പുടിന്‍റെ വിമര്‍ശകനായ പോപ് ഗായകന്‍ ദിമ നോവ മുങ്ങിമരിച്ചു
|ക്രീം സോഡ ഗ്രൂപ്പിന്റെ സ്ഥാപകയായ ദിമ നോവ പുടിന്‍റെ 1.3 ബില്യൺ ഡോളറിന്റെ മാളികയെ വിമർശിച്ചിരുന്നു
മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ വിമര്‍ശകനായിരുന്ന പോപ് ഗായകന്‍ ദിമ നോവയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 34 വയസായിരുന്നു. ക്രീം സോഡ ഗ്രൂപ്പിന്റെ സ്ഥാപകയായ ദിമ നോവ പുടിന്‍റെ 1.3 ബില്യൺ ഡോളറിന്റെ മാളികയെ വിമർശിച്ചിരുന്നു.
മോസ്കോയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളിൽ 'അക്വാ ഡിസ്കോ' എന്ന ഗാനം പലപ്പോഴും ആലപിക്കപ്പെട്ടു. മാത്രമല്ല പ്രതിഷേധങ്ങള്‍ 'അക്വാ ഡിസ്കോ പാർട്ടികൾ' എന്ന് വിശേഷിപ്പിക്കപ്പെട്ടു. യാരോസ്ലാവ് മേഖലയിൽ റഷ്യയിലെ വോൾഗ നദി മുറിച്ചുകടക്കുന്നതിനിടെയാണ് ദിമ നോവ മഞ്ഞുപാളിയിലൂടെ വീണതെന്ന് റഷ്യൻ വാർത്താ വെബ്‌സൈറ്റ് പീപ്പിൾ ടോക്ക് റിപ്പോർട്ട് ചെയ്തു.അപകടസമയത്ത് ഇയാൾ സഹോദരൻ റോമയ്ക്കും രണ്ട് സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ദിമ നോവയുടെ വിയോഗം അറിയിച്ചുകൊണ്ട് പോപ്പ് ഗ്രൂപ്പ് ക്രീം സോഡ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കിട്ടു.''ഇന്നലെ രാത്രി ഒരു ദുരന്തമുണ്ടായി. ഞങ്ങളുടെ ദിമ നോവ, സുഹൃത്തുക്കള്‍ക്കൊപ്പം വോൾഗയിലൂടെ നടക്കുകയും മഞ്ഞുപാളികൾക്കടിയിൽ വീഴുകയും ചെയ്തു. കാണാതായ സഹോദരൻ റോമയെയും സുഹൃത്ത് ഗോഷ കിസെലേവിനെയും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. മഞ്ഞിനടിയിൽ വീണ ഞങ്ങളുടെ സുഹൃത്ത് അരിസ്റ്റാർക്കസിനെ രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയില്ല. അടിയന്തര സാഹചര്യ മന്ത്രാലയത്തിൽ നിന്ന് വിവരം ലഭിച്ചാലുടൻ, ഞങ്ങൾ നിങ്ങളെ അറിയിക്കും'' എന്നായിരുന്നു കുറിപ്പ്.