വിദ്യാർഥിനികളുടെ വിദ്യാഭ്യാസം വിലക്കിയ താലിബാൻ നേതാക്കളുടെ പെൺമക്കളുടെ പഠനം വിദേശത്ത്; ഇരട്ടത്താപ്പ് പുറത്ത്
|10ലേറെ താലിബാൻ നേതാക്കളുടെ പെൺമക്കളാണ് ഖത്തറിലെ ദോഹ, പാകിസ്താനിലെ പെഷാവർ, കറാച്ചി തുടങ്ങിയ ഇടങ്ങളിൽ പഠിക്കുന്നത്.
ന്യൂഡൽഹി: രാജ്യത്തെ പെൺകുട്ടികളുടെ സർവകലാശാലാ വിദ്യാഭ്യാസം വിലക്കിയ താലിബാൻ ഭരണകൂടത്തിലെ വിവിധ മന്ത്രിമാരുടെയടക്കം പെൺമക്കൾ പഠിക്കുന്നത് വിദേശത്ത്. 10ലേറെ താലിബാൻ നേതാക്കളുടെ പെൺമക്കളാണ് ഖത്തറിലെ ദോഹ, പാകിസ്താനിലെ പെഷാവർ, കറാച്ചി തുടങ്ങിയ ഇടങ്ങളിൽ പഠിക്കുന്നതെന്ന് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ആരോഗ്യമന്ത്രി ഖലന്ദർ ഇബാദ്, ഉപ വിദേശകാര്യ മന്ത്രി ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായ്, വക്താവ് സുഹൈൽ ഷഹീൻ എന്നിവർ പെൺമക്കളെ വിദേശത്ത് അയച്ചു പഠിപ്പിക്കുന്ന താലിബാൻ നേതാക്കളിൽ ഉൾപ്പെടുന്നു.
സുഹൈൽ ഷഹീന്റെ രണ്ട് പെൺമക്കൾ ദോഹയിലെ സർക്കാർ നിയന്ത്രിത സ്‌കൂളിലാണ് പഠിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളും ദോഹയിലാണ് പഠിക്കുന്നതെന്ന് അവരുടെ കുടുംബത്തിന് പരിചയമുള്ള ഒരാളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. മൂത്ത മകൾ, തന്റെ സ്‌കൂൾ ടീമിന് വേണ്ടി ഫുട്‌ബോൾ പോലും കളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമാബാദിലെ നംഗർഹർ യൂണിവേഴ്‌സിറ്റിയിൽ നിന്നും പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും ബിരുദം നേടിയ, ഫിസിഷ്യൻ കൂടിയായ ഖലന്ദർ ഇബാദ് തന്റെ മകൾക്കും മെഡിക്കൽ വിദ്യാഭ്യാസം ഉറപ്പാക്കി. മകൾ ഇപ്പോൾ ഇസ്‌ലാമാബാദില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്.
സ്താനിക്സായിയുടെ മകൾ ഖത്തറിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആളാണ്. ഖത്തറിലെ ഒരു പ്രമുഖ സ്കൂളിൽ നിന്നാണ് ഈ മകൾ ഹൈസ്കൂൾ വിദ്യാഭ്യാസ പൂർത്തിയാക്കിയത്. അതേസമയം, തങ്ങളുടെ പെൺമക്കളെ വിദേശത്ത് പഠിപ്പിക്കുന്ന താലിബാൻ ഉദ്യോഗസ്ഥരുടെ വിവരം തേടിയെങ്കിലും വക്താവായ ഷഹീന്റെ ഓഫീസിൽ നിന്ന് പ്രതികരണം ലഭിച്ചില്ലെന്ന് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.
താലിബാന്റെ നിരവധി മുതിർന്ന മന്ത്രിമാരുടെയും സിവിൽ സർവീസ് ഉദ്യോഗസ്ഥരുടേയും മക്കൾ ഇപ്പോൾ പെഷാവാറിലും കറാച്ചിയിലുമായി ഇസ്‌ലാമിക വിഷയങ്ങളോടൊപ്പം ആധുനിക വിദ്യാഭ്യാസം നൽകുന്ന ഇഖ്‌റ സ്‌കൂളുകളിൽ പഠിക്കുന്നുണ്ടെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ട് പറയുന്നു.
താലിബാന്റെ സൈനിക കമ്മീഷനിലെ നാല് അംഗങ്ങളുടെയെങ്കിലും പെൺമക്കൾ കഴിഞ്ഞ വർഷം അവർ കാബൂൾ പിടിച്ചെടുക്കുന്നതിന് മുമ്പ് ഇഖ്‌റ സ്കൂളുകളിൽ പഠിച്ചിരുന്നതായി കരുതപ്പെടുന്നു.
അഫ്ഗാന്റെ അധികാരം ഏറ്റെടുത്തതിന് പിന്നാലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് താലിബാൻ വാഗ്ദാനം ചെയ്തിരുന്നെങ്കിലും മാർച്ച് 23ന് സ്കൂളുകൾ തുറന്നതിന് പിന്നാലെ വാക്ക് തെറ്റിക്കുകയായിരുന്നു. വിദ്യാഭ്യാസം കൂടാതെ സ്ഥാപനങ്ങളിലെ ജോലികളിൽ നിന്നും വനിതകളെ ഒഴിവാക്കിയിരുന്നു. ബന്ധുക്കൾക്കൊപ്പമല്ലാതെ സ്ത്രീകൾ പുറത്ത് സഞ്ചരിക്കാൻ പാടില്ലെന്നും ഉത്തരവിട്ടു.
സർക്കാർ- സ്വകാര്യ സർവകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കി ചൊവ്വാഴ്ചയാണ് താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉത്തരവിറക്കിയത്. ഇത് അഫ്ഗാനിൽ മാത്രമല്ല പല രാജ്യങ്ങളിലും വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അധികാരമേറ്റതിന് പിന്നാലെ സ്ത്രീകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ താലിബാൻ വിദ്യാഭ്യാസമടക്കം നിരോധിച്ചത്.
ഉന്നതവിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീമാണ് സർവകലാശാലകളിൽ സ്ത്രീകളെ വിലക്കിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. "ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകളുടെ വിദ്യാഭ്യാസം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു"- ഉത്തരവിൽ പറയുന്നു. ഉത്തരവ് ഉടൻ നടപ്പാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ- സ്വകാര്യ സർവകലാശാലകൾക്ക് മന്ത്രി കത്തയയ്ക്കുകയും ചെയ്തു.
താലിബാന്റെ തീരുമാനത്തെ അപലപിച്ച് യു.എസ്, ആസ്ത്രേലിയ, ഫ്രാൻസ്, ജർമനി, ജപ്പാൻ, യു.കെ. പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. സ്ത്രീകൾക്ക് സർവകലാശാല വിദ്യാഭ്യാസം നിരോധിച്ച താലിബാൻ നടപടിയെ അപലപിച്ച് അഫ്ഗാനിസ്താന്റെ വീൽചെയർ ബാസ്‌ക്കറ്റ് ബോൾ ടീം മുൻ ക്യാപ്റ്റൻ നിലോഫർ ബയാത്തും രംഗത്തെത്തിയിരുന്നു. അഫ്ഗാനിൽ രണ്ട് തവണ യുദ്ധത്തിന് ഇരയായ നിലോഫർ താലിബാന്റെ നടപടിയെ 'ദുരന്തം' എന്നാണ് വിശേഷിപ്പിച്ചത്.