യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ് റഷ്യൻ സൈന്യം; വാസിൽകിയവിലെ എണ്ണ സംഭരണശാല തകർത്തു
|ചെച്നിയൻ സൈന്യവും റഷ്യയ്ക്കൊപ്പം ചേർന്നു
യുക്രൈനെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിനു നിർദേശം നൽകി റഷ്യ. തുടർച്ചയായി നാലാംദിവസവും കനത്ത ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലെ രാത്രിയും കിയവിന് നേരെ നിരവധി മിസൈൽ ആക്രണവും ഷെല്ലാക്രമണവും നടന്നു. വാസിൽകിയവിലെ എണ്ണ സംഭരണശാല റഷ്യ തകർത്തു.
തിങ്കളാഴ്ച രാവിലെ വരെ കിയവ് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കിയവ് നഗരത്തില്‍ രാത്രിയും പകലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. റഷ്യന്‍ സേന നഗരത്തില്‍ കടന്നതിനാലാണ് പുതിയ തീരുമാനം. അതേസമയം ചെച്നിയൻ സൈന്യവും റഷ്യയ്ക്കൊപ്പം ചേർന്നു. യുക്രൈൻ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് ചെയ്നിയൻ പ്രസിഡന്റ് അറിയിച്ചു.
യുക്രൈനിൽ നാലാം ദിവസവും പോരാട്ടം തുടരുന്ന റഷ്യ കിയവ് പിടിച്ചടക്കാനുള്ള ശ്രമം ശക്തമാക്കി. ഖർകീവിൽ യുക്രൈൻ - റഷ്യൻ സേനകൾ തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. കിയവ് പൊരുതി നിൽക്കുകയാണെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത യുക്രൈൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി പറഞ്ഞത്. യുക്രൈന്‍ ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി.
വടക്ക് കിയവിലും ഖർകീവിലും തെക്ക് ഖേഴ്സണിലുമാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. കിയവിന്‍റെ ഹൃദയഭാഗമായ മെയ്ഡൻ ചതുരത്തിൽ നിന്ന് 400 അടി അകലെ വരെ പോരാട്ടം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ, പ്രതിരോധ മേഖലകളിൽ വിവിധ രാജ്യങ്ങൾ പിന്തുണ അറിയിച്ചെന്ന് യുക്രൈൻ പ്രസിഡന്റ് അറിയിച്ചു. യുദ്ധത്തിനെതിരായ കൂട്ടായ്മ ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരമായ ബോംബാക്രമണങ്ങൾക്കിടയിലും കുഞ്ഞുങ്ങൾ ജന്മമെടുത്തിട്ടുണ്ടെങ്കിൽ നമ്മളെ തോൽപ്പിക്കാൻ ശത്രുവിനാവില്ലെന്നും സെലൻസ്കി പറഞ്ഞു.
റഷ്യ ആക്രമണം അവസാനിപ്പിക്കണം എന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സുമിയിൽ ഷെല്ലാക്രമണം തുടരുകയാണ്. ആക്രമണത്തിൽ റഷ്യയുടെ എസ് യു യുദ്ധവിമാനം കരിങ്കടലിൽ തകർന്നുവീണതായി യുക്രൈൻ അവകാശപ്പെട്ടു. യുക്രൈനിൽ ഇന്റർനെററ് സേവനങ്ങൾക്ക് തടസ്സം നേരിടുകയാണ്.
റഷ്യൻ ആക്രമണത്തിൽ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ആരോഗ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച മുതൽ 1,20,000 യുക്രൈൻ സ്വദേശികൾ പലായാനം ചെയ്തെന്നാണ് യുഎൻ കണക്ക്. യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്നാണ് റഷ്യ നേരത്തെ നൽകിയ വിശദീകരണം. കിയവിൽ ഫ്ലാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ പറയുന്നത്. ആക്രമണം നടത്തിയെന്ന റിപ്പോർട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. കിയവിൽ അപ്പാർട്ട്മെന്റിൽ പതിച്ചത് യുക്രൈൻ മിസൈലാണെന്നും റഷ്യ പറഞ്ഞു.