World
ആക്രമണം കടുപ്പിച്ച് റഷ്യ, മരിയുപോൾ പൂർണ്ണമായും കീഴടക്കി;  യുദ്ധം പതിനൊന്നാം ദിവസത്തിൽ
World

ആക്രമണം കടുപ്പിച്ച് റഷ്യ, മരിയുപോൾ പൂർണ്ണമായും കീഴടക്കി; യുദ്ധം പതിനൊന്നാം ദിവസത്തിൽ

Web Desk
|
6 March 2022 12:45 AM GMT

ചെർണോവിൽ കനത്ത ബോംബാക്രമണം

യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുക്രൈനിൽ സൈനികനടപടികൾ ശക്തമാക്കാനൊരുങ്ങി റഷ്യ. ഇന്നലെ വെടിനിർത്തൽ അവസാനിച്ചതിന് ശേഷം കനത്ത അക്രമണം തുടരുകയാണ്. അതിനിടെ റഷ്യ യുക്രൈൻ മൂന്നാംവട്ട സമാധാന ചർച്ചകൾ നാളെ നടക്കും. ഇന്നലെ മരിയുപോൾ, വോൾനോവാക്ക എന്നീ നഗരങ്ങളിൽ രക്ഷപ്രവർത്തനത്തിനായി പ്രഖ്യാപിച്ച വെടിനിർത്തൽ അവസാനിച്ച ശേഷം ശക്തമായ അക്രമണമാണ് റഷ്യ തുടരുന്നത്. മരിയുപോൾ പൂർണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായിരിക്കുകയാണ്.

തെക്കൻ തീരമേഖല സമ്പൂർണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഒഡേസ നഗരത്തിലേക്കും റഷ്യ അക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. തലസ്ഥാനനഗരമായ കിയവിന് നേരെ ഇന്നലെ രാത്രിയിലും വ്യോമാക്രമണമു ണ്ടായി. നഗരത്തിന് 30കി.മീ അകലെ തമ്പടിച്ചിരിക്കുന്ന റഷ്യൻ സേന അതേ നില തുടരുകയാണ്. യുക്രൈൻ സൈന്യവുമായി ഇവിടെ ഏറ്റുമുട്ടലുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്. കിയവിന്റെ വടക്ക് പടിഞ്ഞാറൻ നഗരമായ ഇർപിനിലും മറ്റൊരു പ്രധാന നഗരമായ ചെർണോവിലും കനത്ത ബോംബാക്രമണമാണ് നടന്നത്. റഷ്യൻ വിമാനങ്ങൾ വെടിവെച്ചിടുന്നതിന്റെയും വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന്റേയും ദൃശ്യങ്ങൾ യുക്രൈൻ സൈന്യം പുറത്തുവിട്ടു. വിദേശത്ത് നിന്ന് റഷ്യക്കെതിരെ പോരാടാനായി 66000പേർ രാജ്യത്ത് തിരികെയെത്തി എന്ന് യുക്രൈൻ അവകാശപ്പെട്ടു.

അതേസമയം യുക്രെയിന് മീതെ വ്യോമപാത ആര് വിലക്കിയാലും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന ഭീഷണിയുമായി ഇന്നലെ പുടിൻ രംഗത്തെത്തിയിരുന്നു. റഷ്യയുടെ ഒദ്യോഗികവിമാനസർവീസായ ഏയ്‌റോഫ്‌ലോട്ട് എല്ലാ അന്താരാഷ്ട വിമാനസർവീസുകളും നിർത്തിവെക്കുകയാണെന്ന് അറിയിച്ചു. മാർച്ച് എട്ടു വരെ സഖ്യരാജ്യമായ ബെലാറൂസിലേക്ക് മാത്രമായിരിക്കും സർവീസ് ഉണ്ടാകുക. അതിനിടെ റഷ്യയുമായി വീണ്ടുമൊരു ചർച്ചക്ക് യുക്രൈൻ സന്നദ്ധത അറിയിച്ചു. നാളെയാണ് മൂന്നാംവട്ട ചർച്ച നടക്കുക.

Similar Posts