World
പുലരുമോ സമാധാനം? റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട സമാധാന ചർച്ച ഉടൻ
World

പുലരുമോ സമാധാനം? റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട സമാധാന ചർച്ച ഉടൻ

Web Desk
|
3 March 2022 1:45 PM GMT

പ്രാദേശിക സമയം ഇന്നു രാത്രി ഏഴരയ്ക്ക് ചർച്ച ആരംഭിക്കുമെന്ന് യുക്രൈൻ സംഘാംഗം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി

യുക്രൈൻ-റഷ്യ സംഘർഷത്തിൽ രണ്ടാംഘട്ട സമാധാന ചർച്ച ഇന്നുണ്ടായേക്കും. ചർച്ചയ്ക്കായി യുക്രൈൻ പ്രതിനിധി സംഘം തിരിച്ചതായി പ്രസിഡിന്റിന്റെ ഉപദേഷ്ടാവ് മിഖായേലോ പൊഡോലിയാക് പറഞ്ഞു. രണ്ടു ദിവസംമുൻപ് ബെലറൂസിൽ നടന്ന റഷ്യ-യുക്രൈൻ സമാധാന ചർച്ച ഫലംകണ്ടിരുന്നില്ല.

യുക്രൈൻ സംഘം ഹെലികോപ്ടറിലാണ് ചർച്ചയ്ക്കായി തിരിച്ചിരിക്കുന്നത്. പ്രാദേശിക സമയം രാത്രി ഏഴരയ്ക്ക് ചർച്ച ആരംഭിക്കുമെന്ന് യുക്രൈൻ സംഘത്തിലുള്ള ഡെവിഡ് അരാഖമിയ ഫേസ്ബുക്ക് കുറിപ്പിൽ വെളിപ്പെടുത്തി. യുദ്ധഭൂമിയിൽനിന്ന് നാട്ടുകാർക്ക് രക്ഷപ്പെടാനായി മാനുഷിക ഇടനാഴി സ്ഥാപിക്കുന്ന കാര്യമായിരിക്കും ആദ്യം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുശേഷമായിരിക്കും വെടിനിർത്തൽ, സേനാപിന്മാറ്റം അടക്കമുള്ള വിഷയങ്ങളിലേക്ക് യുക്രൈൻ കടക്കുക.

രണ്ടാംഘട്ട ചർച്ച ഉടൻ ആരംഭിക്കുമെന്ന് റഷ്യൻസംഘത്തിലെ പ്രമുഖനായ വ്‌ളാദ്മിർ മെഡിൻസ്‌കിയെ ഉദ്ധരിച്ച് നേരത്തെ ബെലറൂസ് വാർത്താ ഏജൻസിയായ ബെൽറ്റ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ചർച്ച എവിടെവച്ചായിരിക്കുമെന്ന കാര്യം വ്യക്തമല്ല.

ഫലം കാണാതെ പോയ ആദ്യ ചർച്ച

ബെലറൂസിൽ നടന്ന ആദ്യഘട്ട ചർച്ച കാര്യമായ പുരോഗതിയില്ലാതെയാണ് പിരിഞ്ഞത്. എന്നാൽ, രണ്ടാംഘട്ട ചർച്ചയ്ക്കുള്ള സാധ്യത ഇരുവിഭാഗവും തള്ളിക്കളഞ്ഞിരുന്നില്ല. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം, റഷ്യൻസേന പൂർണമായി യുക്രൈനിൽനിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈൻ മുന്നോട്ടുവച്ചിരുന്നത്. ഇക്കാര്യം അംഗീകരിക്കാൻ റഷ്യൻസംഘം തയാറാകാതിരുന്നതോടെയാണ് ചർച്ച ഫലമില്ലാതെ പിരിഞ്ഞത്.

റഷ്യയുടെ സഖ്യരാജ്യം കൂടിയായ ബെലാറൂസിൽ സമാധാന ചർച്ചയ്ക്ക് നേരത്തെ യുക്രൈൻ സന്നദ്ധമായിരുന്നില്ല. ബെലാറൂസിലുള്ള റഷ്യൻ വ്യോമതാളവങ്ങളിൽനിന്നു കൂടി ആക്രമണം നേരിടുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും രാജ്യത്ത് വച്ചാകാം ചർച്ച എന്ന നിലപാടിലായിരുന്നു യുക്രൈൻ. ബെലാറൂസ് പ്രസിഡൻറ് അലെക്സാണ്ടർ ലുകാഷെങ്കോ റഷ്യയ്ക്ക് സഹായവുമായി സൈന്യത്തെ അയക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

പിന്നീട് നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ തങ്ങളുടെ പ്രതിനിധികളെ അയക്കാൻ യുക്രൈൻ സമ്മതിക്കുകയായിരുന്നു. കൂടിക്കാഴ്ചയിൽ അനുകൂലമായ ഫലമുണ്ടാകുമെന്ന് വിശ്വാസമില്ലെങ്കിലും ചർച്ച നടക്കട്ടെയെന്നാണ് യുക്രൈൻ പ്രസിഡൻറ് വ്ള്ദാമിർ സെലൻസ്‌കി വ്യക്തമാക്കിയിരുന്നത്.

പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവ്, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേൽ പോഡൊലിയാക്ക് അടക്കമുള്ള പ്രമുഖർ റഷ്യൻ സംഘത്തിലുണ്ടായിരുന്നു. അടിയന്തരമായ വെടിനിർത്തലും റഷ്യയുടെ സേനാപിന്മാറ്റവുമാണ് ചർച്ച ചെയ്യാൻ പോകുന്ന പ്രധാന വിഷയങ്ങളെന്ന് യുക്രൈൻ വാർത്താകുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. യുക്രൈൻ-ബെലാറൂസ് അതിർത്തിയിലാണ് ചർച്ചാവേദി ഒരുക്കിയിരുന്നത്. ചർച്ചയ്ക്കായി ഒരുക്കിയ വേദിയുടെ ചിത്രം ബെലാറൂസ് വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ചർച്ചയ്ക്കായി റഷ്യൻ സംഘമാണ് ആദ്യമെത്തിയത്. പ്രസിഡന്റ് വ്ള്ദാമിർ പുടിൻറെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.

ഖേഴ്‌സൻ വീണു; അടുത്തത്?

ദക്ഷിണ യുക്രൈനിലെ സുപ്രധാന നഗരമായ ഖേഴ്സൻ കീഴടക്കി റഷ്യ. കരിങ്കടൽ തീരത്തെ തുറമുഖ നഗരമായ ഖേഴ്സൻ കനത്ത പോരാട്ടത്തിനൊടുവിലാണ് റഷ്യൻസേനയ്ക്ക് കീഴിലാകുന്നത്. എട്ടുദിവസമായി തുടരുന്ന യുക്രൈനിലെ സൈനികനടപടിക്കിടയിൽ റഷ്യൻസേന പിടിയിലാക്കുന്ന ഏറ്റവും സുപ്രധാന നഗരമാണ് ഖേഴ്സൻ.

റഷ്യൻ സൈന്യം കനത്ത ആക്രമണമാണ് നഗരത്തിൽ നടത്തിയത്. നഗരസഭാ കാര്യാലയം പിടിച്ചടക്കിയ സൈന്യം നഗരത്തിൽ കർഫ്യു പ്രഖ്യാപിക്കുകയു ചെയ്തിട്ടുണ്ടെന്ന് ഖേഴ്സൻ മേയർ ഇഗോർ കൊലിഖേവ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മൂന്നു ലക്ഷത്തോളമാണ് നഗരത്തിലെ ജനസംഖ്യ. റഷ്യൻസൈന്യത്തെ അനുസരിക്കാൻ മേയർ നാട്ടുകാരോട് നിർദേശിച്ചിട്ടുണ്ട്. റഷ്യൻസൈന്യം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകളെല്ലാം അനുസരിക്കണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

രാത്രി എട്ടുമുതൽ പുലർച്ചെ ആറുവരെയാണ് റഷ്യൻസേന കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടുപേരിൽ കൂടുതൽ ആളുകൾ കൂടുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളുമായി എത്തുന്ന വാഹനങ്ങളെമാത്രമേ നഗരത്തിൽ പ്രവേശിപ്പിക്കൂ. കുറഞ്ഞ വേഗത്തിൽ മാത്രമേ നഗരത്തിൽ വാഹനം ഓടിക്കാനും പാടുള്ളൂവെന്നും സൈന്യത്തിന്റെ നിർദേശങ്ങളിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിൽ സിവിലിയന്മാരെ വെടിവയ്ക്കരുതെന്ന് ഇഗോർ കൊലിഖോവ് റഷ്യൻ സൈന്യത്തോട് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. യുക്രൈൻ സൈന്യം സമ്പൂർണമായി നഗരത്തിൽനിന്ന് പിന്മാറിയിട്ടുണ്ടെന്നും ഇതിനാൽ ഇനി ആക്രമണം തുടരുന്നതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇനി പോരാട്ടം ഖേഴ്സൻ താവളമാക്കി

ഖേഴ്സൻ പിടിച്ചടക്കിയതോടെ രാജ്യത്തെ ഏറ്റവും വലിയ തുറമുഖ നഗരമായ ഒഡേസയിലേക്കുള്ള പാത റഷ്യൻസൈന്യത്തിന് എളുപ്പമായിരിക്കുകയാണ്. കരിങ്കടലിൽ ചെന്നുചേരുന്ന നീപർ നദിയുടെ തീരത്തായാണ് ഖേഴ്സൻ സ്ഥിതി ചെയ്യുന്നത്. നഗരം കീഴടങ്ങിയതോടെ മറ്റു ഭാഗങ്ങളിലേക്ക് സൈനിക നടപടി വ്യാപിപ്പിക്കാൻ റഷ്യയ്ക്ക് കൂടുതൽ എളുപ്പമാകും. ഖേഴ്സനിൽ സൈനികതാവളമൊരുക്കിയായിരിക്കും മറ്റു മേഖലകളിൽ ഇനി റഷ്യ ആക്രമണം ശക്തമാക്കുക.

അതേസമയം, തലസ്ഥാനമായ കിയവും പ്രധാന നഗരങ്ങളായ ഖാർകിവും ചെർനിഹിും മരിയോപോളുമെല്ലാം യുക്രൈൻ നിയന്ത്രണത്തിൽ തന്നെ തുടരുകയാണ്. ശക്തമായ പോരാട്ടമാണ് റഷ്യൻ-യുക്രൈൻ സൈന്യങ്ങൾ തമ്മിൽ ഇവിടങ്ങളിൽ നടക്കുന്നത്. നഗരങ്ങളിൽ റഷ്യ കനത്ത ഷെല്ലാക്രമണവും തുടരുകയാണ്.

എട്ടുദിവസത്തിനിടെ റഷ്യൻ ആക്രമണത്തിൽ 2,000 സിവിലിയന്മാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് യുക്രൈൻ കണക്കാക്കുന്നത്. 227 സാധാരണക്കാർ കൊല്ലപ്പെട്ടതായി യു.എൻ സംഘവും സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ 498 സൈനികർ കൊല്ലപ്പെട്ടതായി റഷ്യയും സമ്മതിച്ചിട്ടുണ്ട്. 1,597 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Summary: The second round of ceasefire talks between Russia and Ukraine will begin in a couple of hours, news agency Reuters reports quoting Ukrainian president's advisor

Similar Posts