റഷ്യയ്ക്കുമേൽ ഉപരോധം ശക്തിപ്പെടുത്തും, പുടിൻ സ്വയം യുദ്ധം അവസാനിപ്പിക്കണം: വൈറ്റ് ഹൗസ്
|റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു
റഷ്യയ്ക്കുമേലുള്ള ഉപരോധം ശക്തിപ്പെടുത്തുമെന്നും പുടിൻ സ്വയം യുദ്ധത്തിൽ നിന്നും പിന്മാറാനുള്ള മാർഗമാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി വൈറ്റ് ഹൗസ് വക്താവ് ജെൻ സാക്കി. യുദ്ധം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് വക്താവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കിയവിന് സമീപത്തുള്ള ഗ്രാമങ്ങളിലെല്ലാം റഷ്യ മിസൈലാക്രമണം നടത്തിയിരുന്നു.
റഷ്യയിലെ സർക്കാർ ഉദ്യോഗസ്ഥരെയും ധനകാര്യ സ്ഥാപനങ്ങളെയും സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെയും ലക്ഷ്യം വെച്ചുള്ള ഉപരോധം ഈ ആഴ്ച അവസാനം പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് തടയിടുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ജെൻ സാക്കി പറഞ്ഞു. ''റഷ്യയ്ക്ക് വേണ്ടത്ര വിഭവങ്ങളില്ല, ഉപരോധം റഷ്യയെ കൂടുതൽ പ്രതിന്ധിയിലാക്കിയിരിക്കുകയാണ്, ഈ സാഹചര്യത്തിൽ പുതിയ വരുമാനം തേടാനോ കൂടുതൽ വിഭവങ്ങൾക്കായി വിലയേറിയ ഡോളർ കരുതൽ ശേഖരം ചിലവഴിക്കാനോ അവർ നിർബന്ധിതരാവുകയാണ്'', ജെൻ സാക്കി കൂട്ടിച്ചേർത്തു.
റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. ഭീതി പടർത്തി റഷ്യ യുക്രൈനിൽ ആക്രമണം ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം പോൾട്ടവ, ക്രെമെൻചുക് എന്നീ തന്ത്രപ്രധാന നഗരങ്ങളിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. റഷ്യയുടെ മിസൈൽ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതായി പോൾട്ടാവ മേധാവി പറഞ്ഞു.ക്രെമെൻചുക് നഗരത്തിലും വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് വിവരം. കിയവിനു കിഴക്കായാണ് ക്രെമെൻചുക് സ്ഥിതി ചെയ്യുന്നത്.
ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്.റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ രാജ്യത്തെ സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നുവെന്ന് യുക്രൈൻ ആരോപിച്ചിരുന്നു.എന്നാൽ യുക്രൈന്റെ ആരോപണത്തെ റഷ്യ പാടെ നിഷേധിക്കുകയാണുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ നടന്ന ഏറ്റവും വലിയ സൈനിക നടപടിയായാണ് റഷ്യൻ ആക്രമണത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.