ഉത്തര കൊറിയയുമായി ബന്ധം ശക്തിപ്പെടുത്താൻ റഷ്യ; കിമ്മിന് കത്തെഴുതി പുടിൻ
|രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെതിരായ വിജയത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഉടലെടുത്തതെന്ന് കിം പറഞ്ഞു
മോസ്കോ: ഉത്തര കൊറിയയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള പുതിയ നീക്കവുമായി റഷ്യ. ഇക്കാര്യം റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനാണ് വെളിപ്പെടുത്തിയത്. ഉ.കൊറിയയുമായി സമഗ്രവും ക്രിയാത്മകവുമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ റഷ്യ പ്രതിജ്ഞയെടുത്തതായി പുടിൻ പറഞ്ഞു.
ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹം ഉ.കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് അദ്ദേഹം കത്തയച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾക്കനുസരിച്ചായിരിക്കും പുതിയ നീക്കങ്ങളെന്ന് കത്തിൽ പറയുന്നു. കത്തിന് കിം മറുപടിയും അയച്ചിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെതിരായ വിജയത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഉടലെടുത്തതെന്ന് കിം ജോങ് ഉൻ പറഞ്ഞു. സൗഹൃദം ഇനി കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജപ്പാനെതിരായ യുദ്ധത്തിൽ ഉടലെടുത്ത റഷ്യ- ഉ. കൊറിയ സൗഹൃദം നൂറ്റാണ്ടുകൾക്കുശേഷം കൂടുതൽ ശക്തിപ്പെടുകയും വിപുലപ്പെടുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും നയപരവുമായ സഹകരണവും പിന്തുണയും ഐക്യവും ശത്രുരാജ്യങ്ങളുടെ സൈനിക ഭീഷണിയും പ്രകോപനവും തകർക്കാനുള്ള പൊതുമുന്നണിയിൽ കൂടുതൽ പുരോഗതിയുണ്ടാക്കിയെന്നും കിം കത്തിൽ പറയുന്നു.
നേരത്തെ, ഉ.കൊറിയയുടെ പ്രധാന സഖ്യകക്ഷിയായിരുന്നു സോവിയറ്റ് യൂനിയൻ. ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക സഹകരണവും ശക്തമായിരുന്നു. ക്രമേണ ഈ ബന്ധം തകർന്നെങ്കിലും പിന്നീട് വീണ്ടും അടുത്തു.
കിഴക്കൻ ഉക്രെയ്നിലെ വിഘടനവാദികൾക്ക് മേൽക്കയുള്ള രണ്ട് പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ച റഷ്യൻ ഉത്തരവിനെ ഔദ്യോഗികതലത്തിൽ അംഗീകരിച്ച ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഉ.കൊറിയ.