World
Sudan

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാന്‍

World

ഇന്ത്യക്കാരടക്കമുള്ളവരെ സുഡാനില്‍ നിന്ന് തിരിച്ചെത്തിക്കാന്‍ സൗദി; ജിദ്ദയിലെത്തുന്നവര്‍ വിമാനമാര്‍ഗം നാട്ടിലെത്തും

Web Desk
|
23 April 2023 1:19 AM GMT

ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടു പോകാന്‍ രണ്ട് വ്യോമസേനാ വിമാനങ്ങള്‍ ജിദ്ദയിലെത്തിയിട്ടുണ്ട്. ഇവ നേരിട്ട് ജിദ്ദക്കും സുഡാനുമിടയില്‍ സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സാഹചര്യം പ്രതികൂലമായി

ഖാര്‍ത്തൂം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഇന്ത്യക്കാരടക്കമുള്ളവരുടെ ഒഴിപ്പിക്കല്‍ തുടരുന്നു. ഈ കപ്പലുകളില്‍ ജിദ്ദയിലെത്തുന്ന ഇന്ത്യക്കാരെ വിമാനമാര്‍ഗം നാട്ടിലെത്തിക്കും.

ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് സുഡാനില്‍ നിന്ന് ആദ്യ കപ്പല്‍ ജിദ്ദ തുറമുഖത്തെത്തിയത്. 50 സൗദി പൗരന്മാരും മറ്റ് വിവിധ രാജ്യക്കാരുമാണ് കപ്പിലുണ്ടായിരുന്നത്. തുടര്‍ന്നും നിരവധി കപ്പലുകളെത്തി. ഈ കപ്പലുകളില്‍ രക്ഷപ്പെട്ടെത്തിയവരില്‍ നിരവധി ഇന്ത്യക്കാരുണ്ട്.

ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടു പോകാന്‍ രണ്ട് വ്യോമസേനാ വിമാനങ്ങള്‍ ജിദ്ദയിലെത്തിയിട്ടുണ്ട്. ഇവ നേരിട്ട് ജിദ്ദക്കും സുഡാനുമിടയില്‍ സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സാഹചര്യം പ്രതികൂലമായി. ഇന്ത്യക്കാര്‍ക്ക് ജിദ്ദയില്‍ കോണ്‍സുലേറ്റിന് കീഴില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇതുവരെ 91 സൗദി പൗരന്മാരെയും വിവിധ രാജ്യക്കാരായ ഏകദേശം 66 പേരെയും സൗദിയിലെത്തിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിക്കുന്നത് തുടരുമെന്നും ഇതിനായി കൂടുതല്‍ കപ്പലുകള്‍ സര്‍വീസ് നടത്തുമെന്നും സൗദി കൂട്ടിച്ചേര്‍ത്തു.

സൗദിയെയും ഇന്ത്യയെയും കൂടാതെ കുവൈത്ത്, ഖത്തര്‍, യു.എ.ഇ, ഈജിപ്ത്, തുനീഷ്യ, പാകിസ്താന്‍, ബള്‍ഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, കാനഡ, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇതിനോടകം ജിദ്ദയിലെത്തിച്ചിട്ടുണ്ട്.

ജിദ്ദയിലെത്തിയ വിദേശ പൗരന്മാര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും അതത് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള യാത്രാസൗകര്യങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ.

Similar Posts