സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനാവുന്നു; പുറംലോകം കാണുന്നത് 19 വർഷത്തിന് ശേഷം
|78കാരനായ ചാൾസ് ശോഭരാജിനെ പ്രായാധിക്യവും മോശം ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് കോടതി മോചിപ്പിച്ചത്.
കാഠ്മണ്ഡു: സീരിയൽ കില്ലർ ചാൾസ് ശോഭരാജ് 19 വർഷത്തെ നേപ്പാൾ ജയിൽവാസത്തിനു ശേഷം പുറത്തേക്ക്. നേപ്പാൾ സുപ്രിംകോടതിയാണ് ബുധനാഴ്ച മോചന ഉത്തരവിറക്കിയത്. ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന കൊലപാതങ്ങളിൽ പ്രതിയായ ശോഭരാജ് 2003ലാണ് നേപ്പാളിൽ അറസ്റ്റിലാവുന്നത്.
രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 78കാരനായ ചാൾസ് ശോഭരാജിനെ പ്രായാധിക്യവും മോശം ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് കോടതി മോചിപ്പിച്ചത്. ശോഭരാജിനെ തുടർച്ചയായി ജയിലിൽ പാർപ്പിക്കുന്നത് തടവുകാരുടെ മനുഷ്യാവകാശ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് കോടതി വിധി.
ജയിലിൽ പാർപ്പിക്കാൻ തക്കവണ്ണമുള്ള മറ്റ് കേസുകളൊന്നും ഇല്ലെങ്കിൽ, ശോഭരാജിനെ ഇന്ന് തന്നെ മോചിപ്പിക്കാനും 15 ദിവസത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങാനും ഉത്തരവിടുന്നു എന്ന് കോടതി വിധിയിൽ പറയുന്നു.
പ്രശ്നകരമായ ബാല്യത്തിനും ചെറിയ കുറ്റകൃത്യങ്ങൾക്ക് ഫ്രാൻസിൽ നിരവധി തവണ ജയിൽവാസം അനുഭവിക്കുകയും ചെയ്ത ശേഷം, 1970കളുടെ തുടക്കത്തിൽ ശോഭരാജ് ലോകംചുറ്റി തായ് തലസ്ഥാനമായ ബാങ്കോക്കിൽ താമസം തുടങ്ങി.
മയക്കുമരുന്ന് നൽകുകയും കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിന് മുമ്പ്, ഇരകളെ ആകർഷിക്കുകയും അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ശോഭരാജിന്റെ പ്രവർത്തനരീതി.
1975ൽ പട്ടായ കടൽത്തീരത്ത് ബിക്കിനി ധരിച്ച നിലയിൽ ഒരു അമേരിക്കൻ യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ഇതിനു പിന്നിൽ ശോഭരാജാണെന്ന് വ്യക്തമാവുകയുമായിരുന്നു. അതായിരുന്നു ആദ്യമായി ശോഭരാജ് പ്രതിയായ കേസ്. പിന്നീടും കൊലപാതകങ്ങൾ ആവർത്തിച്ച ശോഭരാജ് 20ഓളം പേരെയാണ് പലയിടങ്ങളിലായി വകവരുത്തിയത്.
ഇരകളെ കഴുത്ത് ഞെരിച്ചോ തല്ലിയോ കൊല്ലുകയും കത്തിക്കുകയുമൊക്കെയാണ് ഇയാൾ ചെയ്തത്. തന്റെ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ ഇയാൾ പലപ്പോഴും ഇരകളായ പുരുഷന്മാരുടെ പാസ്പോർട്ടുകൾ ഉപയോഗിക്കുകയും ചെയ്തു. ഇത്തരത്തിൽ പൊലീസിനെ വെട്ടിച്ച് രക്ഷപെടുകയായിരുന്നു ഇയാളുടെ രീതി.
1976ൽ ഒരു ഫ്രഞ്ച് വിനോദസഞ്ചാരിയെ കൊലപ്പെടുത്തിയ കേസിൽ ശോഭരാജ് ഇന്ത്യയിൽ അറസ്റ്റിലായിരുന്നു. ഡൽഹിയിലെ ഒരു ഹോട്ടലിൽ നടന്ന ഈ കൊലപാതകവുമായി ബന്ധപ്പെട്ട് 12 വർഷത്തെ തടവിന് ഇയാൾ ശിക്ഷിക്കപ്പെട്ടു.
എന്നാൽ 1986ൽ രക്ഷപ്പെടുകയും ഗോവയിൽ നിന്ന് വീണ്ടും പിടിക്കപ്പെടുകയും ചെയ്തു. ഈ കേസിൽ 1997ൽ ജയിൽ മോചിതനാവുകയും പാരീസിലേക്ക് തിരിച്ചുപോവുകയും ചെയ്തു. എന്നാൽ 2003ൽ നേപ്പാളിലേക്ക് വണ്ടി കയറി. അങ്ങനെ കാഠ്മണ്ഡുവിലെത്തുകയും വിനോദ സഞ്ചാരികളെ കൊന്ന കേസിൽ അറസ്റ്റിലാവുകയുമായിരുന്നു.
1975ൽ തന്നെ അമേരിക്കൻ വിനോദസഞ്ചാരിയായ കോണി ജോ ബ്രോൻസിച്ചിനെ കൊലപ്പെടുത്തിയതിന് അടുത്ത വർഷം അവിടെയുള്ള ഒരു കോടതി ചാൾസിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം ബ്രോൻസിച്ചിന്റെ കനേഡിയൻ സഹയാത്രികനെ കൊലപ്പെടുത്തിയതിനും ചാൾസിനെ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
2008ൽ ജയിലിലായിരിക്കെ, നേപ്പാളിലെ അഭിഭാഷകന്റെ മകളും തന്നേക്കാൾ 44 വയസ് ഇളയതുമായ നിഹിത ബിശ്വാസിനെ ശോഭരാജ് വിവാഹം കഴിച്ചു. സിനിമാക്കഥകളെ വെല്ലുന്ന ചാൾസ് ശോഭരാജിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ "ദി സർപ്പന്റ്" എന്ന പേരിലുള്ള സീരീസ് വൻ ഹിറ്റായിരുന്നു.