റഷ്യൻ ഡ്രോണിന്റെ കണ്ണ് ഡിഎസ്എൽആർ ക്യാമറ, ഇന്ധനടാങ്കിന് കുപ്പിയുടെ മൂടി; പരിഹാസവുമായി യുക്രൈൻ സൈനികൻ
|യുക്രൈനിൽ വ്യാപക നാശം വിതച്ച ഒർലാൻ ഡ്രോണിന് സമീപം യുക്രൈൻ സൈനികനിരുന്ന് പരിഹസിക്കുന്ന വീഡിയോ യുക്രൈൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിരിക്കുകയാണ്
തകർന്നുവീണ റഷ്യൻ ഡ്രോണിന്റെ അകത്ത് കണ്ണായി ഡിഎസ്എൽആർ ക്യാമറയും ഇന്ധന ടാങ്കിൽ കുപ്പിയുടെ മൂടിയും കണ്ടെടുത്തതോടെ പരിഹാസവുമായി യുക്രൈൻ സൈനികൻ. ട്വിറ്ററിൽ യുക്രൈൻ പ്രതിരോധ മന്ത്രാലയമാണ് പരിഹാസ വീഡിയോ പങ്കുവെച്ചത്. യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഇൻഫോർമേഷൻ ഏജൻസിയായ ആർമി ഇൻഫോ പുറത്തുവിട്ട രണ്ടു മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ ലേസർ രശ്മികൾ ഉപയോഗിച്ച് അതീവ കൃത്യതയോടെ വെടിവെച്ച് യുക്രൈനിൽ വ്യാപക നാശം വിതച്ച ഒർലാൻ ഡ്രോണിന് സമീപം യുക്രൈൻ സൈനികനിരുന്ന് അതിന്റെ ഉള്ളിലുള്ളവയെ പരിഹസിക്കുന്നതാണുള്ളത്.
ഈയടുത്ത് രാജ്യത്ത് ഇടിച്ചുവീണത് വഴി ലഭിച്ച ഡ്രോണിൽ നിന്ന് വേറിട്ടു നിൽക്കുന്ന കാനൻ ഡിഎസ്എൽആർ ക്യാമറ സൈനികൻ കാണിക്കുന്നു. ഡ്രോണിന്റെ കണ്ണായി ഉപയോഗിച്ച ഈ ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ചാണ് എതിർ സൈനികരുടെ ചിത്രം റഷ്യ പകർത്തിയിരുന്നത്. വിദ്യാർഥികൾ നിർമിച്ചത് പോലെയെന്നാണ് ഇദ്ദേഹം ഡ്രോൺ നിർമാണത്തെ പരിഹസിച്ചത്.
ഇതൊട്ടും ആധുനികമല്ലെന്നും നിങ്ങൾക്ക് സ്വയം കൈകാര്യം ചെയ്യാവുന്നതാണെന്നും പ്രാദേശിക ഭാഷയിൽ സംസാരിച്ച സൈനികൻ പറഞ്ഞു. ഇംഗ്ലീഷ് സബ്‌ടൈറ്റിൽ ചേർത്തും വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പറക്കുന്നതിനിടയിൽ ക്യാമറ ഓഫായി പോകാതിരിക്കാൻ പശ തേച്ച് ഒട്ടിച്ചതായും സൈനികൻ വീഡിയോയിൽ ചൂണ്ടിക്കാട്ടി. ഡ്രോണിന് മുകളിലായുള്ള ഇന്ധനടാങ്കിന് പ്ലാസ്റ്റിക് കുപ്പിയുടെ മൂടിയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സൈനികൻ കാണിച്ചു. എന്നാൽ ഈ ഡ്രോൺ മികച്ച പ്രതിരോധ ഉപകരണമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
Russian drone mocked by Ukrainian soldier