World
ഉപരോധങ്ങൾക്കുള്ള മറുപടി മൂന്നാംലോകയുദ്ധം, വിനാശകരമായ ആണവയുദ്ധം- മുന്നറിയിപ്പുമായി റഷ്യ
World

ഉപരോധങ്ങൾക്കുള്ള മറുപടി മൂന്നാംലോകയുദ്ധം, വിനാശകരമായ ആണവയുദ്ധം- മുന്നറിയിപ്പുമായി റഷ്യ

Web Desk
|
3 March 2022 10:32 AM GMT

''പണ്ട് നെപ്പോളിയനും ഹിറ്റ്‌ലർക്കുമെല്ലാമായിരുന്നു യൂറോപ്പിനെ കീഴടക്കാനുള്ള പദ്ധതികളുണ്ടായിരുന്നത്. ഇപ്പോഴത് അമേരിക്കക്കാരാണ് ചെയ്യുന്നത്''- റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്

യുക്രൈനിലെ സൈനിക നടപടിക്കു പിന്നാലെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങളിൽ കടുത്ത മുന്നറിയിപ്പുമായി റഷ്യ. തങ്ങൾക്കെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ വിലക്കിനും ഉപരോധങ്ങൾക്കും പരിഹാരം മൂന്നാംലോക യുദ്ധമായിരിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ന് മോസ്‌കോയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അങ്ങനെയൊരു ഘട്ടം വന്നാൽ അത് അതീവ വിനാശകരമായ ആണവയുദ്ധമായിരിക്കുമെന്നും ലാവ്‌റോവിന്റെ മുന്നറിയിപ്പുണ്ട്.

പടിഞ്ഞാറൻ രാജ്യങ്ങളാണ് ഇപ്പോൾ മൂന്നാലോക യുദ്ധത്തെക്കുറിച്ച് ആലോചിക്കുന്നത്. ഞങ്ങൾക്കെതിരെ യഥാർത്ഥ യുദ്ധം തുടങ്ങിയാൽ അത്തരം ആലോചനകൾ നടത്തുന്നവർ ആണവയുദ്ധം നടത്തുമെന്നും അത്തരം ആസൂത്രണങ്ങൾ നടന്നുവരുന്നുണ്ടെന്നും ലാവ്‌റോവ് കൂട്ടിച്ചേർത്തു.

യുക്രൈൻ സർക്കാർ നവനാസികൾ തന്നെയാണ്. യുക്രൈനിലെ നഗരങ്ങളെല്ലാം കൊള്ളയടിക്കുകയാണവർ. ഇപ്പോൾ സിവിലിയന്മാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. റഷ്യയുടെ ചെലവിൽ പടിഞ്ഞാറിന്റെ സുരക്ഷ ഉറപ്പിക്കാനാണ് നാറ്റോ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കൻ ഭരണാധികാരികളും ഹിറ്റ്‌ലറും നെപ്പോളിയനുമെല്ലാമാണെന്നും സെർജി ലാവ്‌റോവ് ആക്ഷേപിച്ചു. പണ്ട് നെപ്പോളിയനും ഹിറ്റ്‌ലർക്കുമെല്ലാമായിരുന്നു യൂറോപ്പിനെ കീഴടക്കാനുള്ള പദ്ധതികളുണ്ടായിരുന്നത്. ഇപ്പോഴത് അമേരിക്കക്കാരാണ് ചെയ്യുന്നത്-അദ്ദേഹം ആരോപിച്ചു.

നാറ്റോയും പടിഞ്ഞാറൻരാജ്യങ്ങളും വിഷയത്തിൽ ഇടപെടില്ലെന്ന് പുടിൻ കരുതുന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. അമേരിക്ക യുക്രൈൻ ജനതക്കൊപ്പമാണ്. യുക്രൈന് അമേരിക്ക കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്നും ബൈഡൻ അറിയിച്ചു. റഷ്യൻ ആക്രമണം പ്രകോപനമില്ലാതെയാണ്. റഷ്യൻനുണകളെ സത്യം കൊണ്ട് ചെറുക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

Summary: Russian Foreign Minister Sergei Lavrov has warned that if a third world war were to occur, it would involve nuclear weapons and be destructive

Similar Posts