'റഷ്യയുടെ യുക്രൈൻ ആക്രമണം അടുത്ത ആഴ്ച, അല്ലെങ്കിൽ വരും ദിവസങ്ങളിൽ': ജോ ബൈഡൻ
|റഷ്യൻ സൈന്യം യുക്രൈനിൽ ആക്രമണം നടത്തിയാൽ റഷ്യയ്‌ക്കെതിരെ സാമ്പത്തികം ഉപരോധം ഏർപ്പെടുത്താൻ തന്നെയാണ് ബൈഡൻ ഭരണകൂടത്തിന്റെയും നാറ്റോ സഖ്യ കക്ഷികളുടെയും തീരുമാനം
വ്‌ളാഡിമർ പുടിൻ ആഴ്ച്ചകൾക്കുള്ളിൽ യുക്രൈൻ ആക്രമിക്കാൻ തീരുമാനിച്ചത് തനിക്ക് ബോധ്യപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണം അടുത്ത ആഴ്ചയോ അല്ലെങ്കിൽ വരും ദിവസങ്ങളിലോ ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
മികച്ച നയതന്ത്രത്തിലൂടെ പ്രശ്‌നം പരിഹരിക്കാൻ ഇനിയും സമയമുണ്ടെന്ന് ബൈഡൻ ഓർമ്മപ്പെടുത്തി. എന്നാൽ റഷ്യൻ പ്രസിഡന്റ് നയതന്ത്രത്തിന്റെ മാർഗം സ്വീകരിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ നാറ്റോയുമായും യൂറോപ്യൻ യൂണിയനുമായും ദീർഘകാല സംയോജനത്തിന് ശ്രമിച്ച് റഷ്യയെ പ്രകോപിപ്പിച്ച അയൽരാജ്യത്തെ ആക്രമിക്കാൻ പദ്ധതിയില്ലെന്ന് ക്രെംലിൻ വ്യക്തമാക്കി. യുക്രൈനിന്റെ അതിർത്തിയിൽ ഏകദേശം 149,000 റഷ്യൻ സൈനികരുണ്ടെന്നാണ് അമേരിക്കയുടെ വാദം. ആണവ ശേഷിയുള്ള മിസൈലുകൾ റഷ്യ പരീക്ഷിക്കുമെന്നുള്ള ആശങ്കയും അമേരിക്ക മുന്നോട്ട് വെച്ചു.
യുക്രൈനിന്റെ കിഴക്കൻ ഭാഗത്ത് ഏറ്റുമുട്ടലുകൾ വർധിച്ചു വരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. റഷ്യ ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ യുക്രൈൻ സൈന്യത്തിലെ 40 ശതമാനം സൈനികരും തയ്യാറായിട്ടില്ലെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യൻ സൈന്യം യുക്രൈനിൽ ആക്രമണം നടത്തിയാൽ റഷ്യയ്‌ക്കെതിരെ സാമ്പത്തികം ഉപരോധം ഏർപ്പെടുത്താൻ തന്നെയാണ് ബൈഡൻ ഭരണകൂടത്തിന്റെയും നാറ്റോ സഖ്യ കക്ഷികളുടെയും തീരുമാനം. 'റഷ്യ ഉക്രെയ്ൻ ആക്രമിച്ചാൽ, അത് അന്താരാഷ്ട്ര സമൂഹത്തിന് പരിഹാസ്യമാകും', യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിച്ചെന്ന റഷ്യയുടെ വാദത്തെ നാറ്റോ സഖ്യവും അമേരിക്കയും നേരത്തെ തള്ളിയിരുന്നു. പലയിടങ്ങളിലും റഷ്യ സൈനികരുടെ എണ്ണം കൂട്ടുകയാണെന്ന് നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. എന്നാൽ റഷ്യയുടെ സൈനിക പിന്മാറ്റം ചെറിയ തോതിൽ വിശ്വസിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ക്രിമിയയിൽ നിന്ന് സൈനികർ പിന്മാറുന്ന ദൃശ്യങ്ങളടക്കം പങ്കുവെച്ചാണ് റഷ്യ യുക്രൈൻ അതിർത്തിയിൽ നിന്നുള്ള സൈനിക പിന്മാറ്റം പ്രഖ്യാപിച്ചത്. യുക്രെയിനിന്റെ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിച്ചതായും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും റഷ്യൻ പ്രസിഡൻറ് വ്‌ലാഡ്മിർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.