റഷ്യന്‍ സൈനികന്‍ ബലാത്സംഗം ചെയ്തെന്ന് യുക്രൈന്‍ യുവതിയുടെ ആരോപണം; അന്വേഷണം ആരംഭിച്ചെന്ന് അധികൃതര്‍
|റഷ്യൻ അധിനിവേശ നഗരമായ ഇർപിനിലെ അവസ്ഥ 'നരകം' പോലെയാണെന്ന് എനെർഹോദറിൽ നിന്നുള്ള 30 കാരിയായ അനസ്താസിയ തരൺ പറഞ്ഞു
റഷ്യൻ സൈനികൻ ബലാത്സംഗം ചെയ്‌തെന്ന യുക്രേനിയൻ യുവതിയുടെ ആരോപണത്തിന്‍മേല്‍ അന്വേഷണം ആരംഭിച്ചതായി യുക്രൈന്‍ എം.പി ബുധനാഴ്ച അറിയിച്ചു.
''ബ്രോവറി ജില്ലയിൽ ഒരു യുക്രേനിയൻ സ്ത്രീയെ റഷ്യൻ പട്ടാളക്കാരൻ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുക്രൈനിലെ പ്രോസിക്യൂട്ടർ ജനറൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു'' യുക്രൈന്‍ എം.പി ഇന്ന സോവ്സുൻ ട്വിറ്ററില്‍ കുറിച്ചു. റഷ്യൻ സൈന്യം നഗരത്തില്‍ പ്രവേശിച്ചതിനാല്‍ പലായനം ചെയ്യാൻ കഴിയാത്ത മുതിർന്ന സ്ത്രീകളെ കിയവിന്‍റെ പ്രാന്തപ്രദേശത്തുള്ള പട്ടാളക്കാര്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ടെന്ന് മറ്റൊരു യുക്രേനിയൻ എംപി ലെസിയ വാസിലെങ്കോയെ ഉദ്ധരിച്ച് നിരവധി റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. പീഡനത്തിന് ശേഷം ഈ സ്ത്രീകള്‍ ആത്മഹത്യ ചെയ്തതായും ലെസിയ വാസിലെങ്കോ പറഞ്ഞു. മറ്റുള്ളവര്‍ രക്ഷപ്പെടാന്‍ കഴിയാത്ത വിധം ദുര്‍ബലരായിരുന്നുവെന്നും ലെസിയ കൂട്ടിച്ചേര്‍ത്തു. പീഡനത്തിനെതിരെ ഒരു യുവതി അടുത്തിടെ പരാതി നല്‍കിയതായും സോവ്സുൻ വ്യക്തമാക്കി. "ഞങ്ങൾ നേരത്തെ കിംവദന്തികൾ കേട്ടിരുന്നു, എന്നാൽ ജീവിച്ചിരിക്കുന്ന സ്ത്രീയുടെ ഔദ്യോഗിക പരാതി ലഭിക്കുന്നത് ഇതാദ്യമാണ്," സോവ്സുൻ പറഞ്ഞു.
Prosecutor General of Ukraine opened the first official investigation of the rape of a #Ukrainian woman in Brovary district committed by the #russian soldier.
— Inna Sovsun (@InnaSovsun) March 22, 2022
We heard rumors earlier, but this is the first time confirmed by the official complaint made by the surviving woman.
റഷ്യൻ അധിനിവേശ നഗരമായ ഇർപിനിലെ അവസ്ഥ 'നരകം' പോലെയാണെന്ന് എനെർഹോദറിൽ നിന്നുള്ള 30 കാരിയായ അനസ്താസിയ തരൺ പറഞ്ഞു. വളരെ ക്രൂരമായിട്ടാണ് പ്രദേശവാസികളോട് സൈന്യം പെരുമാറുന്നത്. ''ഇർപിൻ നരകമാണ്. വീടുകളിൽ അഭയം തേടുന്നവരെ വെടിവെച്ച് കൊല്ലുകയും ആളുകളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്ന ധാരാളം റഷ്യൻ സൈനികർ അവിടെയുണ്ട്.അവർ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു, മരിച്ചവരെ വെറുതെ വലിച്ചെറിയുന്നു'' അനസ്താസിയ പറയുന്നു.
യുക്രൈനിലെ റഷ്യൻ ആക്രമണം ഇരുപത്തി ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് രാജ്യം ചെറുത്തുനിൽപ്പിന്‍റെ പാതയിലാണെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്‍കി പറഞ്ഞത്. ഫ്രാൻസിസ് മാർപ്പാപ്പയുമായി സംസാരിച്ചെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചെന്നും സെലൻസ്‍കി വ്യക്തമാക്കി.