സ്കൂള്‍ ബസ് ഓടിക്കുമ്പോള്‍ ഡ്രൈവറുടെ ബോധം പോയി; രക്ഷകനായി ഏഴാം ക്ലാസ് വിദ്യാര്‍ഥി
|പതിമൂന്നുകാരന്‍റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ദുരന്തമാണ് ഒഴിവായത്
മിഷിഗണ്‍: സ്കൂള്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് വാഹനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത ഏഴാം ക്ലാസ് വിദ്യാര്‍ഥി കൂട്ടുകാരുടെ ജീവന്‍ രക്ഷിച്ചു. പതിമൂന്നുകാരന്‍റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ദുരന്തമാണ് ഒഴിവായത്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം.
ബുധനാഴ്ച കാർട്ടർ മിഡിൽ സ്കൂളിൽ നിന്ന് വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങുമ്പോൾ ബസ് ഡ്രൈവർക്ക് തലകറങ്ങി ബോധം നഷ്ടപ്പെട്ടതായി സ്കൂൾ സൂപ്രണ്ട് റോബർട്ട് ലിവർനോയ് പറഞ്ഞു. തനിക്ക് സുഖമില്ലെന്ന് ബസ് ഡ്രൈവർ ഉദ്യോഗസ്ഥർക്ക് സന്ദേശം അയക്കുന്നത് വീഡിയോയിൽ കാണാം. കുറച്ച് സമയത്തിന് ശേഷം, ഡ്രൈവർക്ക് സ്റ്റിയറിംഗ് വീലിന്‍റെ പിടിത്തം നഷ്ടപ്പെടുകയും സീറ്റില്‍ കുഴഞ്ഞിരിക്കുന്നതും കാണാം. ബസ് നിയന്ത്രണം വിടാന്‍ തുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ ഉച്ചത്തോടെ നിലവിളിക്കുന്നതും കേള്‍ക്കാം. ഇതു കണ്ട ഡിലോണ്‍ റീവ്സ് എന്ന വിദ്യാര്‍ഥി ബസിന്‍റെ നിയന്ത്രണം ഏറ്റെടുത്തു കൂട്ടുകാര്‍ക്ക് രക്ഷകനാവുകയായിരുന്നു. ഡ്രൈവര്‍ക്ക് ബോധം പോയത് ഡിലോണ്‍ കണ്ടെന്നും ബസ് ചവിട്ടി നിര്‍ത്താന്‍ സഹായിച്ചുവെന്നും ലിവര്‍നോയ് പറഞ്ഞു.
ബസ് നിര്‍ത്തിയ ശേഷം എമര്‍ജന്‍സി നമ്പറായ 911 ലേക്ക് വിളിക്കാന്‍ ഡിലോണ്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ക്ക് ബോധം നഷ്ടപ്പെടാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഡ്രൈവര്‍ക്ക് ഇതിനു മുന്‍പ് ഇങ്ങിനെ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സംഭവത്തോടെ ഡിലോണ്‍ നഗരത്തിന്‍റെ ഹീറോ ആയി മാറിയിരിക്കുകയാണ്.