'യുക്രൈൻ തകർത്തതല്ല, യുദ്ധകപ്പൽ മുങ്ങിയത്': വിശദീകരണവുമായി റഷ്യ
|മിസൈലാക്രമണം നടത്തി കപ്പൽ തകർത്തെന്നായിരുന്നു യുക്രൈന്റെ അവകാശവാദം
മോസ്കോ: കരിങ്കടലിൽ വിന്യസിച്ചിരുന്ന പ്രധാന യുദ്ധക്കപ്പലായ മോസ്ക്‌വ മുങ്ങിയതാണെന്ന വിശദീകരണവുമായി റഷ്യ. മിസൈലാക്രമണം നടത്തി കപ്പൽ തകർത്തെന്നായിരുന്നു യുക്രൈന്റെ അവകാശവാദം. അതേസമയം റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങൾ മറ്റുള്ളവരുടെ ചോരയിൽ നിന്നും പണം സമ്പാദിക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു.
നെപ്റ്റ്യൂണ്‍ മിസൈലുപയോഗിച്ച് കപ്പൽ ആക്രമിച്ചു തകർത്തെന്നാണ് യുക്രൈന്റെ അവകാശവാദം. എന്നാൽ ഇതിന് പിന്നാലെ റഷ്യ വിശദീകരണവുമായി എത്തി. പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായതിനെതുടർന്ന് തുറമുഖത്തേക്ക് തിരികെ കൊണ്ട് പോകുന്നതിനിടെ കപ്പൽ മുങ്ങുകയായിരുന്നു എന്നാണ് റഷ്യയുടെ വാദം. എന്നാല്‍ കപ്പൽ മുങ്ങിയത് റഷ്യക്ക് കനത്ത തിരിച്ചടിയാണെന്ന് പെന്റഗൺ വക്താവ് പറഞ്ഞു. കൂടുതൽ ആയുധങ്ങൾ എത്രയും പെട്ടെന്ന് എത്തിക്കണമെന്ന് വ്ലാദിമിർ സെലൻസ്കി അമേരിക്കയോടടക്കം ആവശ്യപ്പെട്ടു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോടും സെലൻസ്ക് സംസാരിച്ചു. സ്വന്തം രാജ്യത്തിന്റെ സാമ്പത്തികഭദ്രത മാത്രമാണ് പലരും ലക്ഷ്യമിടുന്നതെന്നും ഇക്കൂട്ടർ മറ്റുള്ളവരുടെ ചോരയിൽ നിന്നാണ് പണം സമ്പാദിക്കുന്നതെന്നും സെലൻസ്ക്കി പറഞ്ഞു. അതിനിടെ കിയവിലേക്ക് പോകാൻ പദ്ധതിയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചെങ്കിലും വൈറ്റ് ഹൗസ് പിന്നീട് തിരുത്തി. എങ്കിലും വരും ദിവസങ്ങളിൽ സ്റ്റേറ്റ് സെക്രട്ടറി അന്റണി ബ്ലിങ്കൻ കിയവിലെത്തുമെന്നാണ് സൂചനകൾ.
കരിങ്കടലിൽ തമ്പടിച്ചിരുന്ന റഷ്യൻ സൈനിക വ്യൂഹത്തിലെ ഏറ്റവും തന്ത്രപ്രധാനമായ യുദ്ധക്കപ്പലായിരുന്നു മോസ്ക്‌വ. മുമ്പ് കരിങ്കടലിൽ യുക്രെയിന്റെ അധീനതയിലുണ്ടായിരുന്ന സ്നേക്ക് ഐലൻഡിന് നേരെ ആക്രമണം നടത്തിയത് മോസ്ക്‌വ ആയിരുന്നു. സോവിയറ്റ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട മോസ്ക്‌വയ്ക്കേറ്റ നാശനഷ്ടം റഷ്യൻ നേവിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.
Summary-Russian Warship Sinks In Black Sea