യുക്രൈനിൽ നാലിടത്ത് താൽക്കാലിക വെടിനിർത്തൽ
|ഖാർകീവ്,സുമി, കിയവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ
യുക്രൈനിൽ രക്ഷാപ്രവർത്തനത്തിനായി നാലിടത്ത് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. ഖാർകീവ് , സുമി, കിയവ് , മരിയുപോൾ എന്നീ നഗരങ്ങളിൽ ഇന്ത്യൻ സമയം 12.30 മുതലാണ് വെടിനിർത്തൽ.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രേണിന്റെ അഭ്യർഥന പ്രകാരമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി എന്നിവരുമായി മാക്രോൺ ഫോണിൽ സംസാരിച്ചിരുന്നു. യുക്രൈനിലെ ആണവ നിലയങ്ങളുടെ സമഗ്രത സംരക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണെന്നും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാനായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ഇരുരാജ്യങ്ങളിലെ പ്രസിഡന്റുമാരോടും അഭ്യർഥിച്ചിരുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഈ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പേരെ രക്ഷിക്കാനാവുമെന്നാണ് കരുതുന്നത്. സുമിയിൽ മലയാളി വിദ്യാർഥികളടക്കം നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. പോൾട്ടാവ വഴി വിദ്യാർഥികളെ പടിഞ്ഞാറൻ അതിർത്തിയിലെത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.വിദ്യാർഥികളോട് സജ്ജമായിരിക്കാനും സമയവും തിയതിയും ഉടൻ പ്രഖ്യാപിക്കുമെന്നും എംബസി അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇവരുടെ രക്ഷാദൗത്യം വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.