യുക്രൈൻ തലസ്ഥാനം കിയവിലേക്ക് റഷ്യയുടെ വൻ സൈനിക വ്യൂഹം; സൈന്യം എത്തിയതെന്ന് കാണിക്കുന്ന സാറ്റലൈറ്റ് ചിത്രം പുറത്ത്
|വെടിനിർത്തൽ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിൽ ആറാം ദിവസവും യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുകയാണ്
യുക്രൈൻ തലസ്ഥാനം കിയവിലേക്ക് റഷ്യയുടെ വൻ സൈനിക വ്യൂഹം. കൂടുതൽ റഷ്യൻ സൈന്യം എത്തിയതെന്ന് കാണിക്കുന്ന സാറ്റലൈറ്റ് ചിത്രം പുറത്തു വന്നു. 65 കിലേമീറ്റർ നീളത്തിലാണ് വാഹന വ്യൂഹം കിയവിലേക്ക് നീങ്ങുന്നത്. വാഹനങ്ങൾ, ടാങ്കുകൾ, പീരങ്കികൾ, സപ്പോർട്ട് വാഹനങ്ങൾ എന്നിവയുടെ വിപുലമായ വാഹനവ്യൂഹത്തെയാണ് കാണാൻ കഴിയുന്നത്.
Convoy update based on analysis of additional imagery provided by @maxar: Troops are at Antonov Airport, meaning military vehicles & equipment are stretched out along 40 miles of road. Important: this image shows homes on fire along the route https://t.co/ypUM31PmId pic.twitter.com/IZWzv4akju
— Christoph Koettl (@ckoettl) March 1, 2022
വെടിനിർത്തൽ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിൽ ആറാം ദിവസവും യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുകയാണ്. ഖാർകീവിൽ നടത്തിയ ഷെല്ലാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് സ്‌ഫോടനം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. യുക്രൈൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കി .
The sound of explosions being reported near Kherson airport. https://t.co/4EOZG3I2wG pic.twitter.com/osqQGbxRm1
— Joe Truzman (@JoeTruzman) February 28, 2022
അതേ സമയം ഫിൻലൻഡ്, ലിത്വാനിയ ഉൾപ്പെടെയുളള രാജ്യങ്ങൾ യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചു. യുക്രൈൻ പ്രതിരോധത്തിന് മുന്നിൽ റഷ്യ മുട്ടുകുത്തിയെന്നാണ് അമേരിക്കൻ വാദം. എന്നാൽ വ്യോമമേഖല കീഴടക്കിയെന്നും തന്ത്രപ്രധാന നഗരങ്ങളുടെ നിയന്ത്രണം ഉടൻ പിടിച്ചെടുക്കുമെന്നും റഷ്യ അവകാശപ്പെടുന്നു. സാധാരണ ജനങ്ങളെ യുക്രൈൻ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്നും റഷ്യ ആരോപിച്ചു .
വരുന്ന 24 മണിക്കൂർ യുക്രൈനിന് നിർണായകമാണെന്ന് പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു. റഷ്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിനിടെ സ്‌നേക് ഐലൻഡിൽ കൊല്ലപ്പെട്ടെന്ന് കരുതിയ സൈനികർ ജീവനോടെയുണ്ടെന്ന് യുക്രൈൻ നാവിക സേന സ്ഥിരീകരിച്ചു . ഇവരെ റഷ്യൻ സൈന്യം ബന്ദികളാക്കിയിരിക്കുകയാണെന്നാണ് വിവരം. യുദ്ധത്തിൽ 14 കുട്ടികൾ ഉൾപ്പെടെ 352 സാധാരണക്കാർ മരിച്ചെന്നാണ് യുക്രൈൻ കണക്ക്.
അഞ്ച് ലക്ഷത്തിലധികം പേർ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുക്രൈനിന് മരുന്നും മറ്റ് അടിയന്തര വസ്തുക്കളും സഹായമായി എത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭയിൽ അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ റഷ്യൻ ആക്രമണത്തിനെതിരെയും സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ് .