ഗ്രഹണത്തിന് പിന്നാലെ കണ്ണുവേദന; ഗൂഗിളിൽ പ്രതിവിധി തിരഞ്ഞ് അമേരിക്കക്കാർ
|കണ്ണുവേദന ഏറ്റവും തിരഞ്ഞത് സൂര്യഗ്രഹണം ദൃശ്യമാകാത്ത സംസ്ഥാനങ്ങൾ
അരനൂറ്റാണ്ടിൽ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രണത്തിനാണ് കഴിഞ്ഞ ദിവസം വടക്കേ അമേരിക്കൻ രാജ്യങ്ങൾ സാക്ഷിയായിത്. പകൽ രാത്രിയായ ഒന്നരമണിക്കൂർ ശാസ്ത്രലോകത്തിനപ്പുറം സാധാരണ ജനതയ്ക്കും കൗതുകമായി. തൊട്ടുപിന്നാലെ ഗൂഗിളിൽ ആളുകൾ വൻതോതിൽ കണ്ണുവേദനയെക്കുറിച്ച് സെർച്ച് ചെയ്തുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. അമേരിക്കയിൽ നിന്നാണ് കണ്ണുവേദനയെക്കുറിച്ച് ഏറ്റവുമധികം സെർച്ചുകൾ വന്നിരിക്കുന്നത്.
സൂര്യഗ്രഹണം കാണുന്നതിനായി അമേരിക്കയിൽ വൻ ഗ്രഹണനിരീക്ഷണ പരിപാടികൾ തന്നെ സംഘടിപ്പിച്ചിരുന്നു. ആയിരങ്ങളാണ് ഇന്ത്യൻ സമയം രാത്രി 11:37 മുതൽ പുലർച്ചെ ഒന്ന് വരെ ഗ്രഹണം കാണാനായി പലസ്ഥലങ്ങളിലും ഒത്തുകൂടിയത്. ഇതേ സമയം തന്നെയാണ് 'കണ്ണുകൾ വേദനിക്കുന്നു' എന്ന സെർച്ച് ടേം ഗൂഗിളിൽ വൻതോതിൽ ആളുകൾ ഉപയോഗിച്ചതായി കണ്ടെത്തിയത്.
സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കുന്നത്, കണ്ണുകൾക്ക് പരിക്കുണ്ടാക്കാൻ കാരണമാകുമെന്നും ബൈനോക്കുലറുകളോ ദൂരദർശിനികളോ ഉപയോഗിച്ച് സൂര്യഗ്രഹണം നിരീക്ഷിക്കരുതെന്നും നാസ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. കറുത്ത സോളാർ റിഫ്ലക്ടീവ് ഗ്ലാസുകളോ ഗ്രഹണനിരീക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഉപകരണങ്ങളോ ഉപയോഗിച്ച് മാത്രമേ സൂര്യഗ്രഹണം നിരീക്ഷിക്കാവൂ എന്നും നാസ മുന്നറിയിപ്പ് നൽകി.
നഗ്നനേത്രം കൊണ്ട് സൂര്യനെ നോക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയായിരിക്കും അധികനേരം സൂര്യഗ്രഹണം ഫിൽട്ടർ ഇല്ലാതെ നോക്കുമ്പോൾ കണ്ണിനുണ്ടാവുക. കണ്ണിന് പുറത്തെ ആവരണം കരിച്ചുകളയുന്നതിനോടൊപ്പം സൂര്യപ്രകാശം കണ്ണിനുള്ളിലെ നാഡികളെ നശിപ്പിക്കുന്നു. ചെറിയ പരിക്കുകളാണെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ ഇവ മാറുകയും ചെയ്യും.
കണ്ണുവേദനയെക്കുറിച്ച് ഏറ്റവുമധികം സെർച്ചുകൾ വന്നിരിക്കുന്നത്. വെസ്റ്റ് വിർജീനിയ, ആർക്കൻസാസ്, ഇന്ത്യാന, റോഡ് ഐലൻഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ എറ്റവും സെർച്ചുകൾ വന്ന രണ്ടു സംസ്ഥാനങ്ങൾ ഗ്രഹണപാതയ്ക്ക് പുറത്തായിരുന്നു. ഗ്രഹണത്തിന് പകരം ആളുകൾ ഇവിടങ്ങളിൽ നോക്കിയത് സൂര്യനെത്തന്നെയായിരുന്നെന്നാണ് നിരീക്ഷണം.