ചീസ് കേക്കിൽ വിഷം കലർത്തി രൂപസാദൃശ്യമുള്ള അമേരിക്കക്കാരിയെ കൊല്ലാൻ ശ്രമിച്ച റഷ്യൻ യുവതിക്ക് ശിക്ഷ
|വിലപിടിപ്പുള്ള സ്വത്തുക്കളും പാസ്‌പോർട്ടും തൊഴിൽ ഐഡികാർഡും മോഷ്ടിക്കുകയായിരുന്നു വിക്ടോറിയയുടെ ലക്ഷ്യമെന്ന് കോടതി കണ്ടെത്തി
ന്യൂയോർക്ക്: തന്റെ അതേ രൂപസാദൃശ്യമുള്ള അമേരിക്കൻ യുവതിയെ വിഷം കലർത്തിയ ചീസ് കേക്ക് നൽകി കൊല്ലാൻ ശ്രമിച്ച റഷ്യൻ യുവതി കുറ്റക്കാരിനാണെന്ന് കണ്ടെത്തി. 2016 ആഗസ്റ്റിലാണ് 35 കാരിയായ ഓൾഗ എന്ന യു.എസ് പൗരയെയാണ് വിക്ടോറിയ നസ്യറോവ (47) കേക്കിൽ വിഷം കലർത്തിക്കൊല്ലാൻ ശ്രമിച്ചത്. വിക്ടോറിയ നസ്യറോവ വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയതായി ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി മെലിൻഡ കാറ്റ്‌സ് പറഞ്ഞു.
ഇരുവരും കാണാൻ ഏകദേശം ഒരുപോലെയായിരുന്നു. രണ്ടുപേർക്കും ഇരുണ്ട മുടിയും സമാനമായ ചർമ്മ നിറവുമാണ്. ഇരുവരും റഷ്യൻഭാഷയും സംസാരിച്ചിരുന്നു. അമേരിക്കക്കാരിയായ അപരയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അവളുടെ വിലപിടിപ്പുള്ള സ്വത്തുക്കളും പാസ്‌പോർട്ടും തൊഴിൽ ഐഡികാർഡും മോഷ്ടിക്കുകയായിരുന്നു വിക്ടോറിയയുടെ ലക്ഷ്യമെന്ന് കോടതി കണ്ടെത്തി.
ഓൾഗയുടെ വീട്ടിലേക്ക് പ്രതിയായ വിക്ടോറിയ ചീസ് കേക്കുമായി എത്തുകയായിരുന്നു. കേക്ക് കഴിച്ച ഉടനെ ഓൾഗിനെ ബോധരഹിതയായി. തൊട്ടടുത്ത ദിവസമാണ് അബോധാവസ്ഥയിലുള്ള ഓൾഗയെ മറ്റൊരു സുഹൃത്ത് കാണുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രോസിക്യൂട്ടർമാരെ ഉദ്ധരിച്ച് വാർത്താഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, തന്റെ പാസ്പോർട്ടും തൊഴിൽ ഐഡി കാർഡും സ്വർണ്ണ മോതിരവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് ചീസ് കേക്ക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. ഇതിൽ നിന്നാണ് കേക്കിൽ വിഷം അടങ്ങിയിട്ടുണ്ടെന്ന് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിക്ടോറിയയെ അറസ്റ്റ് ചെയ്തു. അടുത്ത മാസമായിരിക്കും ശിക്ഷ വിധിക്കുക. ചുരുങ്ങിയത് 25 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.