യുക്രൈൻ അധിനിവേശം 'കുറ്റകൃത്യമാണ്' ; റഷ്യൻ പൈലറ്റ് യാത്രക്കാരോട് പങ്കുവെക്കുന്ന വീഡിയോ വൈറൽ
|യുക്രൈനിയൻ നയതന്ത്രജ്ഞൻ ഒലെക്സാണ്ടർ ഷെർബ ഉൾപ്പെടെ നിരവധി പേർ പൈലറ്റ് കാണിച്ച ധീരതയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നു
വിമാനയാത്രക്കിടെ റഷ്യ യുക്രൈനിൽ നടത്തിയ ആക്രമണത്തെ അപലപിച്ചു കൊണ്ട് റഷ്യൻ പൈലറ്റ് നടത്തിയ പരാമർശമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. യുക്രൈനിൽ നടക്കുന്ന യുദ്ധം 'ഒരു കുറ്റകൃത്യമാണ്' എന്നായിരുന്നു പൈലറ്റിന്റെ പരാമർശം. ഇതിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിമാനം ടെയ്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് യാത്രക്കാരെ അഭിസംബോധന ചെയ്യവെയാണ് പൈലറ്റ് ഇക്കാര്യം പറഞ്ഞത്. യാത്രക്കാർക്ക് മനസിലാവാൻ ഇംഗ്ലീഷിലും റഷ്യൻ ഭാഷയിലുമാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
യുക്രൈനിയൻ നയതന്ത്രജ്ഞൻ ഒലെക്സാണ്ടർ ഷെർബ ഉൾപ്പെടെ നിരവധി പേർ പൈലറ്റ് കാണിച്ച ധീരതയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നു. പൈലറ്റ് എന്താണ് പറയുന്നതെന്നതിന്റെ ട്രാൻസ്‌ക്രിപ്റ്റ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
'ലേഡീസ് ആൻഡ് ജെന്റിൽമൻ.. ഇതാ നിങ്ങളുടെ ക്യാപ്റ്റൻ സംസാരിക്കുന്നു.എല്ലാവർക്കും അന്റാലിയയിലേക്ക് സ്വാഗതം. 'പോബെഡ' യോടൊപ്പം യാത്ര ചെയ്യുന്നതിന് നന്ദി. കൂടാതെ, വ്യക്തിപരമായി എന്റെ അഭിപ്രായം യുക്രൈനുമായുള്ള യുദ്ധം ഒരു കുറ്റകൃത്യമാണ്.
റഷ്യയുടെ ഫ്‌ളാഗ് കാരിയറായ എയ്റോഫ്‌ലോട്ടിന്റെ അനുബന്ധ സ്ഥാപനമായ പോബെഡയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ''റഷ്യയ്ക്ക് ഈ പൈലറ്റിനെപ്പോലെ കൂടുതൽ ധീരരായ ആളുകളെ ആവശ്യമുണ്ട്,'' ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞു. പൈലറ്റ് കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് #StandWithUkraine പോലുള്ള മറ്റ് ഹാഷ്ടാഗുകൾ ഉപയോഗിച്ചു നിരവധി പേർ ഷെയർ ചെയ്തു.
എന്നാൽ ചില ട്വിറ്റർ ഉപയോക്താക്കൾ പൈലറ്റിന്റെ സുരക്ഷയെക്കുറിച്ചാണ് ഇപ്പോൾ ആശങ്കപ്പെടുന്നത്. ''ഈ സാഹചര്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം എന്തു തന്നെയായാലും അദ്ദേഹത്തിന്റെ ജീവന് അപകടം സംഭവിക്കൻ സാധ്യതയുണ്ടെന്ന് ഒരാൾ ട്വീറ്റ് ചെയ്തു. സംസാരിക്കുന്നവരെ പുടിൻ ജയിലിലടക്കും, വിമതർ പട്ടിണി കിടക്കണമെന്ന് പുടിൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും മറ്റാരാൾ ട്വീറ്റ് ചെയ്തു.
ആക്രമണം നടത്തിയതിന് പുടിനെ വിമർശിച്ചും പ്രതിസന്ധി ഘട്ടത്തിൽ ധൈര്യമായിരിക്കാൻ സഹ പൗരന്മാരോട് അഭ്യർത്ഥിച്ചും നിരവധി യുക്രൈനുകാർ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുക്രൈൻ അധിനിവേശം ഏകദേശം മൂന്നാഴ്ചയായി തുടർന്നു കൊണ്ടിരിക്കുകയാണ്. 2.5 ദശലക്ഷത്തിലധികം ആളുകൾ യുക്രൈൻ അതിർത്തികളിലൂടെ പലായനം ചെയ്യുകയും ലക്ഷക്കണക്കിന് ആളുകൾ നഗരത്തിന്റെ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയും ചെയ്തിട്ടുണ്ട്.