യുക്രൈനിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു
|യു.എൻ പൊതുസഭയിൽ റഷ്യയെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു യുക്രൈന്റെ പ്രതികരണം. റഷ്യയുടെ ഭീകരത അവസാനിപ്പിക്കണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു.
കിയവ്: യുക്രൈനിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടന്ന് ഔദ്യോഗിക സ്ഥിരീകരണം. റഷ്യൻ ആക്രമണം ഞെട്ടിപ്പിച്ചെന്ന് യു.എൻ മേധാവി അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. റഷ്യൻ ആക്രമണത്തെ യൂറോപ്യൻ യൂണിയനും അപലപിച്ചു.
യു.എൻ പൊതുസഭയിൽ റഷ്യയെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു യുക്രൈന്റെ പ്രതികരണം. റഷ്യയുടെ ഭീകരത അവസാനിപ്പിക്കണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു. യുക്രൈനിയൻ നഗരങ്ങളിൽ റഷ്യ നടത്തിയെ മിസൈൽ ആക്രമണങ്ങളെ അമേരിക്ക അപലപിച്ചു. പുടിൻ നടത്തുന്ന നിയമവിരുദ്ധ യുദ്ധത്തിന്റെ നേർക്കാഴ്ചയാണ് മിസൈൽ ആക്രമണമെന്ന് ബൈഡൻ പ്രതികരിച്ചു. യുക്രൈന് വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ അതിനൂതനമായ സഹായങ്ങൾ നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.
ഖാർക്കീവ്, കീവ്, സാപ്രോഷ്യ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മിസൈൽ ആക്രമണം നടന്നത്. അതേസമയം റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലത്തിൽ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിന്റെ തിരിച്ചടിയാണ് നിലവിലെ ആക്രമണങ്ങളെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ പ്രതികരണം. യുദ്ധത്തെ അപലപിക്കാത്ത ചൈനയും ഇന്ത്യയും സംഘർഷം കുറയ്ക്കാൻ ആഹ്വാനം ചെയ്തു.