World
കിയവ് വളഞ്ഞ് റഷ്യൻ ടാങ്കുകൾ; 48 മണിക്കൂർ നിർണായകം
World

കിയവ് വളഞ്ഞ് റഷ്യൻ ടാങ്കുകൾ; 48 മണിക്കൂർ നിർണായകം

Web Desk
|
1 March 2022 8:40 AM GMT

റഷ്യൻ സേനയുടെ 75 ശതമാനവും യുക്രൈനിൽ പ്രവേശിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റേഡിയോ റിപ്പോർട്ടു ചെയ്യുന്നു

യുക്രൈന്‍ തലസ്ഥാനമായ കിയവ് ഏതു വിധേനയും പിടിച്ചടക്കാൻ റഷ്യയുടെ നീക്കം. തലസ്ഥാനത്തിന് ചുറ്റും ടാങ്കുകളും സൈനിക വാഹനങ്ങളും വിന്യസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തലസ്ഥാനത്തിന്റെ വടക്കുഭാഗത്താണ് വൻ സേനാ വിന്യാസം. സൈനിക വാഹനങ്ങളും കരസേനയും ആക്രമണത്തിന് സജ്ജമായി നൽക്കുന്നുണ്ട്. ബെലറൂസ് അതിർത്തിയിൽ ഹെലികോപ്ടറുകളും അധിക സേനയും തയ്യാറാണ്. അമേരിക്കൻ ബഹിരാകാശ സാങ്കേതിക വിദ്യാ കമ്പനി മക്‌സാർ ടെക്‌നോളജീസാണ് സൈനിക വ്യൂഹത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്.

രണ്ടു ദിവസത്തിനുള്ളിൽ തലസ്ഥാനം പിടിക്കാനാണ് റഷ്യയുടെ പദ്ധതി. റഷ്യൻ അതിർത്തികളായ ഖാർകിവും സുമിയും കോനോടോപ്പും ചെർണോബിലും നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണുള്ളത്. ഇവിടങ്ങളിലെല്ലാം റഷ്യൻ സേന ചെറുത്തുനിൽപ്പു നേരിടുന്നുണ്ട്. ബെലറൂസിൽ നിന്ന് ചെർണോബിൽ വഴി കീവിലേക്ക് മുന്നേറാനുള്ള നീക്കമാണ് റഷ്യൻ സേന ഇപ്പോൾ നടത്തുന്നത്. 5710 റഷ്യൻ സൈനികർ ഇതുവരെ കൊല്ലപ്പെട്ടതായാണ് യുക്രൈൻ സേന പറയുന്നത്.

ഗ്രാഫിക്സിന് കടപ്പാട്- ദ ഗാര്‍ഡിയന്‍
ഗ്രാഫിക്സിന് കടപ്പാട്- ദ ഗാര്‍ഡിയന്‍

റഷ്യൻ സേനയുടെ 75 ശതമാനവും യുക്രൈനിൽ പ്രവേശിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റേഡിയോ റിപ്പോർട്ടു ചെയ്യുന്നു. നേരത്തെ, 40 ശതമാനം സേനയെയാണ് നിയോഗിച്ചിരുന്നത്. ബെലറൂസ് വഴിയാണ് സേന യുക്രൈനിലേക്ക് പ്രവേശിക്കുന്നത്.

അടിയന്തരമായി കിയവ് വിടാൻ ഇന്ത്യക്കാർക്ക് നിർദേശം

കിയവ് അടിയന്തരമായി വിടാൻ ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദേശം നൽകി. ട്രെയിനിലോ ലഭ്യമാകുന്ന വാഹനങ്ങളിലോ കയറി ഇന്നുതന്നെ അതിർത്തിയിലെത്താനാണ് നിർദേശം.

ഫെബ്രുവരി 24 മുതൽ എംബസിക്ക് സമീപം താമസിക്കുന്ന 400 വിദ്യാർഥികൾ കിയവിൽ നിന്ന് ട്രെയിനിൽ പുറപ്പെട്ടെന്നും എംബസി അറിയിച്ചു. ഇന്ന് ആയിരത്തിലധികം വിദ്യാർഥികളെ യുക്രൈൻറെ പടിഞ്ഞാറൻ ഭാഗത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. കർഫ്യൂ പിൻവലിച്ചാലുടൻ ശേഷിക്കുന്ന വിദ്യാർഥികൾക്ക് കിയവ് വിടാൻ നിർദേശം നൽകിയെന്നും എംബസി ട്വീറ്റ് ചെയ്തു.

വിദേശികളെ സ്വാഗതം ചെയ്ത് യുക്രൈൻ

അതിനിടെ, പോരാടാൻ തയ്യാറുള്ള വിദേശികളെ സ്വാഗതം ചെയ്ത് യുക്രൈൻ പ്രസിഡൻറ് വ്‌ലാദിമർ സെലൻസ്‌കി. യുക്രൈനായി യുദ്ധം ചെയ്യാമെങ്കിൽ രാജ്യത്ത് പ്രവേശിക്കാൻ വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന ഉത്തരവിൽ സെലൻസ്‌കി ഒപ്പിട്ടു. യുക്രൈനിലെ സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് ആഗോളതലത്തിലെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. ഇന്നു മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

യുക്രൈന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും തങ്ങളുടെ സേനയെ അയക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ യുദ്ധഭൂമിയിൽ പോരാടാൻ യുക്രൈനൊപ്പം ആരുമില്ലെന്നും എല്ലാവർക്കും ഭയമാണെന്നും സെലൻസ്‌കി പറയുകയുണ്ടായി. യുക്രൈനൊപ്പം അണിചേരാൻ ആഗോള പൌരന്മാരോട് സെലൻസ്‌കി അഭ്യർഥിക്കുകയും ചെയ്തു. പിന്നാലെ റഷ്യക്കെതിരായ പോരാട്ടത്തിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് ആയിരക്കണക്കിനു വിദേശികൾ മുന്നോട്ടുവന്നിട്ടുണ്ടെന്ന് യുക്രൈൻ ഉപ പ്രതിരോധമന്ത്രി അവകാശപ്പെട്ടു.

Related Tags :
Similar Posts