World
റഷ്യൻസേന കിയവിന് തൊട്ടരികിൽ; യുക്രൈൻ വീഴുന്നു
World

റഷ്യൻസേന കിയവിന് തൊട്ടരികിൽ; യുക്രൈൻ വീഴുന്നു

Web Desk
|
25 Feb 2022 10:00 AM GMT

കിയവിന്‍റെ നഗരപ്രാന്തത്തിലൂടെ റഷ്യന്‍ സൈനികവാഹനങ്ങള്‍ റോന്തുചുറ്റുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

റഷ്യൻസൈന്യം യുക്രൈൻതലസ്ഥാനമായ കിയവിന് തൊട്ടരികിൽ. യുക്രൈൻ പാർലമെന്റിൽനിന്ന് വെറും ഒൻപത് കി.മീറ്റർ അടുത്തുവരെ റഷ്യൻസൈന്യമെത്തിയിട്ടുണ്ട്. യുക്രൈൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.

ശത്രുക്കൾ കിയവിലെ നഗരമധ്യത്തിലുള്ള പാർലമെന്റിന്റെ ഒൻപത് കി.മീറ്റർ ദൂരത്തുള്ള ഒബലോൺ ജില്ലയിലെത്തിയിട്ടുണ്ടെന്ന് യുക്രൈൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. നാട്ടുകാരോട് വീട്ടിൽ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നം ട്വീറ്റിൽ ആവശ്യപ്പെട്ടു. കിയവിന്‍റെ നഗരപ്രാന്തത്തിലൂടെ സൈനികവാഹനങ്ങള്‍ റോന്തുചുറ്റുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കിയവിൽ റഷ്യൻസൈന്യവുമായി യുക്രൈൻ സേനയും ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. തലസ്ഥാനഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ ഡിമെർ, ഇവാൻകിവ് എന്നിവിടങ്ങളിൽ വലിയ തോതിലുള്ള ഏറ്റുമുട്ടലാണ് നടന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച സൈനികനടപടിക്കിടെ 450 റഷ്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

കിയവിനടുത്ത് വെടിയൊച്ചകൾ കേട്ടതായി ബി.ബി.സി അടക്കമുള്ള വിദേശമാധ്യമങ്ങളുടെ ലേഖകരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉഗ്രശബ്ദത്തിലുള്ള സ്‌ഫോടനം നഗരത്തിൽനിന്ന് കേൾക്കാനാകുന്നുേെണ്ടന്ന് ഇവർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, റഷ്യൻസൈനിക നീക്കത്തിന്റെ കൃത്യമായ ഗതി ഇതുവരെ മനസിലാക്കാനായിട്ടില്ല.

റഷ്യയ്ക്ക് യുക്രൈനിൽ എന്താണ് കാര്യം?

യുഎസ് നേതൃത്വം നൽകുന്ന മുപ്പത് പാശ്ചാത്യൻ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയിൽ അംഗത്വമെടുക്കാനുള്ള യുക്രൈന്റെ ശ്രമങ്ങളാണ് റഷ്യയെ ചൊടിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് യുക്രൈൻ നാറ്റോയിൽ അംഗത്വം ആവശ്യപ്പെട്ടത്. അതിർത്തി രാഷ്ട്രത്തിൽ നാറ്റോ സഖ്യസേനയ്ക്ക് താവളമൊരുങ്ങുന്നത് റഷ്യ ആശങ്കയോടെയാണ് കാണുന്നത്. ശീതയുദ്ധ കാലത്തെ അനുഭവങ്ങൾ റഷ്യയെ ഭയപ്പെടുത്തുകയും ചെയ്യുന്നു. നാറ്റോയ്ക്കും തങ്ങൾക്കുമിടയിലെ 'നോ മാൻസ് ലാൻഡ്' ആയാണ് റഷ്യ യുക്രൈനെ കാണുന്നത്. നാറ്റോയിൽ അംഗത്വമെടുക്കുന്ന നിലപാടുമായി മുമ്പോട്ടു പോയാൽ കടുത്ത നടപടികൾക്കു വിധേയമാകുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു.

എന്നാൽ തങ്ങൾ പരമാധികാര രാഷ്ട്രമാണ് എന്നും സ്വന്തം തീരുമാനവുമായി മുമ്പോട്ടുപോകുമെന്നും യുക്രൈൻ പ്രസിഡണ്ട് വ്‌ളോദിമിർ സെലൻസ്‌കി നിലപാടെടുത്തു. നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാഷ്ട്രങ്ങൾക്ക് നാറ്റോ അംഗത്വം നൽകിയതാണ് സെലൻസ്‌കിയെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഇതോടെ യുക്രൈയൻ അതിർത്തികളിലും സഖ്യരാഷ്ട്രമായ ബെലറൂസിലും റഷ്യ സേനയെ വിന്യസിച്ചു. രണ്ടു ലക്ഷത്തിലേറെ സൈനികരാണ് അതിർത്തിയിൽ ഉണ്ടായിരുന്നത്. നാറ്റോയിൽ ചേരില്ലെന്ന ഉറപ്പ് യുക്രൈനിൽ നിന്നും പാശ്ചാത്യൻ രാജ്യങ്ങളിൽ നിന്നും ലഭിക്കണമെന്നാണ് പുടിന്റെ നിലപാട്.

മാറിനിൽക്കുന്ന യുഎസ്

യുദ്ധ ഭീഷണി ഉയർന്ന വേളയിൽ യുക്രൈനു വേണ്ടി നിലകൊണ്ട രാഷ്ട്രമാണ് യുഎസ്. ആവശ്യമെങ്കിൽ സൈനിക സഹായം നൽകുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയതിന് ശേഷം, സൈനിക നടപടികളിൽ നിന്നു വിട്ടു നിൽക്കുകയാണ് അമേരിക്ക. പകരം ഉപരോധം കടുപ്പിക്കുകയാണ് ചെയ്തത്. യുഎസിലുള്ള എല്ലാ സമ്പത്തും മരവിപ്പിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസിന് പുറമേ, യൂറോപ്പും റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഉപരോധം റഷ്യമായി കാര്യമായി അലട്ടില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എണ്ണ, പ്രകൃതിവാതക കയറ്റുമതിയാണ് പ്രധാനമായും യൂറോപ്പുമായി റഷ്യക്കുള്ളത്. ഏത് ഉപരോധത്തിനിടയിലും അവ സുരക്ഷിതമായി കയറ്റി അയക്കപ്പെടും. കാരണം, അത് യൂറോപ്പിന്റെ കൂടി ആവശ്യമാണ്. എന്നാൽ നോർട് സ്ട്രീം-2 പൈപ്പ് ലൈൻ പദ്ധതി നിർത്തിവയ്ക്കാനുള്ള ജർമനിയുടെ തീരുമാനം റഷ്യക്ക് തിരിച്ചടിയാണ്. റഷ്യയിൽ നിന്ന് ജർമനി വരെ നീളുന്ന പ്രകൃതിവാതക പൈപ്പ്‌ലൈനാണ് നോർഡ് സ്ട്രീം 2. ചൈന നൽകുന്ന പിന്തുണയും റഷ്യക്ക് ബലമേകുന്നു. യുക്രൈനിൽ റഷ്യ നടത്തിയത് അധിനിവേശമല്ല എന്ന നിലപാടാണ് ചൈനയുടേത്.

മൂന്നാം ലോകയുദ്ധമോ?

റഷ്യ-യുക്രൈൻ യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമോ എന്ന് ലോകം ആശങ്കപ്പെടുന്നു. ആക്രമണം നീണ്ടു പോയാൽ ഇതോട് യുഎസും നാറ്റോയും എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമിത്. എന്നാൽ ലോകമഹായുദ്ധമല്ല, രണ്ടാം ശീതയുദ്ധത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളതെന്ന് ചില വിദഗ്ധർ പറയുന്നു.

യുക്രൈനിൽ സർവാധിപത്യം സ്ഥാപിക്കാനായാൽ മധ്യയൂറോപ്പിൽ റഷ്യക്ക് കൂടുതൽ സ്വാധീനം ഉണ്ടാക്കാനാകും. യുക്രൈൻ അധീനതയിലായാൽ നാറ്റോ അംഗ രാജ്യങ്ങളായ പോളണ്ടിന്റെ കിഴക്കൻ അതിർത്തിയിലേക്കും സ്ലൊവാക്യ, ഹംഗറി, റൊമാനിയ രാജ്യങ്ങളുടെ വടക്കൻ അതിർത്തിയിലേക്കും റഷ്യക്ക് എളുപ്പത്തിൽ എത്താനാകും. അയൽരാജ്യമായ ബെലറൂസ് ഇപ്പോൾ തന്നെ റഷ്യൻ സഖ്യരാഷ്ട്രമാണ്. ഭൂമിശാസ്ത്രപരമായി റഷ്യയ്ക്ക് ലഭിക്കുന്ന ഈ മേധാവിത്വം എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ ബാൾട്ടിക് രാഷ്ട്രങ്ങളും ഭീഷണിയാകും.

സമ്പദ് വ്യവസ്ഥയെ പിടിച്ചുലക്കും

കോവിഡ് മഹാമാരിയിൽ ഉലഞ്ഞ ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നതായിരിക്കും യുദ്ധം. യുദ്ധം ആരംഭിച്ച ആദ്യദിനം തന്നെ ക്രൂഡ് ഓയിൽ വിലയും സ്വർണവിലയും വർധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുക. എണ്ണ വില വർധിക്കുന്നതോടെ വിലപ്പെരുപ്പവും ഗണ്യമായ രീതിയിൽ വർധിക്കും.

വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശനിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റഴിക്കുന്ന സാഹചര്യവുമുണ്ടാകും. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് ഒലിച്ചു പോയത് 13 ലക്ഷം കോടിയിലേറെ രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണം കൂടുതൽ വാങ്ങിക്കൂട്ടുന്നത് മഞ്ഞലോഹത്തിന്റെ വില വർധിക്കാനും കാരണമാകും.

Summary: Russian forces advances to Kyiv, says Ukraine officials

Similar Posts