World
റഷ്യയ്ക്ക് കനത്ത പ്രഹരം; പഴയ കണക്ക് തീര്‍ത്ത് തുര്‍ക്കി
World

റഷ്യയ്ക്ക് കനത്ത പ്രഹരം; പഴയ 'കണക്ക് തീര്‍ത്ത്' തുര്‍ക്കി

Web Desk
|
28 Feb 2022 10:20 AM GMT

സിറിയയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 34 തുർക്കി സൈനികർ കൊല്ലപ്പെട്ടതിന്റെ രണ്ടാംവാർഷികത്തിലാണ് ടിബി2 ഡ്രോണുകൾ റഷ്യയ്ക്ക് കനത്ത നാശംവിതച്ചത്

റഷ്യൻ ആക്രമണത്തിന് കനത്ത പ്രഹരമേൽപ്പിച്ച് തുർക്കി ഡ്രോണുകൾ. തുർക്കി നിർമിത ഡ്രോണുകളായ ബെയ്‌റാക്തർ ടിബി2 ആണ് റഷ്യൻ സൈന്യത്തിന് വൻനാശം വിതച്ചത്. ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുക്രൈൻ സൈന്യം തന്നെയാണ് പുറത്തുവിട്ടത്.

ആകാശത്തുനിന്ന് ഷെല്ലാക്രമണം നടത്തുന്ന ടിബി2വിന്റെ ദൃശ്യങ്ങളാണ് യുക്രൈൻ സൈനികമേധാവി ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്. ദക്ഷിണ യുക്രൈനിലെ ചൊർണോബായിവ്ക, ഖെർസൻ മേഖലകളിലാണ് തുർക്കി ഡ്രോണുകളുടെ സഹായത്തോടെ യുക്രൈൻസൈന്യം റഷ്യയ്ക്ക് തിരിച്ചടി നൽകിയത്. നരകത്തിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കിൽ വിഡിയോ പങ്കുവച്ചിട്ടുള്ളത്.

സിറിയയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 34 തുർക്കി സൈനികർ കൊല്ലപ്പെട്ടതിന്റെ രണ്ടാംവാർഷികത്തിൽ കൂടിയാണ് ഈ വാർത്ത പുറത്തുവരുന്നതെന്ന കൗതുകവുമുണ്ട്. അന്നത്തെ ആക്രമണത്തിനുള്ള തിരിച്ചടികൂടിയാണിതെന്നാണ് യുക്രൈനിലെ തുർക്കി എംബസി ട്വിറ്ററിൽ കുറിച്ചത്. ദൈവികനീതിയെന്നൊരു സംഗതിയുണ്ടെന്ന അടിക്കുറിപ്പോടെയായിരുന്നു ആക്രമണത്തിന്റെ വിഡിയോ പങ്കുവച്ചത്.

റഷ്യയ്‌ക്കെതിരായ ചെറുത്തുനിൽപ്പിന് തുർക്കി ഡ്രോണുകളെയാണ് ആശ്രയിക്കുന്നതെന്ന് നേരത്തെ യുക്രൈൻ ഭരണകൂടം വെളിപ്പെടുത്തിയിരുന്നു. ഖെർസനിൽ ടിബി2 ഡ്രോണുകൾ ഉപയോഗിച്ചാണ് റഷ്യൻ മുന്നേറ്റം തടഞ്ഞതെന്ന് തുർക്കിയിലെ യുക്രൈൻ എംബസിയും വ്യക്തമാക്കിയിരുന്നു.

ഈ മാസം ആദ്യത്തിൽ യുക്രൈനും തുർക്കിയും തമ്മിൽ നിരവധി കരാറുകളിൽ ഒപ്പുവച്ചിരുന്നു. തുർക്കിയുടെ ടിബി2 ഡ്രോണുകൾ യുക്രൈനിൽ നിർമിക്കുന്നതടക്കമുള്ള സുപ്രധാന ആയുധക്കരാറുകളും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ വർഷം കിഴക്കൻ ഡോൺബാസിൽ റഷ്യൻ അനുകൂല വിമതർക്കെതിരായ നടപടിയിലും തുർക്കിയുടഡെ ഡ്രോണുകളായിരുന്നു യുക്രൈൻ ഉപയോഗിച്ചിരുന്നത്.

ബോസ്ഫറസ് കടലിടുക്കിൽ റഷ്യയ്ക്ക് ബ്ലോക്കിട്ട് ഉർദുഗാൻ

യുക്രൈനിൽ റഷ്യ നടത്തുന്നത് അധിനിവേശം തന്നെയാണെന്നാണ് തുർക്കി ഔദ്യോഗികമായി പ്രതികരിച്ചത്. മെഡിറ്ററേനിയനിൽനിന്ന് കരിങ്കടലിലേക്ക് പോകാൻ റഷ്യ പ്രധാനമായി ആശ്രയിക്കുന്ന നാവികപാതയായ ബോസ്ഫറസ് കടലിടുക്കിൽ റഷ്യൻ നീക്കം നിയന്ത്രിക്കുമെന്നും തുർക്കി അറിയിച്ചിട്ടുണ്ട്.

മെഡിറ്ററേനിയൻ കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന ബോസ്ഫറസ് കടലിടുക്കിൻറെ നിയന്ത്രണം തുർക്കിക്കാണ്. റഷ്യൻ പടക്കപ്പലുകൾ കരിങ്കടലിലൂടെ കടന്നുപോകുന്നത് വിലക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാദ്മർ സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നെങ്കിലും തുർക്കി നേരത്തെ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. കുറഞ്ഞത് ആറ് റഷ്യൻ യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയും ഈ മാസം ഈ കടലിടുക്ക് കടന്നു. എന്നാലിപ്പോൾ റഷ്യ യുക്രൈനിൽ നടത്തുന്നത് യുദ്ധമാണെന്ന് തുർക്കി നിലപാടെടുത്തിരിക്കുകയാണ്.

'ഇപ്പോൾ നടക്കുന്നത് വ്യോമാക്രമണം മാത്രമല്ല. യുക്രൈനിലെ സാഹചര്യം ഔദ്യോഗികമായി തന്നെ യുദ്ധമാണ്. ഞങ്ങൾ മോൺട്രിയക്‌സ് കൺവെൻഷൻ കരാറുകൾ നടപ്പിലാക്കും'- തുർക്കി വിദേശകാര്യ മന്ത്രി മെവ്ലത് കാവുസോഗ്ലു സി.എൻ.എന്നിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മോൺട്രിയക്‌സ് കൺവെൻഷൻ പ്രകാരം യുദ്ധസമയത്ത് അല്ലെങ്കിൽ ഭീഷണി നേരിടുമ്പോൾ ബോസ്ഫറസ് കടലിടുക്കിലെ നാവികഗതാഗതം പരിമിതപ്പെടുത്താൻ അനുവാദമുണ്ട്. എന്നാലും കരിങ്കടലിലേക്ക് പ്രവേശിക്കുന്നതിന് ചില ഇളവുകളുണ്ടെന്ന് തുർക്കിയുടെ വിദേശകാര്യമന്ത്രി പറഞ്ഞു- 'ഇളവ് ദുരുപയോഗം ചെയ്യാൻ പാടില്ല. തങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങുകയും കടലിടുക്കിലൂടെ കടന്നുപോകുകയും ചെയ്യുന്ന കപ്പലുകൾ യുദ്ധത്തിൽ ഏർപ്പെടരുത്'.

റഷ്യയുമായും യുക്രൈനുമായും തുർക്കിക്ക് നല്ല ബന്ധമാണുള്ളത്. നാറ്റോ അംഗങ്ങൾ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കെ, തുർക്കിയുടെ ഏതു നീക്കവും റഷ്യയുടെ ഊർജ ഇറക്കുമതി, വ്യാപാരം, ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കും. യുക്രൈൻ, റഷ്യൻ പ്രതിനിധികളോട് സംസാരിച്ചെന്നും ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തുമെന്ന് കേട്ടതിൽ സന്തോഷമുണ്ടെന്നും തുർക്കി വിദേശകാര്യമന്ത്രി പറഞ്ഞു. റഷ്യ ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും വെടിനിർത്തൽ ചർച്ചകൾ ആരംഭിക്കണമെന്നുമാണ് പ്രസിഡൻറ് ഉർദുഗാന്റെ നിലപാടെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

Summary: Ukraine's military published a video that it claims shows a Turkish armed drone carrying out strikes against Russian forces

Similar Posts