World
റഷ്യക്കാരേ, വീട്ടിലേക്ക് പോകൂ; യുക്രൈന്‍ ആക്രമണത്തിനെതിരെ ഒന്നിച്ചുകൂടി യൂറോപ്പ്
World

റഷ്യക്കാരേ, വീട്ടിലേക്ക് പോകൂ; യുക്രൈന്‍ ആക്രമണത്തിനെതിരെ ഒന്നിച്ചുകൂടി യൂറോപ്പ്

Web Desk
|
7 March 2022 3:30 AM GMT

റഷ്യയുടെ നടപടികളെ അപലപിക്കാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ശനിയാഴ്ച നടന്ന പ്രകടനങ്ങളെത്തുടർന്ന് യൂറോപ്പിലുടനീളം റാലികൾ വീണ്ടും സംഘടിപ്പിച്ചു

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ യൂറോപ്പില്‍ പ്രതിഷേധം പുകയുന്നു. ആക്രമണം 12ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഞായറാഴ്ച ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. റഷ്യയുടെ നടപടികളെ അപലപിക്കാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ശനിയാഴ്ച നടന്ന പ്രകടനങ്ങളെത്തുടർന്ന് യൂറോപ്പിലുടനീളം റാലികൾ വീണ്ടും സംഘടിപ്പിച്ചു.

ബ്രസല്‍സില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ 5,000ത്തിലധികം പേര്‍ പങ്കെടുത്തതായി പൊലീസ് അറിയിച്ചു. യുക്രൈന്‍ പതാകകള്‍ കയ്യിലേന്തി ''റഷ്യാക്കാര്‍ വീട്ടിലേക്ക് പോവുക, യുദ്ധം വേണ്ട, യൂറോപ്പ് ധൈര്യമായിരിക്കുക'' തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ തെരുവുകള്‍ നിറച്ചത്. യുക്രൈനിന്‍റെ തലസ്ഥാനമായ കിയവുമായി ബന്ധമുള്ള ഫ്രഞ്ച് നഗരമായ ടുലൂസിലെ പ്രതിഷേധക്കാർ മഞ്ഞയും നീലയും കലർന്ന ഒരു വലിയ ബാനറിന് പിന്നിൽ ഒത്തുകൂടി. രക്തക്കറ പുരണ്ട പുടിന്‍റെ ഛായാചിത്രങ്ങൾ പിടിച്ച് കൊലയാളി എന്ന് വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ അണിനിരന്നത്. വ്യോമമേഖല അടയ്ക്കുക, നമുക്ക് യുക്രൈനിന്‍റെ ആകാശം സംരക്ഷിക്കാം എന്നീ മുദ്രാവാക്യങ്ങള്‍ നഗരത്തിൽ മുഴങ്ങി.

ഫ്രാന്‍സിലെ കെയ്ന്‍ നഗരത്തില്‍ നടന്ന പ്രതിഷേധത്തിലും 5,000ത്തോളം പേര്‍ പങ്കെടുത്തു. ''യുക്രൈനിലെ ജനങ്ങളേ, ഞങ്ങൾ നിങ്ങളെ കൈവിടില്ല! ജനാധിപത്യം, സ്വാതന്ത്ര്യം, സമാധാനം," എന്നിവ എഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്നു. സ്‌പെയിനിൽ തലസ്ഥാനമായ മാഡ്രിഡിലും ബാഴ്‌സലോണയിലും രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിലും പ്രതിഷേധം അരങ്ങേറി.ബാഴ്‌സലോണയുടെ സെൻട്രൽ സ്‌ക്വയറിൽ 800 ഓളം പേർ ഒത്തുകൂടി.

ആയിരക്കണക്കിന് റഷ്യക്കാർ അധികാരികളെ വെല്ലുവിളിക്കുകയും യുദ്ധത്തിനെതിരെ പ്രതിഷേധിച്ചതിന് 2,500 ഓളം പേരെ ഞായറാഴ്ച കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അനുമതിയില്ലാത്ത പ്രതിഷേധത്തിൽ 2,500 പേർ പങ്കെടുത്തതിനെ തുടർന്ന് മോസ്കോയിൽ 1,700 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവ് അറിയിച്ചു. സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ 1,500 ഓളം ആളുകൾ പങ്കെടുത്ത ചെറിയ റാലിയിൽ 750 പേരെ തടഞ്ഞുവച്ചതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ബ്രിട്ടൻ, ജർമ്മനി, ബൾഗേറിയ, മോണ്ടിനെഗ്രോ എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാർ പാരീസ്, ന്യൂയോർക്ക്, റോം, സൂറിച്ച് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നഗരങ്ങളിലെ തെരുവുകളിൽ ഇറങ്ങി.

Similar Posts