ചെങ്കടലില്‍ ഹൂതികളുടെ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം: റഷ്യന്‍ സ്റ്റേറ്റ് മീഡിയ
|10 മിനിറ്റിനുള്ളില്‍ 2000 മൈല്‍ അകലെയുള്ള ഇസ്രായേലിലേക്ക് ഹൂതികളുടെ പുതിയ മിസൈല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്
മോസ്‌കോ: ഹൂതികളുടെ ഹൈപ്പര്‍ സോണിക് മിസൈലുകളുടെ പരീക്ഷണം വിജയിച്ചതായി റഷ്യന്‍ മീഡിയയായ ആര്‍.ഐ.എ നോവോസ്റ്റി പറഞ്ഞു. മാക് 8 എന്ന മിസൈലാണ് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയത്. മണിക്കൂറില്‍ 6,200 മൈല്‍ വേഗതയുള്ള ഖര ഇന്ധനത്തിലാണ് മിസൈല്‍ പ്രവര്‍ത്തിക്കുന്നത്.
ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവിടങ്ങളിലെ സൈനിക ഉപയോഗത്തിനും, ഇസ്രായേലിനെ ലക്ഷ്യം വെച്ചുകൊണ്ടുമുള്ള മിസൈല്‍ യമന്‍ നിര്‍മ്മിക്കുമെന്ന് റഷ്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. വെറും 10 മിനിറ്റിനുള്ളില്‍ 2000 മൈല്‍ അകലെയുള്ള ഇസ്രായേലിലേക്ക് ഹൂതികളുടെ പുതിയ മിസൈല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രായേല്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന വംശഹത്യ ആരംഭിച്ചത് മുതല്‍ ഹൂതികള്‍ ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ ആക്രമിക്കാന്‍ തുടങ്ങിയിരുന്നു. ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ യമന്‍ ആക്രമണം തുടങ്ങിയതോടെ ആഗോള വ്യാപാരത്തിനെ അത് സാരമായി ബാധിച്ചു. വ്യാപാരത്തിന്റെ 11 ശതമാനവും ചെങ്കടലിനെ ആശ്രയിച്ചായത് കൊണ്ട് ഹൂതി ആക്രമണത്തെ എതിര്‍ത്ത 20 ഓളം രാജ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യം രൂപീകരിച്ചു.
ഹൂതികള്‍ക്കെതിരെ യു.എസും യു.കെയും നിരവധി ആക്രമണങ്ങള്‍ നടത്തി. എന്നാല്‍ ഫലസ്തീനികള്‍ക്കെതിരായ വംശഹത്യ യുദ്ധം ഇസ്രായേല്‍ നിര്‍ത്തുന്നത് വരെ ആക്രമണം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് യമന്‍. ഈ മാസം ആദ്യം ഒരു വ്യാപാര കപ്പലിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യു.എസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ നാല് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് സെന്റ്‌കോം അറിയിച്ചു.