World
ക്ഷണിച്ചാൽ റഷ്യ-യുക്രൈൻ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കും: ചൈനീസ് വിദേശകാര്യ മന്ത്രി
World

'ക്ഷണിച്ചാൽ റഷ്യ-യുക്രൈൻ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കും': ചൈനീസ് വിദേശകാര്യ മന്ത്രി

Web Desk
|
2 March 2022 10:43 AM GMT

യുക്രൈനിൽ വെടിനിർത്തുന്നതിന്‌ പരസ്യമായി ആഹ്വാനം ചെയ്യാനോ റഷ്യൻ ആക്രമണത്തെ അധിനിവേശമെന്ന് വിശേഷിപ്പിക്കാനോ ചൈന തയ്യാറായിട്ടില്ല

ക്ഷണിക്കുകയാണെങ്കിൽ റഷ്യ-യുക്രൈൻ പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഇതോടെ യുക്രൈൻ-റഷ്യ പ്രതിസന്ധിയിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ചൈന. യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു. യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുമായി സംസാരിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

റഷ്യ വിവരിച്ചതു പോലെ പ്രത്യേക സൈനിക നടപടിയല്ല യുക്രൈനിൽ നടക്കുന്നതെന്നും ഇത് യുദ്ധമാണെന്നും വാങ് യി ചൂണ്ടിക്കാട്ടി. അതേസമയം ചൈനയുമായുള്ള ആശയ വിനിമയം ശക്തിപ്പെടുത്താൻ യുക്രൈൻ തയ്യാറാണെന്നും വെടി നിർത്തൽ യാഥാർത്ഥ്യമാകുന്നതിനു വേണ്ടിയുള്ള മധ്യസ്ഥത പ്രതീക്ഷിക്കുന്നതായും യുക്രൈൻ വിദേശകാര്യ മന്ത്രി പറഞ്ഞു. നിലവിൽ ചൈനയും റഷ്യയും തമ്മിൽ ഊഷ്മളമായ ബന്ധമാണുള്ളത്. യു.എസ്സും നാറ്റോ സഖ്യ കക്ഷികളും റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനും നിലപാട് സ്വീകരിക്കുന്നതിനും വേണ്ടി ചൈനയ്ക്കു മേൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന യു.എൻ സുരക്ഷ കൗൺസിൽ പ്രമേയത്തിൽ നിന്നും ചൈന വിട്ടു നിൽക്കുകയാണ് ചെയ്തത്.

യുക്രൈനിൽ വെടിനിർത്തുന്നതിന്‌ പരസ്യമായി ആഹ്വാനം ചെയ്യാനോ റഷ്യൻ ആക്രമണത്തെ അധിനിവേശമെന്ന് വിശേഷിപ്പിക്കാനോ ചൈന തയ്യാറായിട്ടില്ല. ചൈന റഷ്യയെ വിമർശിച്ചിട്ടില്ലെന്നു മാത്രമല്ല, റഷ്യയുടെ സുരക്ഷാ ആശങ്കളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. യുക്രൈൻ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കിയത് അമേരിക്കയാണെന്നും ചൈന കുറ്റപ്പെടുത്തുന്നു. യുക്രൈനുമായി ചൈനയ്ക്ക് മികച്ച നയതന്ത്ര ബന്ധമാണുണ്ടായിരുന്നത്. അന്താരാഷ്ട്ര ഉപരോധങ്ങളെ നേരിടാനുള്ള റഷ്യയുടെ ശ്രമങ്ങൾക്ക് ചൈനയുടെ പിന്തുണ അത്യന്താപേക്ഷികമാണ്.

ബുധനാഴ്ച ഉച്ചവരെ ഏകദേശം 2,500 ചൈനീസ് പൗരന്മാരെ യുക്രൈനിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ ബീജിംഗിലെ പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ യുക്രേനിയൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുമായി ചൈനീസ് പ്രസിഡന്റ് സംസാരിക്കുമോയെന്ന ചോദ്യത്തിൽ നിന്നും അദ്ദേഹം തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തോടും പ്രാദേശിക അഖണ്ഡതയോടുമുള്ള ബഹുമാനം ചൈന എപ്പോഴും ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും യുക്രൈനോടും റഷ്യയോടും ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ നിർദേശിക്കുമെന്നും വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഒത്തുതീർപ്പിനു വേണ്ട അന്താരാഷ്ട്ര ശ്രമങ്ങളെ ചൈന പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts