World
സാലിഹ് അൽ ആറൂറി ഹമാസിലെ രണ്ടാമൻ; അമേരിക്ക വിലയിട്ടത് അഞ്ച് മില്യൺ ഡോളർ
World

സാലിഹ് അൽ ആറൂറി ഹമാസിലെ രണ്ടാമൻ; അമേരിക്ക വിലയിട്ടത് അഞ്ച് മില്യൺ ഡോളർ

Web Desk
|
2 Jan 2024 7:00 PM GMT

ചൊവ്വാഴ്ചയാണ് ഇദ്ദേഹം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

ഹമാസിന്റെ നേതാക്കളിൽ രണ്ടാമനായിരുന്നു ചൊവ്വാഴ്ച കൊല്ലപ്പെട്ട സാലിഹ് അൽ ആറൂറി. പ്രായോഗിക നേതാവായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഫലസ്തീനുമായും ഹമാസുമായും ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ നടന്ന പല മധ്യസ്ഥ ചർച്ചകൾക്കും ചുക്കാൻപിടിച്ചിരുന്നത് അൽ ആറൂറിയായിരുന്നു.

2010ലാണ് ഹമാസ് പോളിറ്റ് ബ്യൂറോ അംഗമാകുന്നത്. 2017 ഒക്ടോബർ മുതൽ ഡെപ്യൂട്ടി ചെയർമാനായി പ്രവർത്തിച്ച് വരികയായിരുന്നു. അവസാന കാലഘട്ടത്തിൽ ലെബനാനിലായിരുന്നു പ്രവർത്തന കേന്ദ്രം. വെസ്റ്റ് ബാങ്കിൽ ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.

ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപക കമാൻഡറാണ്. 2011ൽ ഇസ്രായേലി സൈനികൻ ഗിലാദ് ഷാലിത്തിനെ മോചിപ്പിക്കുന്നതിന് പകരം യഹിയ സിൻവാർ, റൗഹി മുഷ്താഹ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ 1027 ഫലസ്തീനികളെ ജയിൽ മോചിതരാക്കാൻ നടത്തിയ ചർച്ചകൾക്കും അൽ ആറൂറി നേതൃത്വം നൽകി. ഫലസ്തീനിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ ഫതഹുമായുള്ള അനുരഞ്ജന ചർച്ചകളിലും ഹമാസിന്റെ പ്രതിനിധിയായി അദ്ദേഹമുണ്ടായിരുന്നു.

1966 ആഗസ്റ്റ് 19ന് റാമല്ലയിലാണ് അൽ ആറൂറിയുടെ ജനനം. 1987ൽ ഹമാസ് സ്ഥാപിതമായപ്പോൾ തന്നെ അതിൽ അംഗത്വമെടുത്തു. അതിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിക്കുകയും വെസ്റ്റ് ബാങ്കിൽ ഹമാസിന്റെ സൈനിക വിഭാഗം സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്തു. വിവിധ യൂനിവേഴ്സിറ്റികളിൽനിന്നായി നിരവധി വിദ്യാർഥികളെയാണ് അദ്ദേഹം ഈ കാലയളവിൽ ഹമാസിന്റെ ഭാഗമാക്കിയത്.

ഇതോടെ ഇസ്രാ​യേൽ ഇദ്ദേഹത്തെ നിരന്തരം വേട്ടയാടാൻ തുടങ്ങി. 1985-1992നും 1992-2007നും ഇടയിൽ ഏകദേശം 15 വർഷത്തോളം ജയിൽ വാസം അനുഭവിച്ചു. 2010ൽ ഇസ്രായേൽ സിറിയയിലേക്ക് നാടുകടത്തി. മൂന്ന് വർഷങ്ങൾക്ക് ശേഷം തുർക്കിയിലേക്കും പിന്നീട് ലെബനനിലേക്കും താമസം മാറി.

ഹമാസിന് വേണ്ടി ഫണ്ട് ശേഖരിക്കുന്നതും ആളുകളെ റിക്രൂട്ട് ചെയ്യുന്നതും ഇദ്ദേഹമാണെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. 2015ൽ അമേരിക്ക അൽ ആറൂറിയെ ഭീകരനായി പ്രഖ്യാപിച്ചു. കൂടാതെ ഇദ്ദേഹത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 മില്യൻ ഡോളറാണ് (ഏകദേശം 41 കോടി രൂപ) അമേരിക്ക വിലയിട്ടത്.


2014 ജൂണിൽ വെസ്റ്റ് ബാങ്കിൽനിന്ന് ഇസ്രായേൽ കൗമാരക്കാരായ ഇയാൽ യിഫ്ര, ഗിലാഡ് ഷെയർ, നഫ്താലി ഫ്രാങ്കൽ എന്നിവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം തുർക്കിയിൽനിന്ന് ഏകോപിപ്പിച്ചത് അൽ ആറൂറിയാണെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. ഹമാസ് ആദ്യം ഇത് നിഷേധിച്ചുവെങ്കിലും പിന്നീട് ആറൂറി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വരികയുണ്ടായി.

ഒക്ടോബർ ഏഴിലെ ആക്രമണത്തെത്തുടർന്ന് ആറൂറി ഇസ്രായേലിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഒക്‌ടോബർ 30ന് വെസ്റ്റ്ബാങ്കിലെ അരൂരയിൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വീട് ഇസ്രായേൽ തകർക്കുകയുണ്ടായി.

ഒക്ടോബർ ഏഴിനു ശേഷം ഹമാസ് വക്താവായി വിഷയങ്ങൾ പുറംലോകത്തോട് പങ്കുവെച്ചത് ആറൂരിയായിരുന്നു. ഹമാസ് നേതാക്കളിൽ ഇസ്രായേൽ കൊലപ്പെടുത്തുന്ന അവസാനത്തെയാളാണ് ആറൂറി.

ഹമാസ് യുദ്ധമുറകളുടെ ബുദ്ധികേന്ദ്രമായിരുന്ന യഹ്‍യ അയ്യാശിനെ 1996ൽ വധിച്ചാണ് തുടക്കം. 2002ൽ എഫ്-16 യുദ്ധവിമാനം നടത്തിയ ആക്രമണത്തിൽ ശൈഖ് സലാഹ് ശഹാദയും 2004ൽ യുദ്ധ ഹെലികോപ്റ്റർ ആക്രമണത്തിൽ ശൈഖ് അഹ്മദ് യാസീനും കൊല്ലപ്പെട്ടു. അതേ വർഷം, ഉപസ്ഥാപകൻ അബ്ദുൽ അസീസ് റൻതീസിയും 2006ൽ സായുധ വിഭാഗം നേതാവ് നബിൽ അബൂസൽമിയയും ഇസ്രാ​യേൽ ആക്രമണത്തിനിരയായി.

Similar Posts