യൂറോപ്പിലെ ആണവായുധങ്ങൾ യുഎസ് നീക്കണം; പുതിയ ആവശ്യവുമായി റഷ്യ
|സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഒരു രാഷ്ട്രത്തിലും യുഎസ് സൈനികത്താവളങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് റഷ്യ.
കിയവ്: യൂറോപ്പിൽ സൂക്ഷിച്ചിട്ടുള്ള ആണവായുധങ്ങൾ യുഎസ് നീക്കണമെന്ന ആവശ്യവുമായി റഷ്യ. യുക്രൈൻ യുദ്ധം തുടരുന്നതിനിടെ, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റഷ്യൻ വാർത്താ ഏജൻസികളായ ആർഐഎയും ടാസുമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഒരു രാഷ്ട്രത്തിലും യുഎസ് സൈനികത്താവളങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് റഷ്യ.
BREAKING: Russia's Foreign Minister says US should remove its nuclear weapons from Europe
— The Spectator Index (@spectatorindex) March 1, 2022
അതിനിടെ, യുക്രൈൻ തലസ്ഥാനമായ കിയവ് പിടിച്ചടക്കാനുള്ള റഷ്യൻ നീക്കങ്ങൾ ഊർജിതമായി. തലസ്ഥാനത്തിന് ചുറ്റും ടാങ്കുകളും സൈനിക വാഹനങ്ങളും വിന്യസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തലസ്ഥാനത്തിന്റെ വടക്കുഭാഗത്താണ് വൻ സേനാ വിന്യാസം. സൈനിക വാഹനങ്ങളും കരസേനയും ആക്രമണത്തിന് സജ്ജമായി നൽക്കുന്നുണ്ട്. ബെലറൂസ് അതിർത്തിയിൽ ഹെലികോപ്ടറുകളും അധിക സേനയും തയ്യാറാണ്. അമേരിക്കൻ ബഹിരാകാശ സാങ്കേതിക വിദ്യാ കമ്പനി മക്സാർ ടെക്നോളജീസാണ് സൈനിക വ്യൂഹത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്.
രണ്ടു ദിവസത്തിനുള്ളിൽ തലസ്ഥാനം പിടിക്കാനാണ് റഷ്യയുടെ പദ്ധതി. റഷ്യൻ അതിർത്തികളായ ഖാർകിവും സുമിയും കോനോടോപ്പും ചെർണോബിലും നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണുള്ളത്. ഇവിടങ്ങളിലെല്ലാം റഷ്യൻ സേന ചെറുത്തുനിൽപ്പു നേരിടുന്നുണ്ട്. ബെലറൂസിൽ നിന്ന് ചെർണോബിൽ വഴി കീവിലേക്ക് മുന്നേറാനുള്ള നീക്കമാണ് റഷ്യൻ സേന ഇപ്പോൾ നടത്തുന്നത്. 5710 റഷ്യൻ സൈനികർ ഇതുവരെ കൊല്ലപ്പെട്ടതായാണ് യുക്രൈൻ സേന പറയുന്നത്.
യുക്രൈന്റെ തുറന്നവാതിൽ നയം
നാറ്റോയുടെ 'തുറന്ന വാതിൽ' നയമാണ് റഷ്യയെ അലോസരപ്പെടുത്തുന്നത്. യുക്രൈനും ജോർജിയയും മറ്റ് അയൽരാജ്യങ്ങളും നാറ്റോയിൽ ചേരുമെന്നാണ് പുടിൻറെ ആശങ്ക. അങ്ങനെ സംഭവിച്ചാൽ നാറ്റോയ്ക്കും പാശ്ചാത്യശക്തികൾക്കും റഷ്യയിലേക്ക് പ്രവേശിക്കാൻ എളുപ്പമാകും. റഷ്യയിലേക്ക് വേഗമെത്തുന്നതരത്തിൽ അംഗരാജ്യങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിക്കരുത്, യുക്രൈനുമായും പഴയ സോവിയറ്റ് അംഗരാജ്യങ്ങളുമായുമുള്ള സൈനികസഹകരണം നിയന്ത്രിക്കണം എന്നിങ്ങനെയാണ് റഷ്യയുടെ ആവശ്യം. ഇക്കാര്യത്തിൽ പുടിന് നിയമപരമായ ഉറപ്പും വേണം.
എന്നാൽ, റഷ്യയ്ക്ക് ഉറപ്പുനൽകാൻ അമേരിക്ക തയ്യാറല്ല. സ്വതന്ത്രപരമാധികാരരാജ്യമായ യുക്രൈൻ സ്വന്തംകാര്യം തീരുമാനിക്കുമെന്നാണ് അമേരിക്കയുടെയും നാറ്റോയുടെയും നിലപാട്. യുക്രൈന് ആയുധവും പരിശീലനവും നൽകുന്നത് തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ലോകമേധാവിത്വം ഉറപ്പിക്കുകയെന്ന ലക്ഷ്യവും അമേരിക്കയ്ക്കുണ്ട്. കൂടാതെ, കിഴക്കൻ യൂറോപ്പിൽ നാറ്റോ വിപുലപ്പെടുത്തുക. യൂറോപ്യൻ രാജ്യങ്ങൾ റഷ്യയെ ആശ്രയിക്കുന്നത് കുറക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ട്.