World
എന്‍റെ മകന്‍ പേടിച്ചു കരയുമ്പോഴും അവര്‍ എന്നെ ബലാത്സംഗം ചെയ്തു; റഷ്യന്‍ പട്ടാളത്തിനെതിരെ യുക്രൈന്‍ യുവതി
World

എന്‍റെ മകന്‍ പേടിച്ചു കരയുമ്പോഴും അവര്‍ എന്നെ ബലാത്സംഗം ചെയ്തു; റഷ്യന്‍ പട്ടാളത്തിനെതിരെ യുക്രൈന്‍ യുവതി

Web Desk
|
29 March 2022 7:04 AM GMT

യുവതിയുടെ ആരോപണം അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു

യുക്രൈന്‍: യുക്രൈനില്‍ റഷ്യയുടെ കടന്നാക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനു പേര്‍ രാജ്യത്തും നിന്നും പലായനം ചെയ്തുകഴിഞ്ഞു. പല നഗരങ്ങളുടെയും 'നരകം' പോലെയാണെന്നാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. റഷ്യന്‍ സൈന്യം സാധാരണക്കാരോടു പോലും വളരെ ക്രൂരമായിട്ടാണ് പെരുമാറുന്നത്. സൈന്യത്തിനെതിരെ ബലാത്സംഗ ആരോപണവും ഉയരുന്നുണ്ട്. ഭര്‍ത്താവ് വെടിയേറ്റു മരിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ റഷ്യന്‍ പട്ടാളക്കാര്‍ തന്നെ പീഡിപ്പിച്ചുവെന്ന് യുക്രൈന്‍ യുവതി പരാതിപ്പെട്ടു. യുവതിയുടെ ആരോപണം അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

''ഒരൊറ്റ വെടിയൊച്ച അതു ഞാന്‍ കേട്ടു, തുടര്‍ന്ന് അവര്‍ ഗേറ്റു തുറക്കുന്നതും എന്‍റെ വീട്ടിലേക്കു വരുന്നതിന്‍റെ കാലൊച്ചകളുടെ ശബ്ദവും ഞാന്‍ കേട്ടു. മാര്‍ച്ച് 9ന് പട്ടാളക്കാര്‍ എന്‍റെ വളര്‍ത്തുനായയെ ആണ് ആദ്യം കൊന്നത്. തുടര്‍ന്ന് എന്‍റെ ഭര്‍ത്താവിനെയും. ഞാന്‍ നിലവിളിച്ചുകൊണ്ട് എന്‍റെ ഭര്‍ത്താവ് എവിടെയെന്ന് ചോദിച്ചു. പുറത്തേക്ക് നോക്കിയപ്പോള്‍ ഗേറ്റിനരികെ അദ്ദേഹം കിടക്കുന്നതു ഞാന്‍ കണ്ടു. നാസിയായതിനാലാണ് എന്‍റെ ഭര്‍ത്താവിനെ കൊന്നതെന്ന് ഒരു ചെറുപ്പക്കാരന്‍ തോക്കു ചൂണ്ടിക്കൊണ്ടു പറഞ്ഞു'' യുവതി ദി ടൈംസിനോട് പറഞ്ഞു. തുടര്‍ന്ന് റഷ്യന്‍ പട്ടാളക്കാര്‍ അവരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയം തൊട്ടടുത്ത മുറിയില്‍ അവരുടെ നാല് വയസായ മകന്‍ പേടിച്ചു കരയുന്നുണ്ടായിരുന്നു. ''നിങ്ങൾ മിണ്ടാതിരിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ ഞാൻ നിങ്ങളുടെ കുട്ടിയെ കൊണ്ടുവന്ന് അവന്‍റെ അമ്മയുടെ തലച്ചോറ് വീടിന് ചുറ്റും പരന്ന് കാണിക്കും'' പട്ടാളക്കാര്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

''അയാള്‍ എന്നോട് എന്‍റെ വസ്ത്രങ്ങൾ അഴിക്കാൻ പറഞ്ഞു.പിന്നീട് ഇരുവരും ഒന്നിനുപുറകെ ഒന്നായി എന്നെ ബലാത്സംഗം ചെയ്തു. എന്‍റെ മകന്‍ കരയുന്നതൊന്നും അവര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പോയി മകന്‍റെ റൂമിന്‍റെ വാതിലടക്കാന്‍ എന്നോടു പറഞ്ഞു. നിന്നെ കൊല്ലണോ അതോ വെറുതെ വിടണോ എന്നു പറഞ്ഞു അവര്‍ തോക്കു ചൂണ്ടി എന്നെ പരിഹസിച്ചുകൊണ്ടിരുന്നു'' യുവതിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് ശേഷം ഭര്‍ത്താവിന്‍റെ മൃതദേഹം അവിടെ ഉപേക്ഷിച്ച് യുവതി വീടു വിട്ടിറങ്ങുകയും ചെയ്തു. ''ഞങ്ങൾക്ക് അവനെ അടക്കം ചെയ്യാൻ കഴിയില്ല, ഞങ്ങൾക്ക് ഗ്രാമത്തിലേക്ക് പോകാനാവില്ല, കാരണം ഗ്രാമം ഇപ്പോഴും അവരുടെ അധിനിവേശത്തിലാണ്'' യുവതി പറഞ്ഞു.

റഷ്യന്‍ സൈനികന്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി ബ്രോവറി ജില്ലയിലെ യുവതിയും രംഗത്തെത്തിയിരുന്നു. ഇവരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി യുക്രൈന്‍ എം.പി അറിയിച്ചിരുന്നു. റഷ്യൻ സൈന്യം നഗരത്തില്‍ പ്രവേശിച്ചതിനാല്‍ പലായനം ചെയ്യാൻ കഴിയാത്ത മുതിർന്ന സ്ത്രീകളെ കിയവിന്‍റെ പ്രാന്തപ്രദേശത്തുള്ള പട്ടാളക്കാര്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ടെന്ന് മറ്റൊരു യുക്രേനിയൻ എംപി ലെസിയ വാസിലെങ്കോയെ ഉദ്ധരിച്ച് നിരവധി റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. പീഡനത്തിന് ശേഷം ഈ സ്ത്രീകള്‍ ആത്മഹത്യ ചെയ്തതായും ലെസിയ വാസിലെങ്കോ പറഞ്ഞു. മറ്റുള്ളവര്‍ രക്ഷപ്പെടാന്‍ കഴിയാത്ത വിധം ദുര്‍ബലരായിരുന്നുവെന്നും ലെസിയ പറഞ്ഞിരുന്നു.

Similar Posts