World
Gabriela Rodriguez

റോഡ്രിഗസ്

World

മീറ്റിംഗ് റൂമില്‍ ബാക്കിയായ സാന്‍ഡ്‍വിച്ച് കഴിച്ചതിന്‍റെ പേരില്‍ ജോലി പോയി; കമ്പനിക്കെതിരെ കേസ് കൊടുത്ത് യുവതി

Web Desk
|
22 Feb 2024 4:28 AM GMT

ഗബ്രിയേല റോഡ്രിഗസ്(39) എന്ന യുവതിയെയാണ് സാന്‍ഡ്‍വിച്ച് കഴിച്ചതിന്‍റെ പേരില്‍ പിരിച്ചുവിട്ടതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ലണ്ടന്‍: മീറ്റിംഗ് റൂമില്‍ ബാക്കിയായ സാൻഡ്‌വിച്ച് കഴിച്ചതിൻ്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട സ്ത്രീ ക്ലീനിംഗ് കമ്പനിക്കെതിരെ കോടതിയിലേക്ക്. ടോട്ടല്‍ ക്ലീന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഗബ്രിയേല റോഡ്രിഗസ്(39) എന്ന യുവതിയെയാണ് സാന്‍ഡ്‍വിച്ച് കഴിച്ചതിന്‍റെ പേരില്‍ പിരിച്ചുവിട്ടതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഡെവൺഷെയേഴ്സ് സോളിസിറ്റേഴ്സിൻ്റെ ഓഫീസുകൾ വൃത്തിയാക്കുന്നത് റോഡ്രിഗസാണ്. എന്നാല്‍ ക്രിസ്മസിന് തൊട്ടുമുന്‍പ് നടന്ന മീറ്റിംഗില്‍ വച്ച് അഭിഭാഷകരുടെ ഉച്ചഭക്ഷണത്തില്‍ നിന്നും ബാക്കിയായ സാന്‍ഡ്‍വിച്ച് കഴിച്ചതാണ് കമ്പനിയെ പ്രകോപിപ്പിച്ചത്. അഭിഭാഷകരുടെ യോഗത്തിന് ശേഷം വലിച്ചെറിയുമെന്ന് കരുതിയ 1.50 യൂറോ (ഏകദേശം 134 രൂപ) വിലയുള്ള ട്യൂണ സാന്‍ഡ്‌വിച്ച് റോഡ്രിഗ്‌സ് കഴിച്ചതായി അവര്‍ സ്ഥിരീകരിച്ചു. ബാക്കിവന്ന സാൻഡ്‌വിച്ചുകൾ തിരികെ നൽകിയില്ലെന്ന് പറഞ്ഞ് ടോട്ടൽ ക്ലീന്‍ കമ്പനിക്ക് ഡെവൺഷെയേഴ്‌സിൽ നിന്ന് പരാതി ലഭിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. തുടര്‍ന്ന് ടോട്ടല്‍ ക്ലീന്‍ തലവന്‍ ഗ്രഹാം പീറ്റേഴ്സൺ റോഡ്രിഗസിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. “നിങ്ങളുടെ ഷിഫ്റ്റ് അവസാനിക്കുന്നതിന് സമീപം അടുക്കളയിൽ ഒരു സാൻഡ്‌വിച്ച് കണ്ടെത്തി. രണ്ടാമതൊന്ന് ആലോചിക്കാതെ അത് എടുത്തുവെന്നാണ് നിങ്ങളുടെ വിശദീകരണം കേട്ടപ്പോള്‍ മനസിലായത്'' റോഡിഗ്രസിനെ പുറത്താക്കിക്കൊണ്ടുള്ള കത്തില്‍ പറയുന്നു.


തുടര്‍ന്ന് റോഡ്രിഗസ് കോടതിയെ സമീപിക്കുകയായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടുന്ന യുണൈറ്റഡ് വോയ്‌സ് ഓഫ് വേൾഡ് യൂണിയൻ (യുവിഡബ്ല്യു) റോഡ്രിഗസിന് പിന്തുണ നല്‍കുന്നുണ്ട്. "ഇതുപോലുള്ള പരിഹാസ്യമായ കാരണങ്ങളാൽ ക്ലീനർമാരെ പിരിച്ചുവിടുന്നത് അവർ വൃത്തിയാക്കുന്ന അഴുക്ക് പോലെ അവരെ കൈകാര്യം ചെയ്യുന്നതിന് തുല്യമാണ്. ഇതൊരു പുതിയ കാര്യമല്ല. എന്നിരുന്നാലും ഇത് അതിരുകടന്നതാണ്'' യുവിഡബ്ല്യു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

റോഡ്രിഗസിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സഹപ്രവര്‍ത്തകര്‍ ഡെവൺഷയേഴ്സിൻ്റെ സെൻട്രൽ ലണ്ടൻ ആസ്ഥാനത്തിന് പുറത്ത് പ്രകടനം നടത്തി. പ്രതിവർഷം 3.2 മില്യൺ ഡോളർ സമ്പാദിക്കുന്ന അഭിഭാഷകരാണ് ഇവിടെയുള്ളതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിന്‍റെ ഭാഗമായി 300 ട്യൂണ സാൻഡ്‌വിച്ചുകളും 100 ട്യൂണ ക്യാനുകളും കൊണ്ടുവന്നു.

Related Tags :
Similar Posts