പാകിസ്താനിലെ സ്കൂളിൽ വെടിവെപ്പ്; ഏഴ് അധ്യാപകർ കൊല്ലപ്പെട്ടു
|തോക്കുമായെത്തിയ അജ്ഞാതർ താരി മംഗൾ ഗവൺമെൻറ് ഹൈസ്കൂളിലെ സ്റ്റാഫ് റൂമിലിരുന്ന അധ്യാപകർക്കെതിരെ വെടിവെക്കുകയായിരുന്നുവെന്ന് പ്രാദേശിക പൊലീസ്
ലാഹോർ: പാകിസ്താനിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ നിരവധി അധ്യാപകർ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ അപ്പർ കുറമിലെ സ്കൂളിലുണ്ടായ സംഭവത്തിൽ ചുരുങ്ങിയത് ഏഴ് അധ്യാപകരെങ്കിലും കൊല്ലപ്പെട്ടതായി ജിയോ ടി.വി റിപ്പോർട്ട് ചെയ്തു. ഖൈബർ പഖ്തൂൺഖ്വയിലെ അപ്പർ കുറം തെഹ്സീലിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തോക്കുമായെത്തിയ അജ്ഞാതർ താരി മംഗൾ ഗവൺമെൻറ് ഹൈസ്കൂളിലെ സ്റ്റാഫ് റൂമിലിരുന്ന അധ്യാപകർക്കെതിരെ വെടിവെക്കുകയായിരുന്നുവെന്ന് പ്രാദേശിക പൊലീസ് പറഞ്ഞു. പരീക്ഷ ഡ്യൂട്ടിക്കായുള്ള കാര്യങ്ങൾ നിർവഹിക്കുകയായിരുന്നു അധ്യാപകർ. പ്രദേശത്തെ ആശുപത്രികളിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിച്ചിരിക്കുകയാണ്.
അപ്പർ കുറമിലെ പാരാചിനാറിലുണ്ടായ മറ്റൊരു സംഭവത്തിൽ അധ്യാപകൻ കൊല്ലപ്പെട്ടു. കാറിൽ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് ഷരീഫാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹവും അതേ സ്കൂളിലെ അധ്യാപകനാണ്. സംഭവത്തെ തുടർന്ന് പരീക്ഷകൾ നിർത്തിവെച്ചു. സ്കൂളുകളിൽ വെടിവെപ്പ് പാകിസ്താനിൽ വിരളമായാണ് നടന്നിട്ടുള്ളത്. 2016 ഡിസംബറിൽ പെഷാവറിലെ സൈനിക സ്കൂളിലുണ്ടായ ബോംബ് ആക്രമണത്തിലും വെടിവെപ്പിലും 140ലേറെ പേർ കൊലലപ്പെട്ടിരുന്നു.
Seven teachers were killed in a school shooting in Pakistan