World
യുക്രൈനിൽ യുദ്ധം ചെയ്യാൻ വിദേശ പോരാളികളെ തേടി റഷ്യൻ പ്രസിഡൻറ് പുടിനും
World

യുക്രൈനിൽ യുദ്ധം ചെയ്യാൻ വിദേശ പോരാളികളെ തേടി റഷ്യൻ പ്രസിഡൻറ് പുടിനും

Web Desk
|
11 March 2022 11:21 AM GMT

റഷ്യൻ സുരക്ഷാ കൗൺസിലിൽ സംസാരിക്കവേയാണ് അദ്ദേഹം യുദ്ധത്തിലേക്ക് വിദേശ വളണ്ടിയർമാരെ ക്ഷണിച്ചത്

യുക്രൈന് പിറകെ അവർക്കെതിരെയുള്ള യുദ്ധത്തിൽ ഒന്നിച്ച് പോരാടാൻ വിദേശ പോരാളികളെ തേടി റഷ്യൻ പ്രസിഡൻറ് വ്‌ളാഡ്മിർ പുടിനും. റഷ്യൻ സുരക്ഷാ കൗൺസിലിൽ സംസാരിക്കവേയാണ് അദ്ദേഹം യുദ്ധത്തിലേക്ക് വിദേശ വളണ്ടിയർമാരെ ക്ഷണിച്ചത്. നിലവിൽ റഷ്യൻ പക്ഷത്ത് നിന്ന് യുദ്ധം ചെയ്യാൻ 16,000 വളണ്ടിയർമാർ മധ്യേഷ്യയിൽ തയാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ഷോയ്ഗു അറിയിച്ചു. എന്നാൽ നഗരയുദ്ധത്തിൽ പ്രാവിണ്യമുള്ള സിറിയൻ യോദ്ധാക്കളാണിവരെന്നാണ് യുഎസ് പറയുന്നത്. റഷ്യ ദീർഘകാലമായി സിറിയയുടെ സഖ്യകക്ഷിയാണ്. സിറിയൻ ആഭ്യന്തര യുദ്ധത്തിൽ പ്രസിഡൻറ് ബഷാറുൽ അസദിനെ പൂർണ പിന്തുണയാണ് പുടിൻ നൽകിവരുന്നത്.

യുക്രൈനിലെ തെക്കു കിഴക്കൻ പ്രദേശത്തുള്ള ഡോൺബാസിലേക്ക് ആളുകളെ എത്തിക്കാനാണ് പുടിൻ നിർദേശം നൽകിയിരിക്കുന്നത്. ''ഡോൺബാസിലെ ജനങ്ങളെ സഹായിക്കാനായി പണത്തിന് വേണ്ടിയല്ലാതെ പോകാൻ ആരെങ്കിലും സന്നദ്ധരാണെങ്കിൽ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്ത് കൊണ്ടുപോകണം'' പുടിൻ തന്റെ പ്രതിരോധ മന്ത്രിയോട് പറഞ്ഞു. പടിഞ്ഞാറൻ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത ആൻറി ടാങ്ക് മിസൈൽ ലുഹാൻസ്‌ക്, ഡോണെറ്റ്‌സ്‌ക് എന്നീ പ്രദേശങ്ങളിലെ റഷ്യൻ വിമതർക്ക് നൽകാനും പുടിൻ സമ്മതിച്ചു. യുക്രൈനിന്റെ ചില ഭാഗങ്ങളിൽ ആക്രമണം ശക്തമാക്കാനൊരുങ്ങിയതോടെയാണ് സുരക്ഷാ കൗൺസിൽ ചേർന്നത്.

നഗരങ്ങൾ ആക്രമിച്ചുപിടിക്കാൻ മിടുക്കർ, കിയവിലേക്ക് സിറിയൻ പോരാളികളെ ഇറക്കുന്നു; പുതിയ നീക്കവുമായി റഷ്യ

യുക്രൈൻ തലസ്ഥാനമായ കിയവ് അടക്കമുള്ള നഗരങ്ങൾ സമ്പൂർണമായി പിടിച്ചടക്കാനായി വ്ളാദ്മിർ പുടിൻ പുതിയ തന്ത്രങ്ങൾ മെനയുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നഗരങ്ങൾ ആക്രമിച്ചു കീഴടക്കാൻ വിദഗ്ധരായ സിറിയൻ പോരാളികളെ യുദ്ധത്തിനായി എത്തിക്കാനാണ് റഷ്യൻനീക്കമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നത്. വൻ ആയുധസന്നാഹങ്ങളുമായെത്തിയിട്ടും യുക്രൈൻ നഗരങ്ങളിൽ വൻ പ്രത്യാക്രമണമാണ് റഷ്യൻപടയ്ക്ക് നേരിടേണ്ടിവന്നത്. നിരവധി നഗരങ്ങൾ കടന്ന് തലസ്ഥാനമായ കിയവിന്റെ പ്രാന്തപ്രദേശങ്ങൾ വരെ എത്തിയിട്ടുണ്ടെങ്കിലും നഗരത്തിലേക്ക് കടക്കാൻ ഇനിയുമായിട്ടില്ല. കനത്ത ചെറുത്തുനിൽപ്പാണ് യുക്രൈൻസൈന്യം തുടരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് റഷ്യയുടെ പുതിയ യുദ്ധതന്ത്രം. സിറിയൻ നഗരങ്ങളിൽ ആക്രമണവിദഗ്ധരായ സംഘത്തെയാണ് റഷ്യ കിയവ് ദൗത്യത്തിനായി ഇറക്കുന്നത്.

ആറുമാസത്തെ പോരാട്ടം, 23,000 വരെ ശമ്പളം

2015 മുതൽ സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ ഭാഗമാണ് റഷ്യ. വിമതസംഘങ്ങളെ അമർച്ച ചെയ്യാൻ സിറിയൻ സർക്കാരിനെ സഹായിക്കാനെന്നു പറഞ്ഞാണ് റഷ്യൻസൈന്യം രാജ്യത്ത് തുടരുന്നത്. സിറിയയുടെ വിവിധ ഭാഗങ്ങളിൽ സൈന്യം പോരാട്ടം തുടരുകയും ചെയ്യുന്നുണ്ട്. സൈനികനടപടിക്കിടെയുള്ള പരിചയത്തിൽനിന്നാണ് സിറിയൻ പോരാളികളെ ഇറക്കാൻ റഷ്യ തീരുമാനിച്ചത്. പുതിയ നീക്കം സിറിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിറിയൻ നഗരമായ ദൈറുസ്സൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദൈറുസ്സൂർ24 ഡോട്ട് നെറ്റ്' റിപ്പോർട്ട് പ്രകാരം പോരാളികൾക്ക് 200 മുതൽ 300 വരെ ഡോളർ(ഏകദേശം 15,000 മുതൽ 23,000 രൂപ വരെ) ആണ് റഷ്യൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. യുക്രൈനിൽ ആറുമാസം നീളുന്ന സൈനിക ഓപറേഷനുവേണ്ടിയെന്നു പറഞ്ഞാണ് ഇവരെ റഷ്യയിലെത്തിക്കുന്നത്. അതേസമയം, സിറിയൻ പോരാളികളെ ഇറക്കാനുള്ള തീരുമാനത്തിൽ പ്രതികരിക്കാൻ റഷ്യൻവൃത്തങ്ങൾ തയാറായിട്ടില്ല. യുദ്ധത്തിന്റെ ഭാഗമാകാൻ സിറിയയിൽനിന്ന് നിരവധി പേർ നേരത്തെ തന്നെ റഷ്യയിലെത്തിക്കഴിഞ്ഞിട്ടുണ്ടെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇനിയും കൂടുതൽ പേർ അടുത്ത ദിവസങ്ങളിലെത്തുമെന്നും സൂചനയുണ്ട്.

യുക്രൈന് വേണ്ടി നിരവധി വിദേശ പോരാളികൾ

റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ പോരാടാൻ തയ്യാറുള്ള വിദേശികളെ സ്വാഗതം ചെയ്ത് യുക്രൈൻ പ്രസിഡൻറ് വ്‌ലാദിമർ സെലൻസ്‌കി നേരത്തെ രംഗത്തെത്തിയിരുന്നു. യുക്രൈനായി യുദ്ധം ചെയ്യാമെങ്കിൽ രാജ്യത്ത് പ്രവേശിക്കാൻ വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന ഉത്തരവിൽ സെലൻസ്‌കി ഒപ്പിടുകയും ചെയ്തിരുന്നു. യുക്രൈനിലെ സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് ആഗോളതലത്തിലെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. ഈ പ്രഖ്യാപനത്തോടെ യുക്രൈനുവേണ്ടി പോരാടാൻ വിവിധ രാജ്യങ്ങളിൽനിന്ന് സന്നദ്ധപ്രവർത്തകരുടെ പ്രവാഹമായിരുന്നു. നിരവധി വിദേശികളാണ് ഇതിനകം യുക്രൈനിലെത്തിക്കഴിഞ്ഞിട്ടുള്ളത്. 16,000ത്തോളം വിദേശികൾ കഴിഞ്ഞ ദിവസങ്ങളിൽ യുക്രൈനുവേണ്ടി പോരാടാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്‌കി നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുക്രൈനുവേണ്ടി പോരാടാൻ വിദേശികളായ 20,000 സന്നദ്ധ പ്രവർത്തകർ കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ദ്മിത്രോ കുലേബയും വ്യക്തമാക്കിയിരുന്നു. 52 രാജ്യങ്ങളിൽനിന്നായാണ് മുൻ സൈനികരും സന്നദ്ധപ്രവർത്തകരുമടങ്ങുന്ന ആയിരങ്ങൾ യുക്രൈനു വേണ്ടി പോരാടാൻ സന്നദ്ധത അറിയിച്ചത്.

യുക്രൈന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും തങ്ങളുടെ സേനയെ അയക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ യുദ്ധഭൂമിയിൽ പോരാടാൻ യുക്രൈനൊപ്പം ആരുമില്ലെന്നും എല്ലാവർക്കും ഭയമാണെന്നും സെലൻസ്‌കി പറഞ്ഞിരുന്നു. യുക്രൈനിലെ 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് രാജ്യം വിടാനും വിലക്കുണ്ട്. രാജ്യത്തിനായി പൊരുതാൻ ആയുധങ്ങളുമായി രംഗത്തിറങ്ങാൻ യുക്രൈൻ ജനതയോട് സെലൻസ്‌കി ആഹ്വാനം ചെയ്തിരുന്നു. എന്തു സംഭവിച്ചാലും താൻ യുക്രൈനിൽ തന്നെ തുടരുമെന്നും സെലൻസ്‌കി വ്യക്തമാക്കുകയുണ്ടായി.

യുദ്ധം അവസാനിപ്പിക്കാൻ തുർക്കിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച പരാജയം

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തുർക്കിയുടെ മധ്യസ്ഥതയിൽ നടത്തിയ ആദ്യ ഉന്നതതല ചർച്ച പരാജയപ്പെട്ടു. 24 മണിക്കൂർ വെടി നിർത്തൽ നിർദേശം റഷ്യയും യുക്രൈനും തള്ളി. റഷ്യൻ പ്രധാനമന്ത്രി സെർജി വിക്ടോറോവിച്ച് ലാവ്‌റോവും യുക്രൈൻ വിദേശ കാര്യ മന്ത്രി ഡിമിട്രോ കുലേബയും ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിൽ ഉപാധികളൊന്നും തന്നെ അംഗീകരിക്കാൻ ഇരു രാജ്യങ്ങളും തയ്യാറായിരുന്നില്ല. ആളുകൾക്ക് യുദ്ധ സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകുന്നതിന് വേണ്ടി 24 മണിക്കൂർ നേരത്തേക്ക് വെടി നിർത്തൽ ദീർഘിപ്പിക്കണമെന്ന യുക്രൈന്റെ ആവശ്യം റഷ്യ അംഗീകരിച്ചില്ല. നിലവിലെ സാഹചര്യത്തിൽ വെടി നിർത്തൽ പ്രായോഗികമല്ലെന്ന നിലപാട് യുക്രൈനും സ്വീകരിച്ചത് ചർച്ച പരാജയപ്പെടുന്നതിലേക്ക് നയിച്ചു.

അതേസമയം ചർച്ചയിലെ ചില പരാമർശങ്ങൾ ശുഭസൂചന നൽകുന്നതാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ അമേരിക്കൻ നേതൃത്വത്തെ അറിയിച്ചു. വിഷയത്തിൽ തുർക്കി പ്രസിഡന്റ് അമേരിക്കൻ പ്രസി്ഡന്റ് ജോ ബൈഡനുമായി സംസാരിച്ചുവെന്നാണ് വിവരം. നയതന്ത്ര ബന്ധത്തിലൂടെ വിഷയം രമ്യമായി പരിഹരിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ ഉടൻ പൂർത്തീകരിക്കണമെന്നും തുർക്കി വ്യക്തമാക്കി. എന്നാൽ ചർച്ച എങ്ങുമെത്താതെ പോയതിൽ നിരാശയുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങളും അഭിപ്രായപ്പെട്ടു. റഷ്യക്കു മുന്നിൽ കീഴടങ്ങാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. വെടിനിർത്തൽ കരാർ അംഗീകരിക്കുന്ന കാര്യത്തിൽ യുക്രൈനും റഷ്യയും പുരോഗതി കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ നയതന്ത്രത്തിന് തയ്യാറാണ്, ഞങ്ങൾ നയതന്ത്ര തീരുമാനങ്ങൾ തേടുകയും സമാധാനം ആഗ്രഹിക്കുകയും ചെയ്യുന്നു, എന്നാൽ റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഞങ്ങൾ സുസജ്ജമാണെന്നും യുക്രൈൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.


Russian President Vladimir Putin is looking for foreign fighters to fight in Ukraine

Similar Posts