World
ഹമാസ് നേതാവ് ആറൂരിയുടെ കൊലപാതകം: കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രായേലിനോട്  ഹിസ്​ബുല്ലയും  ഇറാനും
World

ഹമാസ് നേതാവ് ആറൂരിയുടെ കൊലപാതകം: കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രായേലിനോട് ഹിസ്​ബുല്ലയും ഇറാനും

Web Desk
|
3 Jan 2024 12:47 AM GMT

അമേരിക്കയും കൂട്ടാളികളും ചെറുത്തുനിൽപ്പ്​ വിഭാഗങ്ങളുടെ തിരിച്ചടി കരുതിയിരിക്കണമെന്ന്​ ഇറാനും താക്കീത്​ ചെയ്​തു

ബൈയ്റൂത്ത്: ഹമാസ്​ രാഷ്ട്രീയവിഭാഗം ഉപാധ്യക്ഷൻ സാലിഹ്​ അൽ ആറൂരിയുടെ കൊലപാതകത്തില്‍ ശക്തമായ തിരിച്ചടി ഉറപ്പാണെന്ന്​ ഫലസ്തീൻ സംഘടനകൾക്ക്പുറമെ ഹിസ്​ബുല്ലയും ഹൂത്തികളും ഇറാനും മുന്നറിയിപ്പ് നല്‍കി. ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ്​ ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ ആറൂരി ഉൾപ്പെടെ 3 നേതാക്കളാണ് കൊല്ലപ്പെട്ടത്. അൽഖസ്സാം കമാണ്ടർമാരായ സാമിർ ഫൻദി, അസ്സാം അൽ അഖ്റ എന്നിവരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയിലാണ്​ ഇസ്രായേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. കുറച്ചു കാലമായി ലബനാൻ കേന്ദ്രീകരിച്ചായിരുന്നു സാലിഹ്​ അൽ ആറൂരിയുടെ പ്രവർത്തനം. ആറൂറിയുടെ വധത്തിന്​ കനത്ത തിരിച്ചടി ഉറപ്പാണെന്ന്​ ഫലസ്തീനും ചെറുത്തു നിൽപ്പ്​ സംഘടനകളും ഹിസ്​ബുല്ല, ഹൂത്തി വിഭാഗം എന്നിവരും മുന്നറിയിപ്പ്​ നൽകി.

അമേരിക്കയും കൂട്ടാളികളും ചെറുത്തുനിൽപ്പ്​ വിഭാഗങ്ങളുടെ തിരിച്ചടി കരുതിയിരിക്കണമെന്ന്​ ഇറാനും താക്കീത്​ ചെയ്​തു. ലബനാനുനേരെയുള്ള ഏത് ​ആക്രമണവും കടുത്ത പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന്കഴിഞ്ഞ ദിവസം ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ല പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ബൈറൂത്തിൽ ഹമാസ് മുതിർന്ന നേതാവിന്റെ വധം ​ സ്​ഥിതിഗതികൾ കൂടുതൽ കലുഷിതമാകും.

ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ല ഇന്ന്​ അനുയായികളെ അഭിസംബോധന ചെയ്യും. ആറൂറിയുടെ വധത്തോടെ യുദ്ധമുഖം മാറുമെന്ന് ആശങ്കയും ശക്​തമാണ്. ഹമാസ്​ നേതാവിന്‍റെ വധത്തെ കുറിച്ച്​ പരസ്യ പ്രതികരണത്തിന്​ ഇസ്രായേലും അമേരിക്കയും തയാറായില്ല.

ആരും ഒന്നും പ്രതികരിക്കരുതെന്ന്​ മന്ത്രിമാർക്ക്​ നെതന്യാഹുവിന്‍റെ മുന്നറിയിപ്പ്​. അമേരിക്കയെ മുൻകൂട്ടി അറിയിക്കാതെയാണ്​ ആറൂരിയെ കൊലപ്പെടുത്തിയതെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ. അതിനിടെ, ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22,000 കടന്നു. ഇന്നലെ മാത്രം 207 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം. ആക്രമണം പൂർണമായി നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന്​ ഹമാസ്​ നേതൃത്വം മധ്യസ്​ഥ രാജ്യങ്ങളെ അറിയിച്ചു. എല്ലാ പ്രതികൂലതകൾക്കിടയിലും ഗസ്സയിൽ ചെറുത്തുനിൽപ്പ്​ അജയ്യമെന്ന്​ ഹമാസ്​ നേതാവ്​ ഇസ്​മാഈൽ ഹനിയ്യ പറഞ്ഞു.

Similar Posts