World
യുക്രെയ്‌നുമായുള്ള സംഘർഷം പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ്  വ്‌ളാദ്മിർ പുടിൻ
World

യുക്രെയ്‌നുമായുള്ള സംഘർഷം പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ

Web Desk
|
16 Feb 2022 1:28 AM GMT

അമേരിക്കക്കാരെ ലക്ഷ്യം വെച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡൻ

യുക്രെയ്‌നുമായുള്ള സംഘർഷം പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ. റഷ്യയുടെ ആവശ്യങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും പുടിൻ വ്യക്തമാക്കി. യുക്രൈൻ അതിർത്തിയിൽ നിന്ന് റഷ്യൻ സേനയും ഭാഗികമായി പിന്മാറി.

യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ ജർമനിയുടെ സമവായനീക്കങ്ങൾ പുരോഗമിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനുമായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി. യുദ്ധമില്ലാതെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന റഷ്യൻ നിലപാടിനെ ഷോൾസ് പിന്തുണച്ചു. നയതന്ത്ര സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ അടക്കമുള്ള കിഴക്കൻ യൂറോപിലെ രാജ്യങ്ങളെ നാറ്റോ സൈനിക സഖ്യത്തിൽ ചേർക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് അമേരിക്ക ഉടൻ പിൻവാങ്ങണമെന്ന് റഷ്യൻ പ്രസിഡന്റ് അറിയിച്ചു.

യുക്രെയ്ൻ അതിർത്തിയിലുള്ള റഷ്യൻ സൈന്യത്തിന്റെ പിന്മാറ്റവും തുടരുന്നുണ്ട്. ഇതിനിടെ, യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ ഫോണിൽ സംസാരിച്ചു. യുക്രെയിനിലെ പ്രതിസന്ധിക്ക് നയതന്ത്രപരമായ ഇടപെടലിൽ പിന്തുണ ഉറപ്പിക്കുകയും ചെയ്തു. റഷ്യയുടെ സൈനികപിന്മാറ്റത്തിൽ അമേരിക്ക ഇപ്പോഴും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.യുദ്ധസാഹചര്യം അമേരിക്ക പൂർണമായും തള്ളിക്കളയുന്നില്ല. റഷ്യ യുക്രെയ്നിലെ അമേരിക്കക്കാരെ ലക്ഷ്യം വെച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അതിനിടെ, യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ സൈറ്റുകളും സ്റ്റേറ്റ് ബാങ്കുകളും സൈബർ ആക്രമണത്തിനിരയായിട്ടുണ്ട്.

Similar Posts