ഉപരോധം കർശനം; റഷ്യയുടെ ചരക്കുകപ്പൽ ഫ്രാൻസ് തടഞ്ഞു
|പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകും
ഇംഗ്ലീഷ് ചാനലിൽ റഷ്യയുടെ ചരക്കുകപ്പൽ ഫ്രാൻസ് തടഞ്ഞു. റഷ്യക്കെതിരായുള്ള ഉപരോധങ്ങളുടെ ഭാഗമായാണ് തടഞ്ഞതെന്ന് ഫ്രാൻസ് പറഞ്ഞു. പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകും. ഇക്കാര്യം ഫ്രാൻസിലെ രണ്ട് നിയമ നിർമ്മാണ സമിതികളെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് ഫ്ഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഏതൊക്കെ തരത്തിലുള്ള പ്രതിരോധ ഉപകരണങ്ങളാണ് യുക്രൈൻ നൽകുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. 300 ദശലക്ഷം യൂറോയുടെ അധിക ബജറ്റ് സഹായം ഫ്രാൻസ് യുക്രൈന് നൽകുമെന്നും അവർക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികൾ നൽകുമെന്നും മാക്രോൺ കൂട്ടിച്ചേർത്തു.
ഫ്രാൻസ് മുമ്പ് യുക്രൈനിന് ആയുധങ്ങൾ നൽകിയിട്ടില്ലെങ്കിലും മാനുഷിക സഹായവും ബജറ്റ് പിന്തുണയും നൽകിയിട്ടുണ്ട്. റഷ്യൻ സൈനികർക്കെതിരെ ആയുധമെടുക്കാൻ പൗരന്മാരോട് യുക്രേനിയൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി അഭ്യർത്ഥിച്ചിരുന്നു.
ജനവാസ കേന്ദ്രങ്ങളിൽ റഷ്യ ബോംബാക്രമണം നടത്തുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി വ്യക്തമാക്കി. ജനങ്ങളെ കൊന്നൊടുക്കുന്ന റഷ്യൻ നീക്കത്തിനെതിരെ ലോക ജനത രംഗത്തിറങ്ങണമെന്നും ഈ സമയമെങ്കിലും യൂറോപ്യൻ യൂണിയനിൽ തങ്ങളെ അംഗമാക്കണമെന്നും യുക്രൈൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.
മൂന്നാം ദിവസവും യുക്രൈനിൽ റഷ്യൻ ആക്രമണം ശക്തമായി തുടരുകയാണ്. തലസ്ഥാനമായ കിയവ് പിടിച്ചടക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സൈന്യം. കഴിഞ്ഞ മണിക്കൂറുകളിൽ നഗരപ്രാന്തങ്ങളിൽ 50ലേറെ ഉഗ്രസ്‌ഫോടനങ്ങളും വെടിവയ്പ്പുകളും റിപ്പോർട്ട് ചെയ്തു. യുക്രൈൻ സൈന്യം തിരിച്ചടിക്കുന്നതായും റിപ്പോർട്ടുണ്ട്. ദക്ഷിണ കിയവിലുള്ള ബില സെർക്വയിൽ രണ്ട് റഷ്യൻ യുദ്ധവിമാനങ്ങൾ യുക്രൈൻ സൈന്യം വെടിവച്ചിട്ടതായി വാർത്താ എ.പി റിപ്പോർട്ട് ചെയ്തു. കിയവിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പോരാട്ടമാണ് യുക്രൈൻ-റഷ്യൻ സൈന്യങ്ങൾ തമ്മിൽ നടക്കുന്നത്. 3,500 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രൈൻ അവകാശപ്പെടുന്നു. നിരവധി കവചിതവാഹനങ്ങളും മിസൈലുകളുമെല്ലാം തകർത്തതതായും പറയുന്നുണ്ട്.