World
Russian parliament bans gender reassignment surgery for transgender people, Russian parliament against transgender people, transgender people, Russian parliament, transgenders in Russia,
World

ട്രാൻസ്‌ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയ നിരോധിച്ച് റഷ്യൻ പാർലമെന്‍റ്

Web Desk
|
16 July 2023 11:12 AM GMT

റഷ്യയിൽ 2016നും 2022നും ഇടയിൽ 2,990 പേർ നിയമപരമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്

മോസ്‌കോ: ട്രാൻസ്‌ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയ നിരോധിച്ച് റഷ്യ. റഷ്യൻ പാർലമെന്റാണ് കഴിഞ്ഞ ദിവസം പുതിയ നിയമം പാസാക്കിയത്. എൽ.ജി.ബി.ടി വിഭാഗങ്ങളുടെ ലിംഗമാറ്റം തടഞ്ഞുകൊണ്ടുള്ള പുതിയ ബിൽ റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ഗോസ്ഡുമയിലാണ് ആദ്യം അവതരിപ്പിച്ചത്.

ഉപരിസഭയായ ഫെഡറേഷൻ കൗൺസിലിന്റെയും പ്രസിഡന്റ് വ്‌ളാദ്മിർ പുടിന്റെയും അനുമതി കൂടി ലഭിച്ചാൽ നിരോധനം റഷ്യയിൽ ഔദ്യോഗികമായി നിയമമാകും. സർക്കാർ രേഖകളിൽ ലിംഗം മാറ്റുന്നതിനും പുതിയ നിയമം വിലക്കുന്നുണ്ട്. നമ്മുടെ മക്കളെയും പൗരന്മാരെയും സംരക്ഷിക്കുന്നതാണ് നിയമമെന്ന് ഡുമ സ്പീക്കർ വ്യാച്ചെസ്ലാവ് വൊളോദിൻ പറഞ്ഞു.

ലിംഗമാറ്റ ശസ്ത്രക്രിയ രാജ്യത്തിന്റെ നാശത്തിലേക്കുള്ള വഴിയാകുമെന്ന് വൊളോദിൻ പറഞ്ഞു. ''യൂറോപ്പിലെല്ലാം നടക്കുന്ന ഇത്തരം സംഗതികളെ എതിർക്കുന്ന ഏക യൂറോപ്യൻ രാജ്യമാണ് നമ്മൾ. നമ്മുടെ കുടുംബങ്ങളെയും പാരമ്പര്യമൂല്യങ്ങളെയും സംരക്ഷിക്കാനായി എല്ലാം നമ്മൾ ചെയ്യും. ഈ നിയമം കൊണ്ടുവരികയും ലിംഗമാറ്റം നിരോധിക്കുകയും ചെയ്തില്ലെങ്കിൽ നമ്മുടെ ഭാവി അപകടത്തിലാകുമെന്ന് തിരിച്ചറിയേണ്ടതുണ്ട്.''-അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാനും ഭേദഗതികളോടെയാണ് ബിൽ ഗോസ്ഡുമയിൽ പാസായത്. ലിംഗമാറ്റം നടത്തിയവർ കുട്ടികളെ ദത്തെടുക്കുന്നതു ഭേദഗതിയിൽ വിലക്കിയിട്ടുണ്ട്. പങ്കാളികളിൽ ഒരാൾ ലിംഗമാറ്റം നടത്തിയിട്ടുണ്ടെങ്കിൽ ഇവരുടെ വിവാഹം അസാധുവാകുകയും ചെയ്യും.

അതേസമയം, ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ആരോഗ്യത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാകും നിയമമെന്ന് എൽ.ജി.ബി.ടി പ്രവർത്തകർ വിമർശിച്ചു. നേരത്തെ തന്നെ വിവേചനവും മുറിവുകളും പേറുന്നൊരു ചെറിയ സമൂഹത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ട്രാൻസ് സ്വത്വം പരസ്യമാക്കിയ ഏക റഷ്യൻ രാഷ്ട്രീയക്കാരിയായ യൂലിയ അല്യോഷിന കുറ്റപ്പെടുത്തി.

തീർത്തും ഫാസിസ്റ്റ് സ്വഭാവത്തിലുള്ള നിയമമാണിതെന്ന് റഷ്യൻ ട്രാൻസ്‌ജെൻഡർ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘമായ 'സെന്റർ ടി'യുടെ തലവൻ യാൻ ഡിവോർക്കിൻ പ്രതികരിച്ചു. ജനങ്ങളുടെ വൈദ്യപരിചരണവും മൗലികാവകാശങ്ങളുമെല്ലാമാണ് എടുത്തുമാറ്റിയിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ സമൂഹത്തെ മാനസികമായി തകർക്കുന്ന നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

14 കോടി ജനസംഖ്യയുള്ള റഷ്യയിൽ 2016നും 2022നും ഇടയിൽ 2,990 പേർ നിയമപരമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പൊതുവിടത്തിൽ എൽ.ജി.ബി.ടി സംസ്‌കാരം പരസ്യമായി പ്രദർശിപ്പിക്കുന്നത് വിലക്കി നേരത്തെ റഷ്യൻ പാർലമെന്റ് ഒരു നിയമം പാസാക്കിയിരുന്നു. പരമ്പരാഗതമല്ലാത്ത ലൈംഗികബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൾക്ക് നാല് ലക്ഷം റൂബിളും(3.63 ലക്ഷം രൂപ) സംഘടനകൾക്ക് 50 ലക്ഷം റൂബിളും(45.47 ലക്ഷം രൂപ)യും പിഴ ചുമത്തുമെന്നും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Summary: Russian parliament bans gender reassignment surgery for trans people

Similar Posts