ റഷ്യയുമായി ചർച്ചക്ക് തയ്യാറാണെന്ന് യുക്രൈൻ വ്യക്തമാക്കി. ബെലാറൂസിൽ വെച്ച് ചർച്ചയാവാമെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ റഷ്യൻ സഖ്യരാഷ്ട്രമായ ബെലാറൂസിൽ ചർച്ചക്കില്ലെന്നായിരുന്നു യുക്രൈൻ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് റഷ്യൻ നിർദേശത്തിന് അവർ വഴങ്ങുകയായിരുന്നു.