World
ബോംബാക്രമണം ഒന്നവസാനിപ്പിക്കൂ റഷ്യയോട് സെലൻസ്‌കിയുടെ അഭ്യർത്ഥന
World

'ബോംബാക്രമണം ഒന്നവസാനിപ്പിക്കൂ' റഷ്യയോട് സെലൻസ്‌കിയുടെ അഭ്യർത്ഥന

Web Desk
|
2 March 2022 4:20 AM GMT

റഷ്യൻ അധിനിവേശത്തിനെതിരെ തന്റെ ജനങ്ങളെ അണിനിരത്താൻ സെലൻസ്‌കി കിയവിൽ തന്നെ തുടരുകയാണ്

രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് മുന്നോടിയായി റഷ്യ ബോംബാക്രമണം അവസാവനിപ്പിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യൻ വ്യോമസേനയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ നാറ്റോ അംഗങ്ങളോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. പ്രതിരോധ നടപടി മാത്രമാണ് ആഗ്രഹിക്കുന്നതെന്നും നാറ്റോ അംഗങ്ങളെ റഷ്യയുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിടാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും സെലൻസ്‌കി വ്യക്തമാക്കി.

റഷ്യൻ സേന ആക്രമണം കടുപ്പിക്കുമ്പോൾ രാജ്യ തലസ്ഥാനം വിടാനുള്ള ഓഫറുകൾ നിരസിച്ചിരിക്കുകയാണ് സെലൻസ്‌കി. യുക്രൈനിന് നാറ്റോയിൽ അംഗത്വം നൽകിയില്ലെങ്കിൽ നിയമപരമായ സുരക്ഷാ ഗ്യാരണ്ടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 'ബോംബാക്രമണം നിർത്തി ചർച്ചാ മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കാം' സെലൻസ്‌കി റഷ്യയോട് ആവശ്യപ്പെട്ടു.

യുക്രൈനിന്റെ കിഴക്കൻ നഗരമായ ഖാർകിവിന്റെ ഹൃദയഭാഗത്താണ് കഴിഞ്ഞ ദിവസം മിസൈലുകൾ പതിച്ചത്. അതേസമയം യുക്രൈനിന് നാറ്റോ അംഗരാജ്യങ്ങൾ പ്രതിരോധത്തിനാവശ്യമായ ആയുധങ്ങൾ കൈമാറിയിട്ടുണ്ട്. റഷ്യയ്ക്ക് ഇതുവരെ യുക്രൈനിന്റെ തന്ത്രപ്രധാനമായ നഗരങ്ങൾ പിടിച്ചെടുക്കാനോ വലിയ നേട്ടമുണ്ടാക്കാനോ സാധിച്ചിട്ടില്ലെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നു.

'യുദ്ധം എല്ലാ ദിവസവും നടക്കുന്നുണ്ട്, ഞങ്ങൾക്ക് എല്ലാ ദിവസവും സഹായം ആവശ്യമാണ്,സംവാദത്തിന് അധികം സമയമില്ല', സെലൻസ്‌കി വ്യക്തമാക്കി. റഷ്യൻ അധിനിവേശത്തിനെതിരെ തന്റെ ജനങ്ങളെ അണിനിരത്താൻ സെലൻസ്‌കി കിയവിൽ തന്നെ തുടരുകയാണ്. എന്റെ ഉത്തരവാദിത്തങ്ങൾ ഞാൻ കൃത്യമായി നിർവഹിക്കുന്നു, രണ്ട് ദിവസമായി ഞാനെന്റെ മക്കളെ കണ്ടിട്ടില്ല', സെലൻസ്‌കി വികാരാധീനനായി പറഞ്ഞു.

'ഞങ്ങൾ അവസാനം വരെ പോരാടും, ഈ മണ്ണും ഞങ്ങളുടെ വീടുകളും ഞങ്ങൾക്ക് സംരക്ഷിച്ചേ മതിയാകൂ', റഷ്യൻ ആക്രമണത്തിനെതിരെ ഇനിയെത്ര നാൾ ഇങ്ങനെ പിടിച്ചു നിൽക്കുമെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സെലൻസ്‌കി. 'നമുക്ക് പ്രതിരോധിക്കാനുണ്ട്, ജീവിക്കാനുള്ള ഞങ്ങളുടെ അവകാശം നേടിയെടുക്കുക തന്നെ ചെയ്യും, അവർ (റഷ്യക്കാർ) ഇവിടെ എന്താണ് ചെയ്യുന്നത്? അവർക്ക് നമ്മുടെ ആളുകളെയും നമ്മുടെ സംസ്ഥാനത്തെയും നമ്മുടെ തത്വശാസ്ത്രത്തെയും മനസ്സിലാകുന്നില്ല, സ്വന്തം മണ്ണിൽ ഞങ്ങൾ കൂടുതൽ ശക്തരണ്, യുക്രൈൻ പ്രസിഡന്റ് മാധ്യമങ്ങൾക്കു മുമ്പാകെ വ്യക്തമാക്കി.

Similar Posts